തകർക്കാനാവാത്ത ഉൾക്കരുത്ത്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആന്ധ്ര മിഷനിൽ ശുശ്രൂഷ ചെയ്യുന്ന കാലം. ഗ്രാമത്തിലെ ഒരു ദൈവാലയം പുതുക്കിപ്പണിയാൻ തീരുമാനമായി. ഇഷ്ടികയും മണലുമെല്ലാം ജനം സംഘടിപ്പിക്കാമെന്നാണ് ഏറ്റത്. എന്നാൽ അതിന് നേതൃത്വം കൊടുക്കാൻ പുരുഷന്മാർ ആരും മുന്നോട്ടു വന്നില്ല. വിഷമം മനസിലാക്കിയിട്ടെന്ന പോലെ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റു: “അച്ചൻ വിഷമിക്കേണ്ട; ഇഷ്ടികയും മണലും ഞങ്ങൾ ഒപ്പിക്കാം.”

‘ബാപ്പനമ്മ’ എന്ന മധ്യവയസ്ക്കയുടെ വാക്കുകളായിരുന്നു അത്. ജനമെല്ലാം കരഘോഷത്തോടെയാണ് ആ വാക്കുകളെ വരവേറ്റത്. ബാപ്പനമ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടം സ്ത്രീകളാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കാൻ ആദ്യന്തം ഉണ്ടായിരുന്നത്. അവർ ഇഷ്ടികക്കളത്തിലെ മുതലാളിയെ കാണുകയും കൂലിക്കാരെ ആശ്രയിക്കാതെ ട്രക്ടറിൽ ഇഷ്ടിക കയറ്റി കൊണ്ടുവരികയും ചെയ്യുന്നതു കണ്ടപ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു.

പള്ളി വെഞ്ചിരിപ്പിനു ശേഷവും ഇടവകയുടെ ഏതു പ്രവർത്തനത്തിനും ബാപ്പനമ്മയുടെ നേതൃത്വത്തിലുള്ള ഭക്തസ്ത്രീകളുടെ സഹായസഹകരണങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.

മിഷൻ പ്രദേശത്തു മാത്രമല്ല നമ്മുടെ നാട്ടിലും ഇടവകയോട് ചേർന്നുനിന്ന് ആത്മാർത്ഥമായ് പ്രവർത്തിക്കുന്ന സ്ത്രീപുരുഷന്മാർ ധാരാളം പേരില്ലേ? ചിലപ്പോഴെങ്കിലും അവഗണനകളിലൂടെയും വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയും അവർ കടന്നുപോകുന്നുവെന്നത് യാഥാർത്ഥ്യമാണ്. ക്രിസ്തുവിനെ അനുധാവനം ചെയ്ത സ്ത്രീകളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നു. “അശുദ്ധാത്മാക്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്ത് കൊണ്ട്‌ അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്‌ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു” (ലൂക്കാ 8: 2-3).

യഹൂദ സമൂഹത്തിൽ നിന്നും അപമാനങ്ങളും തിരസ്ക്കരണങ്ങളും ഏൽക്കേണ്ടി വന്നപ്പോഴും തങ്ങൾ നെഞ്ചേറ്റിയ ക്രിസ്തുവിനെ മറക്കാതെ, അവനോട് ചേർന്നുനിന്നവരായിരുന്നു ഈ സ്ത്രീകൾ എന്നു വേണം മനസിലാക്കാൻ. ദൈവരാജ്യശുശ്രൂഷയിൽ ഏർപ്പെടുന്നവർ ക്രിസ്തുവിനു വേണ്ടിയല്ലാതെ സ്ഥാനമാനങ്ങൾക്കും പ്രശംസക്കും പ്രാധാന്യം നൽകുമ്പോൾ മറ്റുള്ളവരുടെ കുത്തുവാക്കുകൾക്കും അപകീർത്തികരമായ പ്രവർത്തികൾക്കും നടുവിൽ പതറിപ്പോകുമെന്നു മാത്രമല്ല, വിശ്വാസം വരെ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന സത്യം മറക്കാതിരിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.