മിഴിവിളക്കുകൾ സജലമായ നേരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ദമ്പതീ ധ്യാനത്തിൻ്റെ സമാപനത്തിൽ പലരും അവർക്ക് ലഭിച്ച ദൈവാനുഭവം പങ്കുവയ്ക്കുകയായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള 78 വയസുകാരൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “കൊറോണ വന്നതിനുശേഷം പള്ളിയിൽ പോകാൻ കഴിയാത്തതിൻ്റെ ദു:ഖമായിരുന്നു മനസുനിറയെ. ആ ദു:ഖത്തിൽനിന്ന് ഇപ്പോഴാണ് കരകയറിയത്. ധ്യാനത്തിന് വരണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോഴും പ്രായം ഞങ്ങൾക്കൊരു പ്രശ്നമായിരുന്നു. എന്നാൽ ഞങ്ങൾക്ക് ഒരു മുറി ക്രമീകരിക്കപ്പെട്ടതിലൂടെ ദൈവം അദ്ഭുതകരമായി ഇടപെട്ടു. ഞാനും എൻ്റെ ഭാര്യയും ഒരു വർഷത്തിനുശേഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ ഒരുമിച്ചായിരിക്കുവാൻ ദൈവം അനുവദിച്ചു.

ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും ധ്യാനത്തിൻ്റെ എല്ലാ ക്ലാസുകളും ഉണർവോടെ കേൾക്കാൻ കഴിഞ്ഞു. കർത്താവ് ഞങ്ങളോട് കാണിച്ച കരുണയെ ഓർത്തപ്പോൾ പലപ്പോഴും കണ്ണീരിനെ നിയന്ത്രിക്കാൻ എനിക്കായില്ല. കുമ്പസാരിച്ചപ്പോഴും കുർബാന സ്വീകരിച്ചപ്പോഴുമെല്ലാം അവിടുത്തെ സ്നേഹത്തെപ്രതി എൻ്റെ മിഴികൾ നിറഞ്ഞൊഴുകി. പുതിയ പ്രകാശത്തോടെ അതിലേറെ ആത്മനിർവൃതിയോടെയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത്. ഇതിലും വലിയ മറ്റൊരു സൗഭാഗ്യവും ഈ പ്രായത്തിൽ ഞങ്ങൾക്കിനി ലഭിക്കാനില്ല.” അദ്ദേഹം വാക്കുകൾ പൂർത്തിയാക്കിയപ്പോൾ എല്ലാവരുടെയും മുഖങ്ങൾ പ്രകാശപൂരിതമായിരുന്നു.

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്ക് സഹയാത്രികനായ ക്രിസ്തു അപ്പം മുറിച്ച് ആശീർവദിച്ച് നൽകിയപ്പോൾ അവരുടെ മിഴികൾ തുറക്കപ്പെട്ടു എന്ന് വചനം പറയുന്നുണ്ട്. “വഴിയില്‍വച്ച്‌ അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട്‌ നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?” (ലൂക്കാ 24:32) എന്നായിരുന്നു പിന്നീട് അവർ അതേപ്പറ്റി സംസാരിച്ചത്. ദൈവീക സാന്നിധ്യം ഉറപ്പുനൽകുന്ന ദിവ്യകാരുണ്യത്തിൻ്റെ വിലയറിയുമ്പോൾ, കുർബാനയിൽ ആഗ്രഹത്തോടെയും ഒരുക്കത്തോടെയും പങ്കെടുക്കുമ്പോൾ നമ്മുടെ ഇടപെടലുകളും മറ്റുള്ളവരുടെ ഹൃദയം ജ്വലിപ്പിക്കുന്നതായിരിക്കും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.