ഈശോ, കുഞ്ഞു സാവിയോയോട് പറഞ്ഞത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സാവിയോ എന്ന യുവാവിനെക്കുറിച്ച് ഒരിക്കൽ ഞാൻ എഴുതിയിരുന്നു. അമ്മയുടെ ഉദരത്തിൽ മരിച്ചെന്നു കരുതി, ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ടവൻ. എന്നാൽ ഒരു നഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം ജീവനിലേക്ക് തിരിച്ചെത്തിയവൻ. നിരങ്ങാനോ, എഴുന്നേൽക്കാനോ കഴിയാതെ അമ്മത്തണലിൽ ഇന്നും ജീവിക്കുന്ന വിശുദ്ധജന്മം. ഹയർ സ്റ്റഡീസ് പൂർത്തിയാക്കിയ സാവിയോ തന്റെ ക്ലേശകരമായ ജീവിതത്തിനിടയിലും രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവൻ അയച്ചുതന്ന ആ പുസ്തകങ്ങൾ കൈപ്പറ്റി.

‘സാഫ്നത്ത് ഫാനെയ’ എന്ന പുസ്തകത്തിൽ സാവിയോ എഴുതിയ അനുഭവങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. ഒരിക്കൽ സാവിയോയുടെ അമ്മ അവനോട് പറഞ്ഞു: “തല നിവർത്തി വയ്ക്കടാ…” എങ്ങനെ പരിശ്രമിച്ചിട്ടും സാവിയോക്ക് അതിനു കഴിഞ്ഞില്ല. വേദനയോടെ സാവിയോ ഈശോയുടെ തിരുഹൃദയത്തെ നോക്കി: “ഈശോയേ, എന്റെ തല കണ്ടോ? എത്ര നിവർത്തി വയ്ക്കാൻ ശ്രമിച്ചാലും ചെരിഞ്ഞുപോകുന്നു.”

ഈശോയുടെ രൂപം ചെറുപുഞ്ചിരിയോടെ അവനോട് പറയുന്നതു പോലെ തോന്നി: “നീ എന്റെ തല കണ്ടോ? ജനിച്ചപ്പോൾ മുതൽ വലത്തോട്ട് ചരിഞ്ഞിരിക്കുകയാണ്. എന്റെ അമ്മയുടെ തല കണ്ടിട്ടില്ലേ? അതാണെങ്കിൽ അൽപം ഇടത്തോട്ടാണ് ചരിഞ്ഞിരിക്കുന്നത്. നമ്മുടെയൊക്കെ തലയ്ക്ക് ചെറിയ ചെരിവുണ്ടെന്നേ, സാരമില്ല.”

സന്തോഷത്തോടെ സാവിയോ അമ്മയെ വിളിച്ചു. ഈശോയുടെ ശിരസും ചരിഞ്ഞിരിക്കുന്ന കാര്യം പറഞ്ഞു. അമ്മ അവനെയും തിരുഹൃദയരൂപത്തെയും മാറിമാറി നോക്കി. പിന്നീടൊരിക്കലും തല നിവർത്തി വയ്ക്കാൻ അവനോട് അമ്മ പറഞ്ഞിട്ടില്ലത്രെ!

സാവിയോയുടെ പുസ്തകത്തിന്റെ അവസാന പേജിൽ ഇങ്ങനെ കുറിക്കുന്നുണ്ട്: “പണ്ടേ ഞാൻ ഈശോയോട് പറഞ്ഞതാണ് ഭൂമിയിലേക്ക് പോകുന്നില്ലെന്ന്. ഒന്നു കറങ്ങിയിട്ട് വരാൻ പറഞ്ഞ് ഈശോ നിർബന്ധിക്കുകയായിരുന്നു. കറക്കം കഴിഞ്ഞ് ഈശോയുടെ വീട്ടിൽ എത്താൻ ഞാൻ കാത്തിരിക്കുന്നു. എന്റെ സിംഹാസനം കരസ്ഥമാക്കാൻ…”

ദൈവത്തിന്റെ സ്വപ്നമാണ് ഓരോ ജീവനും. ആ ജീവനിൽ ഭിന്നശേഷിയുള്ളവരും ആകാരവടിവുള്ളവരുമെല്ലാം ഉൾപ്പെടും. അവിടുന്ന് നിർബന്ധിക്കുന്നതു കൊണ്ടും ലോകം ചുറ്റിക്കാണാൻ അനുവദിക്കുന്നതു കൊണ്ടുമാണ് നമ്മളെല്ലാം ഈ ഭൂമിയിൽ എത്തിച്ചേരുന്നത്. ഇവിടുത്തെ യാത്രികരായ നമ്മൾ ഈ ലോകമാണ് സർവ്വമെന്നു കരുതുമ്പോൾ രോഗപീഡകൾ നമ്മെ അസ്വസ്ഥരാക്കുന്നു. ദുരന്തങ്ങൾ നമ്മെ തകർത്തു കളയുന്നു. അറിഞ്ഞോ അറിയാതെയോ ദൈവത്തേക്കാളുപരി ലോകത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് അങ്ങനെയെല്ലാം സംഭവിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ രക്ഷയ്ക്കു വേണ്ടി തന്റെ ഏകജാതനെ അവിടുന്ന് ഭൂമിയിലേക്കയച്ചതും (യോഹ 3:16).

നമ്മെ ദൈവം എത്രമാത്രം സ്നേഹിക്കുന്നെന്നും നിത്യതയാണ് നമ്മുടെ ലക്ഷ്യമെന്നും തിരിച്ചറിഞ്ഞാൽ ഏതു വലിയ പ്രതിസന്ധികൾക്കു നടുവിലും ആനന്ദിക്കാൻ നമുക്ക് വകയുണ്ടാകും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.