ദൈവഹിതത്തിന് തടസം നിൽക്കാത്തവരാകുക

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ്‌ അവനെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ തടസ്സം പറയാന്‍ തുടങ്ങി. യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട്‌ പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്‌.” (മര്‍ക്കോ. 8 : 32-33)

മലങ്കാക്കകൾ

നോഹയുടെ പേടകത്തിൽ നിന്ന് പറത്തിവിട്ട മലങ്കാക്കയെ പോലെയുണ്ട് ചിലർ. പ്രതീക്ഷയുടെ ഒരു തുണ്ട് കണ്ടെത്താനും കൊടുക്കാനും ഇല്ലാത്തവർ. ദാ, ഇവിടെ ശിഷ്യ പ്രമുഖനായ പത്രോസും! മേലും കീഴും നോക്കാതെ കയറി ചെക്ക് പറയുന്നത് സാക്ഷാൽ ദൈവം തമ്പുരാനോടാണ്. അവനിലൂടെ പൂർത്തിയാകേണ്ട ദൈവീക പദ്ധതികളോടാണ്.

എപ്പോഴും എല്ലാത്തിലും നെഗറ്റീവ് കാണുകയെന്നതും അതിനെപ്പറ്റി വീണ്ടും വീണ്ടും പറയുകയെന്നതും ചിലരുടെ ഒരു രീതിയാണ്. ഒന്നും ചെയ്യില്ല, എന്തെങ്കിലും ഒന്ന് ചെയ്യാൻ ആരെയും അനുവദിക്കുകയുമില്ല. ഒരു നന്മയെ പോലും കിളിർക്കാൻ സമ്മതിക്കാത്ത മണൽക്കാടുകൾ. ക്രിസ്തു അവനെ അഭിസംബോധന ചെയ്യുന്നത് “സാത്താനേ” എന്ന് തന്നെയാണ്. ദൈവികപദ്ധതികൾക്ക് എതിര് നിൽക്കുന്ന വരോടുള്ള വല്ലാത്തൊരു ഓർമപ്പെടുത്തൽ.

മലങ്കാക്കയ്ക്ക്‌ പിന്നാലെ ഒരു വെള്ളരിപ്രാവിനേക്കൂടി നോഹ പറത്തിവിട്ടത്രേ. വന്നതോ, പച്ചിലത്തുമ്പുമായി. എൻ്റെ സുഹൃത്തേ, രണ്ട് രീതിയിലും ജീവിക്കാനാവും.
“ഒന്നും ശരിയാകാൻ പോണില്ല”യെന്ന് പറയുന്ന മലങ്കാക്കയായും. “ദാ, തൊട്ടപ്പുറത്ത് തന്നെ അടുക്കാൻ ഒരു തീരമുണ്ടെ”ന്ന് പറഞ്ഞ് ചിറകടിക്കുന്ന വെള്ളരിപ്രാവായും.

അജോച്ചൻ