പൊന്നണിയുമ്പോൾ മനുഷ്യന് പൊന്നുവില, പൊന്നണിയാത്തപ്പോഴോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

രണ്ടു ദിവസം മുമ്പാണ് നടവയലിലെ ഓസാനം ഭവൻ അഗതിമന്ദിരത്തിൽ ഒത്തുചേർന്നത്. നൂറോളം അപ്പച്ചന്മാർ അവിടെയുണ്ട്. ക്രിസ്മസ് പുതുവത്സര കാലഘട്ടത്തിൽ അങ്ങനെയൊരു ഒത്തുചേരൽ പതിവാണ്. പഞ്ചായത്തു പ്രസിഡൻ്റും വാർഡ് മെമ്പറും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ നന്ദി പറഞ്ഞത് ആ സെൻ്ററിന്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന വിൻസൻ്റ് ബ്രദർ ആണ്.

ഇന്ന് ഈ ഒത്തുചേരൽ ഇവിടെ സാധ്യമാകുമോ എന്ന് സംശയമായിരുന്നു എന്നുപറഞ്ഞാണ് അദേഹം തുടങ്ങിയത്. “പുലർച്ചെ മൂന്നു മണിക്ക് ഒരു അന്തേവാസി മരണമടഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കൂടെയുണ്ടായിരുന്ന അദ്ദേഹത്തെ അവസാനമായി ഞാൻ കുളിപ്പിച്ചു. പുതുവസ്ത്രങ്ങളണിയിപ്പിച്ച് സംസ്ക്കാരത്തിനൊരുക്കി. രാവിലത്തെ മരണം എന്നെ വല്ലാതെ പിടിച്ചുലച്ചുവെന്ന് പറയാം. അപ്പച്ചന്മാരുടെ മരണം ഇടയ്ക്കിടെ നടക്കുന്നതാണെങ്കിലും ഇന്നിത് സംഭവിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നി. എന്നാൽ, അതിനേക്കാൾ എന്നെ ദു:ഖത്തിലാഴ്ത്തിയത് മറ്റൊന്നാണ്.

മരണപ്പെട്ട വ്യക്തിയുടെ ഉറ്റവരെ ഞാൻ വിളിച്ച് കാര്യം അറിയിച്ചു. മൃതശരീരം ഏറ്റുവാങ്ങാൻ രാവിലെ വരുമോ എന്നു ചോദിച്ചു. “നിങ്ങൾ തന്നെ കൊണ്ടുപോയി അടക്കിക്കൊള്ളൂ, ഇവിടെ നിന്നാരും വരുന്നില്ല” എന്നായിരുന്നു അവരുടെ മറുപടി.

ഒരു നിമിഷത്തെ മൗനത്തിനുശേഷം വിൻസൻ്റ് ബ്രദർ തുടർന്നു: “മനുഷ്യന് വിലയില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പത്തുവർഷമായി സ്വന്തം കൂടപ്പിറപ്പിനെ അഗതിമന്ദിരത്തിന് ഏൽപിച്ചുകൊടുത്തിട്ട് മൃതശരീരം പോലും ഏറ്റുവാങ്ങാൻ തയ്യാറാകാത്തവരുടെ കാലമാണിത്. ഉറ്റവരും ഉടയവരും ജീവിച്ചിരുന്നിട്ടും അന്ത്യവിശ്രമത്തിനായി ഒരാൾക്ക് പൊതുശ്മശാനം മാത്രം അവശേഷിക്കുമ്പോൾ ഇവിടെ മനുഷ്യന് എന്തുവിലയെന്ന് നാം ചിന്തിക്കണം!

ഈ ആതുരശുശ്രൂഷയിലൂടെ ഞങ്ങൾ നിങ്ങളോരോരുത്തരോടും വിളിച്ചുപറയാൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല: “മനുഷ്യന്റെ ജീവനും ആത്മാവിനും വില നൽകുന്ന ഒരു ദൈവമുണ്ടെന്ന സത്യം മാത്രമാണ്.” എന്റെ നയനങ്ങളിൽ എവിടെയോ ഒരു ജലകണിക തെളിഞ്ഞുവരുന്നതായ് അനുഭവപ്പെട്ടു. മിഴികൾ തുടച്ച് ഞാൻ ആ മനുഷ്യനെ നോക്കിയിരുന്നു.

തിരക്കുകളുടെ ലോകത്താണ് നമ്മൾ. ഇതിനിടയിൽ ആയുസിന്റെ ദൈർഘ്യം കുറഞ്ഞു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ നേടിയെന്ന് അഹങ്കരിക്കുമ്പോഴും നേട്ടങ്ങൾക്കു വേണ്ടിയുള്ള ഈ നെട്ടോട്ടത്തിൽ വിലപിടിപ്പുള്ളത് പലതും നഷ്ടമായില്ലേ? നമ്മൾ പോലും അറിയാതെ എപ്പോഴൊക്കെയൊ നമ്മിലെ മനുഷ്യത്വവും മരവിച്ചുപോയിട്ടില്ലേ?

അങ്ങനെയൊരു മരവിപ്പിന്റെ കഥ സുവിശേഷം പങ്കുവയ്ക്കുന്നുണ്ട്. ഹേറോദിയ എന്ന സ്ത്രീയിലൂടെ. അവളുടെ ദുർനടപ്പ് ചൂണ്ടിക്കാട്ടി എന്ന ഒറ്റക്കാരണത്താൽ സ്വന്തം മകളെ കൊണ്ട്‌ നരഹത്യയ്ക്ക് ചുക്കാൻ പിടിപ്പിക്കുന്ന അമ്മയെ നമുക്ക് വിശുദ്ധ ഗ്രന്ഥം കാട്ടിത്തരുന്നു (മർക്കോ. 6:14-29). ആരറിഞ്ഞു, സ്നാപകയോഹന്നാന്റെ ശിരസിനായ് ദാഹിച്ച അവൾ, സ്വന്തം തെറ്റുകൾ മറച്ചുപിടിക്കാൻ കൂടപ്പിറപ്പിന്റെയും മകളുടെയും ശിരസറുക്കാൻ വരെ ഒരുമ്പെടില്ലെന്ന്? വെളിപാടു പുസ്തകത്തിലെ ഈ വാക്കുകൾ കൂടി നെഞ്ചിലേറ്റാം. “നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്‌: നിനക്ക്‌ ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു” (വെളി. 2:4).

ഇത് വായിച്ചശേഷം ഒന്ന് കണ്ണടയ്ക്കുമോ? നമ്മുടെ ബന്ധങ്ങളും അവയുടെ ആഴവും ഒന്ന് പരിശോധിക്കുമോ? ഓർക്കുക, സ്നേഹം മരവിച്ചു തുടങ്ങുന്നിടത്താണ് ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും വില കുറയുന്നത്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.