ജീവസ്പന്ദനം മാത്രമായി ബക്കറ്റിൽ വീണ കുഞ്ഞ്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സോഫിയാ ടൈംസ് ഓൺലൈൻ യുട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്ത ആ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടുതീർത്തത്. ബ്ലസി എന്ന വിളിപ്പേരുള്ള മേഴ്സി സെബാസ്റ്റ്യൻ്റെ ജീവസ്പന്ദനമാണ് ആ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

1995 ഫെബ്രുവരി മാസം, പ്രസവവേദനയാൽ ഹോസ്പിറ്റലിൽ എത്തിയ ബ്ലസിയോട് ‘ഇനിയും സമയമായിട്ടില്ല’ എന്നായിരുന്നു ഡോക്ടേഴ്സിൻ്റെ മറുപടി. മറ്റൊരാശുപത്രിയിൽ, പെട്ടെന്ന് സർജറി ചെയ്യണമെന്ന് എഴുതിക്കൊടുത്ത കുറിപ്പുകാണിച്ചിട്ടും ഡോക്ടർമാർക്ക് ബോധ്യപ്പെട്ടില്ല. മുപ്പത്തിയാറു മണിക്കൂറിനു ശേഷം ഉദരശിശുവിൻ്റെ അനക്കം ഏതാണ്ട് നിലച്ചപ്പോഴാണ് ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ തയ്യാറായത്. വേദനയറിയാതിരിക്കാൻ കുത്തിവച്ച മരുന്നൊന്നും ബ്ലസിയുടെ ശരീരത്തിൽ ഫലം കണ്ടില്ല. പച്ചമാംസം കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുമ്പോഴും ആ സ്ത്രീ കണ്ണീരോടെ കാതോർത്തത് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാനായിരുന്നു. പക്ഷേ, ആ കുഞ്ഞ് കരഞ്ഞില്ല.

ചലനമറ്റ കൊച്ചിനെ ഡോക്ടർമാർ ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അവരുടെ ശ്രമം മുഴുവനും അമ്മയുടെ ജീവൻ നിലനിർത്തുന്നതിന് മാത്രമായിരുന്നു. മുറിവുകൾ തുന്നിക്കെട്ടുന്നതിനിടയിൽ
ഒരു ഡോക്ടർ ബക്കറ്റിലെ അനക്കം ശ്രദ്ധിച്ചു. ഞെട്ടലോടെ അവർ വീണ്ടും നോക്കി. മുറിച്ചിട്ട മാംസപിണ്ഡങ്ങൾക്കിടയിൽ ആ കുഞ്ഞിൻ്റെ ജീവസ്പന്ദനം. ഉടൻ തന്നെ ബക്കറ്റിൽ നിന്ന് കുഞ്ഞിനെയെടുത്ത് തീവ്രപരിചരണത്തിനേൽപിച്ചു. ഇതിനോടകം കുഞ്ഞുമരിച്ചെന്ന വാർത്ത വീട്ടുകാർ അറിഞ്ഞിരിന്നു. മരണ വാർത്തയറിയിച്ച അതേ ഡോക്ടർ തന്നെ ‘കുഞ്ഞിന് ചെറിയ ജീവനുണ്ട്, മറ്റൊരാശുപത്രിയിലേക്ക് കൊണ്ടു പോയാൽ ചിലപ്പോൾ രക്ഷിക്കാനാകുമെന്ന്’ അവരെ അറിയിച്ചു. പക്ഷേ അതിനുള്ള സാധ്യത ഒരു ശതമാനമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ബ്ലസിയുടെ കുടുംബാംഗങ്ങൾ ആ കുഞ്ഞിനെ കരങ്ങളിലേറ്റുവാങ്ങി, ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടി. പിന്നീടങ്ങോട്ട് വേദനകളെല്ലാം സഹിച്ച് കുഞ്ഞിൻ്റെ ജീവനു വേണ്ടിയുള്ള യാത്രയായിരുന്നു. കൈകാലുകൾ ചലിപ്പിക്കാത്ത, കരയാത്ത, കണ്ണിമ ചിമ്മാത്ത ആ കുഞ്ഞിനെക്കുറിച്ച് വൈദ്യശാസ്ത്രം വിധിയെഴുതിയതെല്ലാം കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുക അസാധ്യമെന്നായിരുന്നു. ചങ്കു പിളരുന്ന വേദനയോടെയായിരുന്നു ബ്ലസി പിന്നീടുള്ള ഓരോ
ദിവസങ്ങളിലൂടെയും കടന്നുപോയത്.

അവൾ ഒന്നു തീരുമാനിച്ചു: ”ദൈവം എന്നെ ഭരമേൽപിച്ച ഈ കുഞ്ഞിനെ ഞാൻ സ്നേഹിക്കും. ഇവനുവേണ്ടി ഞാൻ ജീവിക്കും. അതാണ് ദൈവഹിതം.” വർഷങ്ങൾ ഏറെ കഴിഞ്ഞു. സാവിയോ എന്ന് പേരുള്ള ആ കുഞ്ഞ് ഡിഗ്രി പഠനത്തിന് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട ആ മകൻ, ബ്ലസിയുടെ ജീവിതത്തിലെ മൂലക്കല്ലായി തീർന്നിരിക്കുന്നു. കുഞ്ഞിനെ ലഭിച്ചതിന് നന്ദിസൂചകമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇരുന്നൂറോളം പേർക്ക് ബ്ലസി ഭക്ഷണം നൽകിത്തുടങ്ങിയിട്ട് പന്ത്രണ്ടു വർഷം പിന്നിട്ടെന്നറിയുമ്പോൾ ആരുടെ മിഴികളാണ് ഈറനണിയാത്തത്?

(https://youtu.be/tAvaGGpivfA)

ക്രിസ്തു പറയുന്നു: “പണിക്കാര്‍ ഉപേക്‌ഷിച്ചു കളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടികള്‍ക്ക്‌ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു.” (മത്തായി 21:42) കുടുംബത്തിൻ്റേയും സമൂഹത്തിൻ്റെയുമെല്ലാം മൂലക്കല്ലായിത്തീരേണ്ട എത്രയോ കുഞ്ഞുങ്ങളാണ് അമ്മമാരുടെ ഉദരത്തിൽ വച്ച് നശിപ്പിക്കപ്പെടുന്നത്? ചെറിയ തെറ്റിദ്ധാരണകളുടെ പേരിൽ ബന്ധങ്ങളും സൗഹൃദങ്ങളും വലിച്ചെറിയപ്പെടുന്നില്ലേ? ജീവിതത്തിൻ്റെ മൂലക്കല്ലായി തീരേണ്ട പലരും വലിച്ചെറിയപ്പെടുമ്പോൾ പിന്നെ ക്രിസ്തുവും ജീവിതത്തിൽ നിന്ന് അകലെയാകുന്നതിന് ആരെ പഴിക്കാനാണ്?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.