കാരുണ്യത്തിന്റെ കനൽവഴികൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഭർത്താവ് മരിക്കുമ്പോൾ ആ സ്ത്രീ മൂന്നു മാസം ഗർഭിണിയായിരുന്നു. മാതാപിതാക്കൾ ഇല്ലാതിരുന്ന അവൾക്ക് അഭയമായത് ഒരു അഗതിമന്ദിരവും. അവിടെ വച്ച് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ‘സോഫിയ’ (യഥാർത്ഥ പേരല്ല) എന്ന് ആ കുഞ്ഞിന് അവൾ പേരിട്ടു.

സോഫിയക്ക് ആറു വയസുള്ളപ്പോൾ അവളുടെ അമ്മയ്ക്ക് ഒരു കോൺവന്റിൽ ജോലി ലഭിച്ചു. അവിടെ ഭക്ഷണം പാകം ചെയ്തും പ്രാർത്ഥിച്ചും അവൾ സന്തോഷത്തോടെ ജീവിച്ചു. കോൺവന്റിലെ സിസ്റ്റേഴ്സ് ആ കുട്ടിക്ക് കൂടപ്പിറപ്പുകളായി.

ഒരിക്കൽ സോഫിയ അമ്മയോടു ചോദിച്ചു: “അമ്മേ നമ്മൾ എത്ര നാളാണ് ഇവിടെ കഴിയുക? എന്റെ കൂട്ടുകാർക്കെല്ലാം സ്വന്തമായി വീടുണ്ട്. നമുക്കെന്നാണ് സ്വന്തമായി ഒരു വീടുണ്ടാകുക?”

കുഞ്ഞിനെ ചേർത്തണച്ച് അമ്മ പറഞ്ഞു: “ഇത്രത്തോളം ദൈവം നമ്മെ നടത്തിയെങ്കിൽ ദൈവം നമുക്ക് ഒരു വീടും നൽകും.”

മകളുടെ ദുഃഖം അറിഞ്ഞ സിസ്റ്റേഴ്സ് നാട്ടിലേക്ക് പോകുമ്പോൾ അവളെക്കൂടി കൊണ്ടുപോകുമായിരുന്നു. സോഫിയയുടെ സന്തോഷമായിരുന്നു അവരും ആഗ്രഹിച്ചിരുന്നത്. രണ്ടു മാസം മുമ്പാണ് സോഫിയക്കും അമ്മയ്ക്കും ഒരു വീടുണ്ടായത്. അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച ആ വീടിന്റെ ആശീർവ്വാദ കർമ്മത്തിന് അവർ ഇരുവരും പൊട്ടിക്കരയുകയായിരുന്നു. അവർക്ക് സ്വന്തമായി ഒരു വീട് നൽകിയത് നടവയലിലുള്ള മാനന്തവാടി പ്രൊവിൻസിലെ സി.എം.സി. സഹോദരിമാരും.

“ഞങ്ങൾക്കിന്ന് അഭിമാനിക്കാൻ എന്തെങ്കിലുമുണ്ടെങ്കിൽ അത് ഈ സിസ്റ്റേഴ്സ് തന്നതാണ്. എന്റെ മകൾക്കിന്ന് 19 വയസ്. അവൾ നഴ്സിങ്ങ് പഠിക്കുന്നു. വീടുപണിക്കു വേണ്ടി രണ്ടു ലക്ഷം രൂപ വയനാട് സോഷ്യൽ സർവീസിൽ (WSS) നിന്നും ലഭിച്ചിരുന്നു. ബാക്കിയെല്ലാം സിസ്റ്റേഴ്സ് നൽകിയതാണ്. ആ അമ്മമാർ പകർന്നുതന്ന പ്രകാശമാണ് എന്റെയും മകളുടെയും ജീവിതമെന്ന് തുറന്നു പറയുന്നതിൽ എനിക്ക് തെല്ലും മടിയില്ല” – ആ സ്ത്രീ പറഞ്ഞു.

നമ്മുടെ ജീവിതത്തിൽ നാം എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിലും എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിലും അതിനു പിറകിൽ എത്ര പേരുടെ ത്യാഗങ്ങളുണ്ട്? പലപ്പോഴും അവയൊന്നും ഏറ്റുപറയാനോ, അവരെ പരിഗണിക്കാനോ നമ്മൾ തയ്യാറല്ല. അതാണ് യാഥാർത്ഥ്യം.

“കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍, അല്‍പസമയത്തേക്ക്‌ അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു” (യോഹ 5:35).

തനിക്ക് മുന്നോടിയായ് വന്ന സ്നാപകനെക്കുറിച്ചുളള ക്രിസ്തുവിന്റെ വാക്കുകളാണിത്. ഒന്നു മിഴിയടക്കാം. ക്രിസ്തുമസിനായ് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ നമ്മൾ ഇന്നും പ്രകാശിക്കാൻ വേണ്ടി വിളക്കായ് തീർന്നവരെ ഓർത്തെടുക്കാം. ദൈവതിരുസന്നിധിയിൽ അവരെ സമർപ്പിച്ചു പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.