നിന്റെ കിരീടം ആരും കവർന്നെടുക്കാൻ പാടില്ല

ജിന്‍സി സന്തോഷ്‌

‘ഒന്നും കാണാനില്ലങ്കിൽ പിന്നെ എന്തിനാണ് വിളക്ക്’ എന്നതു പോലെ തന്നെ ചെയ്തുതീർക്കാന്‍ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണീ ജീവിതം? ഈ ഭൂമിയിൽ ദൈവം എനിക്കൊരു ജീവിതം അനുവദിച്ചെങ്കിൽ അത് എന്നിലൂടെ പൂർത്തീകരിക്കേണ്ട ചില ദൈവീകപദ്ധതികൾക്കു വേണ്ടിയാണ്. നിശ്ചലമായ ക്ലോക്ക് പോലും ദിവസത്തിൽ രണ്ടു പ്രാവശ്യം സമയം കാണിക്കാൻ നിയോഗിക്കപ്പെടുന്നെങ്കിൽ ഞാനറിയണം, എനിക്കു മാത്രം ചെയ്യാൻ കഴിയുന്ന ചില ഉത്തരവാദിത്വങ്ങൾ ദൈവം എന്നെ ഭരമേല്പിച്ചിട്ടുണ്ടെന്ന്.

ലോകത്തിന്റെ നൈമിഷികസുഖങ്ങളുടെ പിന്നാലേ ഞാൻ ഓടുമ്പോൾ, ഭരമേല്പിക്കപ്പെട്ടിരിക്കുന്നവ ഭാരമായി തോന്നുമ്പോൾ, വിളിച്ചവനോടുള്ള വിശ്വസ്തയിൽ നിന്നു ഞാൻ വ്യതിചലിക്കുമ്പോൾ, എന്റെ ജീവിതം സ്വർഗത്തിന്റെ കണ്ണീരാണ്. ദൈവത്തിന്റെ പദ്ധതികളെ മനുഷ്യന് പരാജയപ്പെടുത്താൻ സാധിക്കില്ല.
ജീവിതയാത്രയിൽ പൂർത്തിയാക്കാൻ നിനക്കൊരു നിയോഗമുണ്ട്. സഭയാകുന്ന ശരീരത്തിൽ ഒരോ ക്രൈസ്തവനും ചെയ്തുതീർക്കാനുള്ള ചെറുതും വലുതുമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്.

ദൈവം നിന്നെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്ക് ഈ ഭൂമിയിലെ ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. നീ അതിനെ നിസ്സാരമായി കാണരുത്. നീ പിന്മാറിയാൽ നിന്റെ സ്ഥാനത്ത് മറ്റൊരാളെ തന്റെ പദ്ധതി നടപ്പാക്കാൻ ദൈവം കണ്ടെത്തും. നീ ദൈവസന്നിധിയിൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്യും. ആകാരവടിവോ, ഉയരമോ അല്ല കർത്താവ് നോക്കുന്നത്. ആരുടെയും അയോഗ്യതയുടെ ആഴമോ, യോഗ്യതയുടെ ഉന്നതിയോ അവിടുന്ന് പരിഗണിക്കില്ല. ദൈവികപദ്ധതിയിൽ ഒരു മനുഷ്യൻ കാണിക്കുന്ന വിശ്വസ്തതയാണ് അയാളിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ സ്വർഗം കണക്കാക്കുന്ന യോഗ്യത.

ഇന്ന് ദൈവം തരുന്ന പ്രേരണ നാളെ നിനക്ക് ലഭിക്കണമെന്നില്ല. അവിടുത്തെ വിളിയുടെ നിമിഷത്തിനു വേണ്ടി നൈമിഷികതയെ ദൂരെയെറിയാൻ മനസ്സിനെ ചിട്ടപ്പെടുത്താം. നിത്യതയോളം എത്തുന്ന നിത്യതയെ പോലും അതിലംഘിക്കുന്ന നിങ്ങളുടെ പ്രത്യുത്തരങ്ങൾ. “നിന്റെ കിരീടം ആരും കവർന്നെടുക്കാൻ പാടില്ല” (വെളി. 3:11).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.