പ്രതാപങ്ങളിൽ വാഴാത്ത ദൈവം

ഫാ. അജോ രാമച്ചനാട്ട്

“ചില ആളുകള്‍ ദേവാലയത്തെപ്പറ്റി, അത്‌ വിലയേറിയ കല്ലുകളാലും കാണിക്ക വസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.”(ലൂക്കാ 21: 5 -6)

ലാസ്റ്റ് ഫ്രെയിം

ചരിത്രം പഠിപ്പിക്കുന്ന വല്ലാത്തൊരു നൊമ്പരമാണിത്. എല്ലാ പ്രതാപങ്ങളും പിന്നീടൊരിക്കൽ കൽക്കൂമ്പാരങ്ങളായി മാറുമെന്ന്. രാജാവിന്റെയോ പ്രജയുടെയോ എന്ന് നോക്കാതെ, എല്ലാം വെട്ടിപ്പിടിച്ചവനെന്നോ, നഷ്ടപ്പെടുത്തിയവനെന്നോ ഓർക്കാതെ. എല്ലാം മണ്ണിലുറങ്ങുന്ന അവശേഷിപ്പുകൾ മാത്രമാകുന്നു.
എല്ലാ തേരോട്ടങ്ങളുടെയും ലാസ്റ്റ് ഫ്രെയിം ഒരു കൽക്കൂനയാണ് സുഹൃത്തേ.

ദേവാലയം എന്ന പദം പോലും പ്രതീകാത്മകമല്ലേ? പ്രിയപ്പെട്ടതെന്നും, പ്രധാനപ്പെട്ടതെന്നും കരുതി പണിയപ്പെട്ടതും, ആരാധിക്കപ്പെട്ടതും സംരക്ഷിക്കപ്പെട്ടതുമായ എല്ലാം. നാളത്തെ കൽക്കൂമ്പാരമെന്ന്. എൻ്റെ മാഷേ, ചിലപ്പോ തോന്നും എന്തിനാണീ ഓട്ടപ്പാച്ചിലെന്ന്.

ആബേലച്ചൻ എഴുതിവച്ചത് തലയ്ക്കുള്ളിലെവിടെയോ കിടന്ന് ചുറ്റിത്തിരിയുന്നു.

മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്ക് മടങ്ങും നൂനം…

അജോച്ചൻ