ചില ഇഷ്ടങ്ങളോട് ‘നോ’ പറഞ്ഞു നോക്കൂ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഭക്ഷണപ്രിയനായ ഒരു മനുഷ്യനെ അറിയാം. കപ്പ, ചോറ്, കോഴി, ബീഫ്, പന്നി എന്നിങ്ങനെയായിരുന്നു ഇയാളുടെ ഇഷ്ടവിഭവങ്ങൾ. ഭക്ഷണകാര്യം പറഞ്ഞാണ് അയാൾ ഭാര്യയുമായ് നിരന്തരം വഴക്കിടുന്നത്.

ഷുഗറും കൊളസ്ട്രോളും ക്രമാതീതമായി വർദ്ധിച്ചിട്ടും ഡോക്ടർമാർ വിലക്കിയിട്ടും ഭക്ഷണം നിയന്ത്രിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. ആശുപത്രികൾ മാറിമാറി പരീക്ഷിച്ചിട്ടും എല്ലാ ഡോക്ടർമാർക്കും ഒന്നു മാത്രമേ പറയാനുള്ളൂ: “മരുന്ന് കഴിച്ചതുകൊണ്ടു മാത്രം ഫലമില്ല, ഭക്ഷണം നിയന്ത്രിക്കണം. വ്യായാമം ചെയ്യണം.”

അങ്ങനെ പറയുന്ന ഡോക്ടർമാരെ അയാൾ വെറുത്തു. ഒരു രോഗവുമില്ലാതെ ഇഷ്ടം പോലെ ഭക്ഷണം കഴിക്കുന്നവരെ അയാൾ ഉദാഹരിച്ചു. പക്ഷേ എങ്ങനെ നോക്കിയിട്ടും അയാളുടെ രോഗം തെല്ലും കുറഞ്ഞില്ല. അവസാനം ആരുടെയോ വാക്കു കേട്ട് അയാൾ ഒരു സീനിയർ ഫിസീഷ്യനെ കാണാൻ പോയി. ഡോക്ടർ അയാളോട് ചോദിച്ചു: “ഭക്ഷണം നിയന്ത്രിക്കാൻ കഴിയുന്നില്ല അല്ലേ?”

“അതെ” അയാൾ പറഞ്ഞു.

“വ്യായാമമോ?”

“അതും പറ്റുന്നില്ല ഡോക്ടർ”

“സാരമില്ല, ഇനി മുതൽ ഒരു വ്യായാമവും ചെയ്യേണ്ട. ഇഷ്ടമുള്ളത് കഴിക്കുകയും ചെയ്യാം.”

ഡോക്ടറുടെ ആ വാക്കുകൾ അയാൾക്ക് വിശ്വസിക്കാനായില്ല. വിടർന്ന കണ്ണുകളോടെ അയാൾ ഡോക്ടറുടെ മുന്നിലേക്ക് കസേര അടുപ്പിച്ചിട്ട് ചോദിച്ചു: “സത്യമാണോ ഡോക്ടർ പറയുന്നത്? ഇതുവരെ ഒരു ഡോക്ടറും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല.”

പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു: “ഞാൻ പറഞ്ഞത് സത്യമാണ്. താങ്കൾക്ക് ഭക്ഷണത്തിന് ഇനി മുതൽ ഒരു നിയന്ത്രണവും വേണ്ട. എന്തെന്നാൽ മൂന്നാലു മാസങ്ങൾക്കുള്ളിൽ താങ്കൾക്ക് അറ്റാക്ക് വരും! അതുകൊണ്ട് ഇനിയുള്ള കാലവും ഇതുവരെ ജീവിച്ചതു പോലെ തിന്നും കുടിച്ചും ശരീരമനങ്ങാതെ ജീവിച്ചോളൂ!”

ഇടിവെട്ടിയതു പോലെ അയാൾ നടുങ്ങി. അറ്റാക്ക് വന്ന് പത്രത്തിൽ ഒറ്റക്കോളം ചിത്രമായവരുടെ മുഖം അയാളുടെ മുന്നിൽ തെളിഞ്ഞു. തിരിച്ചു പോരുമ്പോൾ അയാൾ ഒരു തീരുമാനമെടുത്തു. ഇനി മുതൽ ഭക്ഷണം കർക്കശമായി നിയന്ത്രിക്കും, വ്യായാമവും ചെയ്യും.

ജീവിതം വിജയപ്രദവും ആസ്വാദ്യകരവുമാകണമെങ്കിൽ ചില ഇഷ്ടങ്ങളും പിടിവാശികളും ഉപേക്ഷിക്കുക തന്നെ വേണം. ജീവിതത്തിൽ ഉന്നതവിജയം നേടിയവരും ആരോഗ്യം നന്നായി പരിരക്ഷിക്കുന്നവരുമെല്ലാം എന്തെല്ലാം ഇഷ്ടങ്ങളാണ് ത്യജിക്കുന്നതെന്ന് അന്വേഷിച്ചറിയേണ്ടതാണ്. ഇതുപോലെ തന്നെയാണ് ക്രിസ്തുവിനെ അനുധാവനം ചെയ്യണമെങ്കിലും. ശിഷ്യരായ അന്ത്രയോസും പത്രോസും യാക്കോബും യോഹന്നാനുമെല്ലാം മുക്കുവരായിരുന്നിട്ടു പോലും വലയും വള്ളവും ഉപേക്ഷിച്ചാണ് ക്രിസ്തുവിന്റെ വിളിക്ക് പ്രത്യുത്തരിച്ചത് (മത്തായി 4: 18-22).

പിടിവാശികൾ ഏറുന്നിടത്ത് ഉപേക്ഷകൾ കുറയുമെന്നും ഉപേക്ഷിക്കാൻ മടിയില്ലാത്തിടത്ത് ശിഷ്യത്വം വിജയം വരിക്കുമെന്നും തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ. അവരുടേതാണ് സ്വർഗരാജ്യം.

വി. അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.