വിശപ്പ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മുപ്പത്തിയഞ്ചു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ കഥ.

എന്തെന്നറിയില്ല, കുഞ്ഞ് വല്ലാത്ത കരച്ചിൽ. മുലപ്പാൽ കൊടുത്തിട്ടും താരാട്ടു പാടിയിട്ടുമൊന്നും ഫലം കണ്ടില്ല. വികാരിയച്ചന് അരികിലെത്തി പ്രാർത്ഥിപ്പിച്ചിട്ടും കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ ശാരീരികപ്രശ്നങ്ങളൊന്നുമില്ല. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിട്ടും കുഞ്ഞിന്റെ കരച്ചിൽ നിൽക്കാതിരുന്നപ്പോൾ അമ്മൂമ്മ പറഞ്ഞു: “അതിന് വിശപ്പ് മാറാഞ്ഞിട്ടായിരിക്കും കരച്ചിൽ നിർത്താത്തത്. കുറച്ച് സൂചിഗോതമ്പ് വെള്ളത്തിലിട്ട് പിഴിഞ്ഞ് അതിന്റെ നൂറെടുത്ത് കുറുക്കി കൊടുക്കൂ. കരച്ചിൽ നിൽക്കുമോ എന്നു നോക്കാം.”

അമ്മൂമ്മ പറഞ്ഞതുപോലെ കുഞ്ഞിന്റെ മാതാവ് ചെയ്തു. ഭക്ഷണം അകത്തു ചെന്നപ്പോൾ കുഞ്ഞിന്റെ കരച്ചിലും നിന്നു. അന്നത്തെ ആ കുഞ്ഞ് തന്നെയാണ് ഇന്ന് ഇതെഴുതുന്നത്. കുഞ്ഞിന് വിശക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ദൈവകൃപയുള്ള അമ്മൂമ്മക്കു മാത്രമേ കഴിഞ്ഞുള്ളൂ എന്നത് ശ്രദ്ധേയമാണ്.

മനുഷ്യന്റെ വിശപ്പ് മനസിലാക്കണമെങ്കിൽ, അതനുസരിച്ച് പ്രവർത്തിക്കണമെങ്കിൽ ദൈവീകചൈതന്യം കൂടിയേ തീരൂ എന്നു സാരം. ഇവിടെയാണ് അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോറ്റിയ ക്രിസ്തു വേറിട്ടുനിൽക്കുന്നത്. അന്നത്തെ ജനക്കൂട്ടത്തിൽ നിന്നും വിശപ്പിന്റെ നിലവിളി ഉയർന്നിരുന്നു. അത് ശിഷ്യർക്കും മനസിലായി. എന്നാൽ അവരെ വീടുകളിലേക്ക് പറഞ്ഞയക്കാനാണ് അവർ ക്രിസ്തുവിനെ നിർബന്ധിച്ചത്. പന്ത്രണ്ടു പേർ ഒറ്റക്കെട്ടായ് പറഞ്ഞിട്ടും ക്രിസ്തു മാത്രം അവരെ വീടുകളിലേക്ക് പറഞ്ഞയക്കാൻ തയ്യാറായില്ല. “നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍…” (ലൂക്കാ 9: 13). അതായിരുന്നു അവന്റെ മറുപടി.

എത്രയോ പേരുടെ കണ്ണീർ നമ്മൾ കണ്ടിരിക്കുന്നു. കരച്ചിൽ നമ്മൾ കേട്ടിരിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവരുടെ കണ്ണീരൊപ്പാനും പശിയകറ്റാനും നമുക്ക് കഴിയാത്തത്? അപരന്റെ രോദനം കാതുകളിലല്ല ഹൃദയങ്ങളിലാണ് പതിയേണ്ടത്. എങ്കിൽ മാത്രമേ കണ്ണീരൊപ്പാനും വിശപ്പകറ്റാനും നമുക്ക് സാധിക്കൂ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.