തുണിക്കടയിലെ തരുണികളുടെ നൊമ്പരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന സ്ത്രീ പങ്കുവച്ച അനുഭവം.

“രാവിലെ എട്ടരയോടു കൂടി കടയിലെത്തണം. വീട്ടിലെ പണികളെല്ലാം ചെയ്തതിനു ശേഷമേ കടയിലെത്താൻ കഴിയൂ. അല്പം വൈകിക്കഴിഞ്ഞാൽ മുതലാളിയുടെ വഴക്കും കേൾക്കേണ്ടിവരും. ജോലി കഴിഞ്ഞ് അഞ്ചു മണിക്ക് വീട്ടിലെത്തിയാൽ പിന്നെ വീട്ടുപണികൾ തുടരുകയായി. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായതിനാൽ വലിയ കുഴപ്പമില്ല. എന്നാൽ ഏറ്റവും ദുഃഖകരമായ് തോന്നുന്നത് കടയിൽ വരുന്ന ചിലരുടെ പെരുമാറ്റമാണ്.

വസ്ത്രങ്ങൾ വാങ്ങിക്കാനെത്തുന്ന പലരും ആവശ്യമില്ലെങ്കിൽ കൂടി അറകളിലെ തുണികൾ ഒട്ടുമിക്കതും കാണണമെന്ന് നിർബന്ധിക്കും. ഒടുവിൽ ഒന്നുപോലും വാങ്ങാതെ ‘പിന്നെ വരാം’ എന്നു പറഞ്ഞ് മുങ്ങും. മറ്റു ചിലരാവട്ടെ, തുണികൾ കാണാൻ വരുന്നവരാകും. അവരും മേല്പറഞ്ഞതുപോലെ പരമാവധി തുണികൾ മേശപ്പുറത്ത് വലിച്ചിടീപ്പിച്ച ശേഷം ‘ഇപ്പോൾ വരാം,’ ‘വീട്ടിൽ ചോദിക്കട്ടെ’ ഇങ്ങനെയൊക്കെ പറഞ്ഞ് സ്ഥലം കാലിയാക്കും.

കസ്റ്റമറിന്റെ ഈ പ്രവർത്തനങ്ങൾ കാണുമ്പോൾ വല്ലാത്ത ദേഷ്യവും സങ്കടവും തോന്നും. അതോടൊപ്പം മാനേജരുടെ നോട്ടവും വാരിവലിച്ചിട്ട തുണികൾ തിരികെ മടയ്ക്കിവയ്ക്കുന്ന കഷ്ടപ്പാടും വേറെ. ഇതെല്ലാം പറഞ്ഞാൽ അച്ചന് മനസിലാകുമോ എന്നറിയില്ല. നേരംപോക്കിനും തമാശക്കും വേണ്ടി കടയിൽ വരുന്നവർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മൂലം അവിടുത്തെ ജീവനക്കാർ അനുഭവിക്കുന്ന ദുരിതം വർണ്ണനാതീതമാണ്.”

ആ സ്ത്രീ പറഞ്ഞത് വളരെ ശരിയാണെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോഴെങ്കിലും അവർ പറഞ്ഞതു പോലെ ഞാനും ചെയ്തിട്ടുണ്ടല്ലോ എന്നും അപ്പോൾ ഓർത്തു. കടകളിൽ ചെന്ന് വില ചോദിച്ചും സാധനങ്ങൾ എടുത്തുനോക്കിയും സമയം കളയുന്നവർ നമുക്കിടയിലുമുണ്ടല്ലോ? എന്നാൽ നമ്മുടെ നേരമ്പോക്കുകൾ അവർക്ക് എത്ര അലോസരം ഉണ്ടാക്കുന്നുവെന്ന് ഓർക്കുക.

ഫരിസേയരുടെ ഇടയിലും ഉണ്ടായിരുന്നു ഇങ്ങനെയുള്ള മനോഭാവമുള്ളവർ. അവരാരും പുനരുത്ഥാനത്തിലോ, നിത്യജീവനിലോ വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അവർ ക്രിസ്തുവിനെ സമീപിച്ച് ചോദിക്കുന്നു: “ഒരുവൻ വിവാഹം കഴിച്ച് സന്താനമില്ലാതെ മരണമടഞ്ഞു. അവന്റെ സഹോദരൻ ആ സ്ത്രീയെ വിവാഹം ചെയ്തു. ഇങ്ങനെ ഏഴു സഹോദരങ്ങൾ അവളെ വിവാഹം ചെയ്യുകയും സന്താനമില്ലാതെ മരണമടയുകയും ചെയ്തു. പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും?” (മര്‍ക്കോ. 12: 18-23).

പുനരുത്ഥാനത്തിൽ വിശ്വസിക്കാനോ, അതേക്കുറിച്ച് അറിയാനോ ഉള്ള ആഗ്രഹം കൊണ്ടല്ല അവർ അങ്ങനെ ചോദിക്കുന്നത്. മുകളിൽ സൂചിപ്പിച്ചതു പോലെ നേരമ്പോക്കിനും ക്രിസ്തുവിനെ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാക്കാനുമൊക്കെ വേണ്ടിയാണ് അവരത് ചെയ്തത്. അവർക്കതൊരു തമാശയാകാം. നമ്മുടെ വാക്കും പ്രവർത്തികളും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനും ഇകഴ്ത്തുന്നതിനും കാരണമാകാതിരിക്കട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.