പപ്പയുടെ ചക്കര

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പോസ്റ്റ് ഗ്രാഡുവേഷന് പഠിക്കുന്ന ഒരു യുവതിയെ പരിചയമുണ്ട്. ഹോസ്റ്റലിലാണ് താമസം. അവളും അവളുടെ പപ്പയും തമ്മിൽ വലിയ ഒരു ആത്മബന്ധമാണ്. പപ്പയുടെ ഫോൺ വന്നാൽ രഹസ്യങ്ങൾ പറയാനും കുസൃതികൾ പങ്കുവയ്ക്കാനുമായി അവൾ കൂട്ടുകാർക്കിടയിൽ നിന്നും മാറി നിൽക്കുന്നത് പതിവാണ്.

കുഞ്ഞുനാൾ മുതൽ പപ്പ അവളോട് ആവർത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “മോള് പപ്പയുടെ ആരാ…..?” ആ ചോദ്യത്തിന് അവൾ ചിണുങ്ങിക്കൊണ്ട് മറുപടി നൽകും: “പപ്പയുടെ ചക്കര…”

മകൾ വലുതായിട്ടും പപ്പയുടെ ചോദ്യത്തിനും മകളുടെ ഉത്തരത്തിനും വ്യത്യാസം വന്നിട്ടില്ല. ഇടയ്ക്കിടെ “പപ്പയുടെ ചക്കരേ…” എന്ന് കൂട്ടുകാർ അവളെ കളിയാക്കി വിളിക്കാറുണ്ട്. ഇന്നവൾ വിവാഹിതയാണ്. ഇപ്പോഴും അദ്ദേഹം ഫോൺ വിളിക്കുമ്പോൾ അതേ ചോദ്യം ആവർത്തിക്കും. അവൾ സന്തോഷത്തോടെ പഴയ മറുപടിയും നൽകും. ഇവരുടെ ഈ ആത്മബന്ധം എന്നെ വല്ലാതെ സ്പർശിച്ചു. ഇന്ന് പല കുടുംബങ്ങളിലും മക്കൾ വളരുന്നതോടെ മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ തീക്ഷ്ണതയും സുതാര്യതയും കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്ന് ഫോൺ വരുമ്പോൾ അറ്റൻഡ് ചെയ്യാൻ ഇഷ്ടമില്ലാത്തവരും തിരിച്ച് വിളിക്കാൻ സമയമില്ലാത്തവരുമായ മക്കൾ വർദ്ധിച്ചു വരികയല്ലെ? അതുപോലെ തന്നെ പ്രായപൂർത്തിയായ മക്കളുമായ് പല കാര്യങ്ങളും തുറന്ന് പങ്കുവയ്ക്കാനും മാതാപിതാക്കൾക്ക് കഴിയുന്നില്ലെന്നതും യാഥാർത്ഥ്യമാണ്.

ഇവിടെയാണ് ക്രിസ്തുവും പിതാവും തമ്മിലുള്ള ആത്മബന്ധം നമുക്കൊരു വെല്ലുവിളിയാകുന്നത്. “ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാൻ പറയുന്നതു വിശ്വസിക്കുവിന്‍.” (യോഹന്നാന്‍ 14:11)

ക്രിസ്തുവിന്റെ ഈ വാക്കുകൾ നമ്മുടെ കുടുംബബന്ധങ്ങളുമായ് ചേർത്തു വായിക്കുന്നത് ഉചിതമാണ്. ഒരു വൃക്ഷം വളരുന്തോറും ഭൂമിയുടെ ആഴങ്ങളിലേക്ക് വേരുകൾ ഇറക്കുന്നതു പോലെ മക്കൾ വളരുന്തോറും മാതാപിതാക്കളിലേക്കുള്ള വേരോട്ടം വർദ്ധിക്കട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാം. അങ്ങനെയുള്ള മക്കൾ കുടുംബ ബന്ധങ്ങളിൽ നിന്നും ഒരിക്കലും അകലുകില്ല.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.