ആൾക്കൂട്ടത്തിലെ ആ വേറിട്ട സ്വരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

2013 നവംബർ മാസം നടന്ന സംഭവം.

ഫ്രാൻസിസ് പാപ്പ വത്തിക്കാൻ ചത്വരത്തിലൂടെ തന്റെ ഔദ്യോഗിക വാഹനത്തിൽ കടന്നുപോകുന്നു. അമ്പതിനായിരത്തിൽപരം ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. “പാപ്പാ ഫ്രാൻസിസ്, എന്നെ അനുഗ്രഹിക്കൂ, എന്നെ സ്പർശിക്കൂ…” എന്നിങ്ങനെ പലരും ഉച്ചത്തിൽ അപേക്ഷിക്കുന്നുണ്ടായിരുന്നു. പാപ്പ അവരെ സ്പർശിച്ചു. കരങ്ങൾ ഉയർത്തി ആശീർവദിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. ജനക്കൂട്ടത്തിൽ നിന്നുയർന്ന ഒരു ചെറിയ സ്വരം പാപ്പയുടെ കാതുകളിൽ പതിച്ചു. വാഹനം നിർത്തി ആ ശബ്ദത്തിന്നുടമയെ പരിശുദ്ധ പിതാവ് അരികിലേക്കു വിളിച്ചു. സ്വർഗ്ഗം ലഭിച്ച സന്തോഷത്തോടെ അദ്ദേഹം പാഞ്ഞടുത്തു. പാപ്പാ അയാളെ ചേർത്തണച്ചു. നെറുകയിൽ ചുംബിച്ച് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.

ദൃശ്യമാധ്യമങ്ങളെല്ലാം അത്ഭുതത്തോടെ ആ രംഗം പകർത്തി ലോകത്തെ അറിയിക്കുന്നതിൽ തിടുക്കം കാട്ടി. അന്ന് പാപ്പാ ചുംബിച്ചത് വിനിചിയോ റിവ എന്ന 53 -കാരനെയാണ്. ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 എന്ന അപൂർവ്വ രോഗത്താൽ വലയുന്ന ആ വ്യക്തിയുടെ ശിരസിലും മുഖത്തുമെല്ലാം മുഴകളും വ്രണങ്ങളുമായിരുന്നു. സമൂഹം അകറ്റിനിർത്തിയ ആ മനുഷ്യന്റെ സ്വരം അമ്പതിനായിരം വരുന്ന ആൾക്കൂട്ടത്തിൽ നിന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച പാപ്പായെ നോക്കി ലോകം പറഞ്ഞു: “ക്രിസ്തു ഇന്നും ജീവിക്കുന്നു.”

ഇങ്ങനെ എത്രയെത്ര നിലവിളികൾ ക്രിസ്തു ശ്രവിച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അവയിൽ ഒന്ന് തന്റെ ഏകമകനെ പിശാചുബാധയിൽ നിന്ന് രക്ഷിക്കണമേ എന്നുള്ള ഒരു അപ്പന്റെ നിലവിളിയായിരുന്നു. “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്ന്‌ നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. അവന്‍ എന്റെ ഏകമകനാണ്‌. യേശു അശുദ്ധാത്മാവിനെ ശാസിക്കുകയും കുട്ടിയെ സുഖപ്പെടുത്തി പിതാവിനെ ഏല്‍പിക്കുകയും ചെയ്‌തു” (ലൂക്കാ 9: 38-42).

ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ലോകം അറിയേണ്ടത് നമ്മുടെ പ്രവൃത്തികളിലൂടെയാണ്. നമുക്ക് ഇഷ്ടമുള്ളവരോട് മാത്രം ചെയ്യുന്ന നന്മകളല്ല അതിന് ആധാരമാകേണ്ടത്. എന്റെ നിലവിളി അവൻ കേൾക്കുമോ എന്ന ആശങ്കയോടെ വിളിക്കുന്നവന്റെ ശബ്ദം ശ്രവിക്കുമ്പോൾ മാത്രമേ ക്രിസ്തുവിനെപ്പോലെ തുറവിയുള്ള കാതുകൾ നമുക്കും സ്വന്തമാകൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.