കോഴിമുട്ടയും ചിക്കുടിക്കായയും ചേർത്തൊരു ഭക്ഷണം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആന്ധ്രയിൽ സേവനം ചെയ്യുന്ന സമയം. വില്ലേജുകളിൽ കുർബാനക്കു പോകുമ്പോൾ വീടുകളിലാണ് ഭക്ഷണം ക്രമീകരിക്കുക.

ഒരു ദിവസം വില്ലേജിലെ കുർബാന കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പോയത് വയോവൃദ്ധയായ ഒരു വിധവയുടെ ഭവനത്തിലായിരുന്നു. പനയോല മേഞ്ഞ കൂര.

ഞാൻ സന്തോഷത്തോടെ അവിടെയിരുന്ന് ഭക്ഷണം കഴിച്ചു. കോഴിമുട്ടയും നമ്മുടെ നാട്ടിലെ അമരപ്പയർ പോലുള്ള ചിക്കുടിക്കായയുമായിരുന്നു കറി. ഭക്ഷണശേഷം ‘എല്ലാം നന്നായിരിക്കുന്നു’ എന്നു പറഞ്ഞ് അവർക്കു വേണ്ടി പ്രാർത്ഥിച്ച് യാത്ര പറഞ്ഞപ്പോൾ ആ സ്ത്രീ കരയുകയായിരുന്നു.

എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചു. “അച്ചനറിയുമോ, എന്റെ ഈ കൂരയിൽ ആദ്യമായാണ് ഒരു വൈദികൻ വരുന്നതും ഭക്ഷണം കഴിക്കുന്നതും. ദൈവത്തോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിഞ്ഞു കൂടാ…”

അവരെ ചേർത്തു നിർത്തിക്കൊണ്ട് ഞാൻ പറഞ്ഞു: “അമ്മക്കറിയുമോ, ഇതു പോലൊരു ചെറിയ വീട്ടിൽ നിന്നാണ് ഞാനും വരുന്നത്. ഇവിടെയിരുന്ന് ഭക്ഷണം കഴിച്ചതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഇനിയും ഞാൻ വരും. അന്ന് വരുമ്പോൾ എനിക്ക് മീൻകറി ഉണ്ടാക്കിത്തരണേ.”

“തീർച്ചയായും തരാം അച്ചാ…” എന്റെ കരം ചുംബിച്ചുകൊണ്ട് അവർ നിറഞ്ഞ ചിരിയോടെ മറുപടി നൽകി.

പിന്നെയും അവരുടെ ഭവനത്തിൽ ഞാൻ പല തവണ പോയിട്ടുണ്ട്. അവിടെ നിന്നും സ്ഥലം മാറിപ്പോയതിനു ശേഷം ഒരുനാൾ അവരുടെ മരണവാർത്ത കാതുകളിലെത്തിയപ്പോൾ ആ സ്ത്രീയുടെ മുഖത്തെ അന്നത്തെ സന്തോഷമായിരുന്നു മനസിൽ നിറഞ്ഞുനിന്നത് (മുമ്പൊരിക്കൽ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ടോ എന്ന് ഓർമ്മയില്ല. രണ്ടാമത് വീണ്ടും വായിച്ചവർ ക്ഷമിക്കുക).

പദവിയും അന്തസും മാത്രം നോക്കി വ്യക്തികളുമായി ഇടപെടുമ്പോഴും സമൂഹത്തിൽ നിലയും വിലയുമുള്ളവരുടെ ഭവനങ്ങളിൽ മാത്രം പോകുമ്പോഴും ദൈവകൃപയുടെ നീർച്ചാലുകളാണ് നമുക്ക് നഷ്ടമാകുന്നത് എന്ന് ഓർമ്മ വേണം. നാം കടന്നുചെല്ലണമെന്നും നമ്മുടെ സാനിധ്യം ഒരു അനുഗ്രഹമാണെന്നും ആഗ്രഹിക്കുന്നവരുടെ ഭവനങ്ങളിൽ നമ്മൾ കടന്നുചെല്ലുമ്പോൾ സത്യത്തിൽ അവരല്ല അനുഗ്രഹിക്കപ്പെടുന്നത്; അവരിലെ എളിമയിലൂടെയും വിശുദ്ധിയിലൂടെയും നമ്മൾ തന്നെയാണ് അനുഗ്രഹിക്കപ്പെടുക.

അങ്ങനെ ഒരു അനുഗ്രഹമാണ് അന്ന് പരിശുദ്ധ അമ്മക്കും ലഭിച്ചത്. അവൾ കടന്നുചെന്നത് വൃദ്ധയായ എലിസബത്തിന്റെ ഭവനത്തിൽ. മറിയത്തിന്റെ സാനിധ്യത്തിൽ എലിസബത്തിന്റെ ഉദരത്തിൽ യോഹന്നാൻ നൃത്തം ചെയ്യുന്നുണ്ട്. ആ കുടുംബം അന്ന് അനുഗ്രഹിക്കപ്പെട്ടു. എന്നാൽ അതിനേക്കാൾ വലിയ അനുഗ്രഹമാണ് പരിശുദ്ധ അമ്മക്കു ലഭിച്ചത്: “എന്റെ കര്‍ത്താവിന്റെ അമ്മ” (ലൂക്കാ 1: 43) എന്ന് ഭൂമിയിൽ ആദ്യമായി മറിയത്തെ വിളിച്ചത് എലിസബത്താണ്. അത് ഒരു ഓർമ്മപ്പെടുത്തലും അംഗീകാരവും അനുഗ്രഹവുമാണ്.

എലിസബത്തിന്റെ ആ വാഴ്ത്തൽ ഇല്ലായിരുന്നുവെങ്കിൽ “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ…” എന്ന പ്രാർത്ഥന പോലും ഉണ്ടാകുമായിരുന്നില്ല. നമ്മുടെ അശ്രദ്ധയും അഹങ്കാരവും മൂലം ദൈവാനുഗ്രഹം ചോർന്നുപോയ നിമിഷങ്ങൾ ഓർത്തെടുത്ത് മാപ്പിരക്കാം. എളിമപ്പെടാനുള്ള കൃപക്കു വേണ്ടി പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.