ആൾക്കൂട്ടത്തിലെ ഏകാകി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഇതെൻ്റെ സുഹൃത്തിൻ്റെ കഥയാണ്. കുറേയധികം ദുരന്തങ്ങളിലൂടെ കടന്നുപോയ അവളുടെ വാക്കുകൾ മനസിൽ നിന്നും മായുന്നില്ല. “അച്ചാ, നമ്മളെല്ലാം ഈ ഭൂമിയിൽ തനിച്ചല്ലെ? കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള പലരും അത്യാവശ്യ സമയത്ത് കൂടെയുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നുറപ്പു നൽകിയ ജീവിത പങ്കാളിയ്ക്ക് എൻ്റെ മൂന്നു മക്കളുടെ ജനനസമയത്തും കൂടെയുണ്ടാകാൻ കഴിഞ്ഞില്ലല്ലോ!” ജീവിത പങ്കാളി മരണപ്പെട്ടതിനു ശേഷമോ? പെട്ടന്നുള്ള മരണമായിരുന്നതിനാൽ ആ ദിവസങ്ങളിൽ വീടുമുഴുവൻ ആളുകളായിരുന്നു. എന്തിനും ഏതിനും ഞങ്ങളുണ്ടാകും എന്നെല്ലാം അയൽക്കാരും ബന്ധുക്കളുമെല്ലാം പറയുകയുണ്ടായി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നമ്മുടെ ആവശ്യങ്ങളുമായി അവരുടെ അടുത്തു ചെല്ലുമ്പോഴേക്കും സ്ഥിതി മാറിയിട്ടുണ്ടാകും. ജീവിത പങ്കാളിയുടെ വേർപാടിനു ശേഷം എൻ്റെ വീട്ടുകാർ എന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭർതൃഗൃഹത്തിലേക്ക് തിരികെ വരുന്നതാണ് ഉചിതമെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഈ ഒറ്റപ്പെടലുകളിലും ഏകാന്തതകളിലും ഞാൻ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്; ദൈവത്തോളം നമ്മുടെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഒരാളുമില്ല.

ഭൂരിഭാഗം പേർക്കും നമ്മുടെ ദു:ഖങ്ങൾ കേൾക്കാൻ ആഗ്രഹവും സമയവും ഉണ്ടാകില്ല. ജപമാലയെടുത്ത് തനിച്ചിരുന്ന് പ്രാർത്ഥിക്കുമ്പോഴും ആഗ്രഹത്തോടുകൂടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴും സ്വസ്ഥമായിരുന്ന് വചനം വായിക്കുമ്പോഴും ലഭിക്കുന്ന മനോധൈര്യവും ശാന്തതയും മറ്റെവിടെ നിന്നും ലഭിക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരർത്ഥത്തിൽ പറഞ്ഞാൽ എപ്പോഴാണ് ഒരാൾ തനിച്ചാകുന്നത്? ദൈവത്തെ കണ്ടെത്താത്തപ്പോൾ, അല്ലേ?”

ജീവിതാനുഭവങ്ങളിലൂടെ ദൈവവുമായി ഗാഢബന്ധം സ്ഥാപിച്ച ആ സ്നേഹിതയെ ഓർത്ത് ഞാൻ കർത്താവിന് നന്ദി പറഞ്ഞു. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏകാന്തതയും ഒറ്റപ്പെടലും നമ്മെയും വേട്ടയാടുന്നില്ലെ? മനസിലാക്കേണ്ട പലരും നമ്മെ മനസിലാക്കുന്നില്ലെന്ന് തോന്നിയിട്ടില്ലെ? അവഗണനയും ആക്ഷേപങ്ങളും കുത്തുവാക്കുകളും നമ്മെ മുറിപ്പെടുത്തിയിട്ടില്ലെ? അവയെ ഓർത്ത് തനിച്ചിരുന്ന്
കണ്ണീരൊഴുക്കിയിട്ടില്ലെ? അപ്പോഴൊക്കെ ദൈവത്തിലേക്ക് തിരികെ വരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?

ഈ ചിന്തകളുടെ ഓരം ചേർന്നു വേണം മുപ്പത്തിയെട്ട് വർഷമായി ബേത്സഥാ കുളക്കടവിൽ കിടന്ന തളർവാതരോഗിയെ നാം കാണേണ്ടത്. അയാൾക്കുമുണ്ടായിരുന്നില്ലേ ബന്ധുക്കളും കൂടപ്പിറപ്പുകളും? എന്നിട്ട്, ‘സുഖപ്പെടാൻ നീ ആഗ്രഹിക്കുന്നുവോ’ എന്ന ക്രിസ്തുവിൻ്റെ ചോദ്യത്തിന് അയാളുടെ മറുപടി ‘എനിക്കാരുമില്ല’ എന്നായിരുന്നു (യോഹ 5:1-18). ക്രിസ്തു അവൻ്റെ ജീവിതത്തിന് പുതിയൊരർത്ഥം നൽകി. ‘ഇനിയൊരിക്കലും ആരുമില്ലെന്ന ചിന്ത വേണ്ട, നിനക്ക് ഞാനുണ്ട്.’ നാം സ്നേഹിക്കുന്നവരല്ല, നമ്മെ സ്നേഹിക്കുന്നവരാണ് കൂടെയുണ്ടാകുക. അങ്ങനെയൊരാൾ ക്രിസ്തുവല്ലാതെ മറ്റാരാണ്?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.