എന്നിട്ടും നീയെന്നെ സ്നേഹിക്കുന്നു?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

നിസ്സാര കാര്യത്തിന് രണ്ട് സഹോദരങ്ങൾ തമ്മിൽ വഴക്കായി. വഴക്ക് മൂത്തപ്പോൾ ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ അനുജൻ, ജേഷ്ഠനു നേരെ പ്രയോഗിച്ചു. “എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോണം. ഇവിടെ ആരേലും ചത്താൽപ്പോലും ഇങ്ങോട്ട് കയറിപ്പോകരുത്. അതല്ല, ഇനിയും വെല്ലുവിളിച്ച് കയറാനാണ് ഭാവമെങ്കിൽ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും!”

താഴ്ന്ന ശിരസോടെ ജേഷ്ഠൻ അനുജന്റെ വീട്ടിൽ നിന്നിറങ്ങി. അധികം ദിവസം കഴിയുന്നതിനു മുമ്പ് ഒരു അപകടത്തിൽ അനുജന്റെ നട്ടെല്ലിന് ക്ഷതമേറ്റു. ശരീരം തളർന്ന് അയാൾ കിടപ്പിലായി. ചികിത്സക്കായി പണമേറെ ചെലവായി. മരുന്നിനു പോലും പണം തികയാത്ത ദിനങ്ങൾ. കടക്കാർ പലരും വീട്ടിൽ വന്ന് ബഹളമായി.

അപ്രതീക്ഷിതമായി ഒരു ദിവസം ജേഷ്ഠൻ അനുജന്റെ വീട്ടിലേക്ക് കയറിച്ചെന്നു. ചേട്ടനെ കണ്ട അനുജന്റെ ശബ്ദമുയർന്നു: “നിങ്ങളോട് ഇങ്ങോട്ട് കയറരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്?”

ഭർത്താവിനെ തടഞ്ഞു കൊണ്ട് അയാളുടെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: “നിങ്ങൾ എന്തറിഞ്ഞിട്ടാണ് ചേട്ടനോട് കയർക്കുന്നത്? അന്ന് മദ്യലഹരിയിൽ വീട്ടിൽ നിന്ന് ചേട്ടനെ ആട്ടിയിറക്കിയിട്ടും നിങ്ങളോട് അദ്ദേഹം പക വച്ചുപുലർത്തിയില്ലല്ലോ. നിങ്ങൾക്കറിയുമോ, ആശുപത്രി ബിൽ അടച്ചതും നിങ്ങൾ ആശുപത്രി ബഡ്ഡിൽ ബോധമില്ലാതെ കിടന്നപ്പോൾ മരുന്ന് വാങ്ങിത്തന്നതും ഇപ്പോൾ നിങ്ങൾ കഴിക്കുന്ന ഈ ചോറു പോലും ചേട്ടൻ മനസറിഞ്ഞ് നൽകിയതാണ്. കഴിഞ്ഞയാഴ്ച വരെ ഇവിടെ കയറിയിറങ്ങിയ കടക്കാരുടെ ബാധ്യത തീർക്കാൻ സ്വന്തം സ്ഥലത്തിന്റെ ഒരു ഭാഗം മുറിച്ചു വിറ്റതും ചേട്ടൻ തന്നെയാണ്. ഇതൊന്നും നിങ്ങൾ അറിയരുതെന്ന് ചേട്ടന് നിർബന്ധമായിരുന്നു.”

ഭാര്യയുടെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ ഇടിത്തീ പോലെ വീണു. അനുതാപക്കണ്ണീരാൽ അയാളുടെ കവിൾത്തടം നനഞ്ഞു. അടുത്തു നിന്ന ചേട്ടന്റെ കരം പിടിച്ച് അയാൾ വിതുമ്പി: “ഞാൻ ഇത്രമാത്രം ദ്രോഹിച്ചിട്ടും എന്തിനെന്നെ സ്നേഹിക്കുന്നു?”

“നീ എന്റെ കൂടപ്പിറപ്പും ഞാൻ നിന്റെ ചേട്ടനും ആയതുകൊണ്ട്…”

അനുജന്റെ ശിരസിൽ തലോടിക്കൊണ്ട് അദ്ദേഹം തുടർന്നു. “ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ വീട്ടിൽ ആരും നിന്നെ ശല്യം ചെയ്കയില്ല. നിന്റെ എന്ത് ആവശ്യത്തിനും കൂടെ ഞാനുണ്ട്.”

ചേട്ടൻ യാത്രയായപ്പോൾ അനുജൻ ഭാര്യയോട് പറഞ്ഞു: “ഇത്ര നല്ല കൂടപ്പിറപ്പിനെ മനസിലാക്കാൻ എന്റെ ശരീരം തളരേണ്ടി വന്നു. ഇനിയെനിക്ക് മരിച്ചാലും കുഴപ്പമില്ല…”

അപ്രതീക്ഷിത സമയത്ത് നമ്മിൽ എത്തിച്ചേരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുമ്പോഴാണ് ദൈവദൃഷ്ടിയിൽ നമ്മളിപ്പോഴും വിലപ്പെട്ടവരാണെന്ന് തിരിച്ചറിയുക. അതു തന്നെയാണ് വൃദ്ധയായ എലിസബത്തിനും സംഭവിച്ചത്. വന്ധ്യ, പ്രസവിക്കാത്തവൾ, ഉദരം അടക്കപ്പെട്ടവൾ… എന്നിങ്ങനെയുള്ള അടക്കം പറച്ചിലുകൾ എത്രയോ തവണ അവൾ കേട്ടിട്ടുണ്ടാകും. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാതിരിക്കാൻ പല കൂടിച്ചേരലുകളും അവൾ ഒഴിവാക്കിയിരിക്കണം. പ്രതീക്ഷയുടെ വാതായനങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ട ആ ദിനങ്ങളിലാണ് വന്ധ്യയായ അവളുടെ ഉദരത്തിൽ ശിശുവിന്റെ കാലുകൾ ദൈവം ചലിപ്പിക്കുന്നത്. ആത്മനിർവൃതിയോടെ അവൾ പറഞ്ഞു: “മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ്‌ എന്നെ കടാക്ഷിച്ച്‌ എനിക്ക്‌ ഇതു ചെയ്‌തു തന്നിരിക്കുന്നു” (ലൂക്കാ 1:25).

അനുദിന ജീവിതത്തിൽ മറ്റുള്ളവരുടെ അപമാനങ്ങൾ നീക്കിക്കളയാനുള്ള പരിശ്രമങ്ങൾ നമ്മിലുണ്ടാകട്ടെ. നമ്മുടെ ഇടപെടലുകൾ മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം വീശുന്നതുമാകട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.