സന്തോഷത്തിന്റെ രഹസ്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മൂന്നു മക്കളുടെ അമ്മയായ ഒരു സ്ത്രീയെ പരിചയമുണ്ട്. മുപ്പതു വയസുള്ളപ്പോൾ അവർക്ക് ഭർത്താവിനെ നഷ്ടമായി; അപകട മരണമായിരുന്നു. മൂന്നു മക്കളെയും വിവാഹം ചെയ്തയച്ച അവരുടെ വാക്കുകൾ പ്രചോദനാത്മകമാണ്.

“ഭർത്താവ് മരിച്ച ആദ്യ നാളുകളിൽ സഹതാപ വാക്കുകളുമായി  ധാരാളം പേർ എത്തിയിരുന്നു. എന്നാൽ പിന്നീട് അവരുടെ സാന്നിധ്യവും ഇല്ലാതായി. മുന്നോട്ടുള്ള യാത്ര ക്ലേശകരമായി. ആരെയും ബുദ്ധിമുട്ടിക്കാതെ വീതം കിട്ടിയ സ്ഥലത്ത് ഒരു കൂര വച്ച് താമസം തുടങ്ങി. വിധവയല്ലേ, കൂടാതെ നമ്മുടെ സമൂഹവും. പല രീതിയിലുള്ള പ്രശ്നങ്ങൾ അന്നൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പണ്ടൊക്കെ അത്ര ധൈര്യമില്ലാതിരുന്ന എനിക്ക് ധൈര്യം പകർന്നത് ഭർത്താവിന്റെ വേർപാട് തന്നെയായിരുന്നു.

എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകുമായിരുന്നു. എന്നും കുടുംബപ്രാർത്ഥനയും ചൊല്ലിയിരുന്നു. കൂലിപ്പണിക്കു പോയും കന്നുകാലികളെ വളർത്തിയും മക്കളെ പഠിപ്പിച്ചു. അവർക്ക് ജോലിയായി. ഇപ്പോൾ ഞാനും ഇളയ മകളും അവളുടെ ജീവിതപങ്കാളിയും ഒരുമിച്ചാണ് താമസം.

പിന്തിരിഞ്ഞു നോക്കുമ്പോൾ ജീവിതയാത്രയിൽ തനിച്ചായിരുന്നു എന്ന് പറയാനാകില്ല. തളർന്നു പോകുന്നു എന്ന് കരുതിയ നിമിഷങ്ങളിലെല്ലാം ഒരു അദൃശ്യകരം താങ്ങുന്നുണ്ടായിരുന്നു. വല്ലാതെ വിഷമം വരുമ്പോൾ പരിശുദ്ധ കന്യകാമാതാവിനെ വിളിച്ച് ഇങ്ങനെ പ്രാർത്ഥിക്കും. ‘അമ്മേ മാതാവേ, എന്നെപ്പോലെ നീയുമൊരു വിധവയായിരുന്നല്ലോ? മറ്റാരേക്കാളും എന്റെ ക്ലേശങ്ങൾ നിനക്കറിയാം. നീ നടന്നതു പോലെ നടക്കാനും ജീവിത കാൽവരികൾ കയറാനും എനിക്ക് നീ തുണയാകണം.’ തനിച്ചുള്ള യാത്രയിൽ താങ്ങാൻ ദൈവകരമുണ്ടെന്ന ധൈര്യത്തിൽ ഇപ്പോഴും മുന്നേറുന്നു. അവിടുത്തെ നാമത്തിന് മഹത്വമുണ്ടാകട്ടെ.”

എത്ര മനോഹരമായ സാക്ഷ്യം!

ജീവിതയാത്രയിൽ അപ്രതീക്ഷിതമായ സമയത്തായിരിക്കും നാമെല്ലാം ഒറ്റപ്പെട്ടു പോകുന്നത്. പിന്നീടുള്ള യാത്ര അത്ര സുഖകരമാകില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ ചിലർക്ക് ചുവടു തെറ്റുന്നു, മറ്റു ചിലർ തളർന്നു വീഴുന്നു. വേറെ ചിലരാകട്ടെ ദൈവത്തിൽ ആശ്രയിച്ച് യാത്ര തുടരുന്നു. അങ്ങനെ ദൈവത്തിൽ ആശ്രയിച്ചു മുന്നേറിയ വ്യക്തിയായിരുന്നു ക്രിസ്തുവിന്റെ അമ്മയായ മറിയവും. കുഞ്ഞിനെ ഗർഭം ധരിച്ച നാൾ മുതൽ തുടർന്നുള്ള യാത്രകളിലെല്ലാം അവളുടെ വഴികൾ ക്ലേശത്തിന്റേതായിരുന്നു.

ആ കണ്ണീർ വീണ ഇടങ്ങളാണ് പിന്നീട് ജപമാലയിലെ സന്തോഷരഹസ്യങ്ങളായി മാറിയത്. അവളെപ്പോലെ ദൈവത്തിൽ ആശ്രയിക്കാനും “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്‌” (ലൂക്കാ 1:49) എന്ന് ഉദ്ഘോഷിക്കാനും നമുക്ക് കഴിയട്ടെ.

പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാൾ മംഗളങ്ങൾ!!!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.