സ്വപ്നം കണ്ടവന്റെ സങ്കട വഴികളിലൂടെ

ജിന്‍സി സന്തോഷ്‌

അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. യാക്കോബിൻ്റെ പന്ത്രണ്ടു മക്കളിൽ, ചെറുപ്രായത്തിൽ തന്നെ വേറിട്ട ജീവിതം നയിച്ച ജോസഫ്.

ഒരു സ്പനം കണ്ടതിൻ്റെ പേരിൽ നൊമ്പരത്തിൻ്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ പട്ടു കുപ്പായമണിഞ്ഞ പൂർവ്വപിതാവ് ജോസഫ്. സ്വപ്നത്തിൽ അവൻ്റെ കറ്റ എഴുന്നേറ്റ് നിന്നത് ഉൾക്കൊള്ളാനാകാതെ, സഹോദരങ്ങൾ ജീവിതത്തിലൊരിക്കലും അവൻ എഴുന്നേറ്റ് നിൽക്കരുതെന്ന് കരുതി പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു. പിന്നീട്, ഇരുപത് വെള്ളിക്കാശിന് സാഹോദര്യം വിൽക്കപ്പെട്ടതിൻ്റെ തീരാവേദന അനുഭവിച്ച ജോസഫ്.

പൊത്തിഫറിന്റെ ഭാര്യ അവളുടെ ജഡികാസക്തിയിൽ വലിച്ചടുപ്പിക്കാൻ ശ്രമിക്കുമ്പോൾ, തൻ്റെ മേലങ്കി ഉപേക്ഷിച്ച് സർപ്പത്തിൽ നിന്നെന്ന പോലെ പാപത്തിൽ നിന്ന് ഓടി അകന്നവൻ. ഉപേക്ഷിച്ച ആ മേലങ്കിയുടെ പേരിൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവൻ. മറ്റൊരു സ്വപ്നത്തെ വിശദീകരിച്ചു കൊടുത്ത് കാരാഗൃഹത്തിൻ്റെ ഏകാന്തയിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായവൻ.

ജോസഫാകുന്ന കറ്റ ഈജിപ്തിൻ്റെയും തൻ്റെ സഹോദരങ്ങളുടെയും മദ്ധ്യേ എഴുന്നേറ്റു നിൽക്കാൻ സ്വർഗം ഇടയാക്കി. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന കാലങ്ങളെ അനുഗ്രഹപ്രദമാക്കും.
നന്മയുടെ പോരാട്ടത്തിൽ വഴുതിപ്പോകുന്ന മേലങ്കികൾ വിശ്വസ്തതയുടെ മഹത്വത്തിൻ്റെ പട്ടു കുപ്പായങ്ങളായി
സ്വർഗം നിന്നെ തിരികെ അണിയിക്കും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.