മധുരം വചനം – നവംബർ 11: ഗോതമ്പുമണി

ഫാ. അജോ രാമച്ചനാട്ട്

“ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തൻറെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും.”
(യോഹ. 12 : 24-25)

ഗോതമ്പുമണി

ഭാരതമണ്ണിന്റെ സഹനപുത്രി അൽഫോൻസാമ്മയെ ഓർക്കുന്നു.. “ഞങ്ങളുടെ പ്രിയ സഹോദരി അൽഫോൻസാ”യെന്നാണ് ഞാൻ വിളിക്കാറ്. തമ്പുരാന്റെ അടുത്ത് ഓടിക്കയറിയ നമ്മുടെ കൂടപ്പിറപ്പ് അല്ലെ?

എന്നും ജൂലൈ 28 ന് ‘ഗോതമ്പുമണി’ ആണ് പരി.കുർബാനയിൽ വായിക്കപ്പെടുന്ന വചനം. ഗോതമ്പുമണിക്ക് രണ്ട് പ്രത്യേകതകൾ ഉണ്ട്. 1. സ്വർണനിറം 2. ഉറപ്പും കാഠിന്യവും.

മണ്ണിൽ വീഴാത്തിടത്തോളം, ഈർപ്പമേൽക്കാത്തിടത്തോളം ഗോതമ്പുമണി പാത്രത്തിലോ നിലവറയിലോ അതേപടിയാണ്, ‘സൗന്ദര്യവും ആകാരവടിവും’ നഷ്ടപ്പെടാതെ…

യൗവനത്തിൽ അന്നക്കുട്ടി അതിസുന്ദരിയായിരുന്നു എന്ന് ചരിത്രം. ഗോതമ്പുമണിയുടെ സ്വർണനിറമായിരുന്നിരിക്കണം ! പക്ഷെ, അവൾക്കത് മതിയായിരുന്നില്ല. ക്രിസ്തുവിന് തീറെഴുതിക്കൊടുത്തത് ഒന്നുറപ്പിക്കാൻ ഉമിത്തീയിലേയ്ക്ക് കാൽ വച്ചതുമുതൽ അവൾ അഴുകിത്തുടങ്ങുകയായിരുന്നു, നാഥനുവേണ്ടി…

പച്ചയായ ജീവിതചുറ്റുപാടുകൾ മണ്ണിലിറങ്ങാൻ, അഴുകാൻ എന്നെയും വിളിക്കാറുണ്ട്. മെയ്യനങ്ങാൻ ഉള്ള മടിയോളം വലിയ മടി ഭൂമിയിൽ വേറെ എന്തുണ്ട്? വീട്ടിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലുമൊക്കെ ‘safezone’- ൽനിന്ന് പുറത്തുകടക്കാതെ നമ്മൾ.

സ്വർണനിറം നഷ്ടപ്പെടാതിരിക്കാനും, ആർക്കും വേണ്ടി അഴുകാതിരിക്കാനും സ്വന്തമായി നിർമിച്ച ഹൃദയശൂന്യതയുടെ കവചങ്ങൾക്ക് നമ്മൾ പേരുമിട്ടു, ‘എന്റെ നിലപാടുകൾ/ എന്റെ ആദർശങ്ങൾ’.

എന്നിൽനിന്ന് നന്മയുടെ മുളകൾ ഉറവെടുക്കാൻ ഞാൻ യാഥാർഥ്യങ്ങളോട് സംവദിച്ചേ മതിയാകൂ. അവസാനവിധിയിലെ ആ ഇരുഗണങ്ങൾ ‘അഴുകിയവരും അഴുകാത്തവരും’ ആയിരിക്കുമെന്നാണ് എന്റെ വിചാരം.

സുഹൃത്തേ, ഞാൻ ഇറങ്ങിച്ചെല്ലേണ്ട പച്ചമണ്ണുകൾ എന്നെ മാടിവിളിക്കുന്നുണ്ട്, അഴുകാനുള്ള വിളി.. സ്വർണനിറം നഷ്ടപ്പെടുത്താൻ ഉള്ള വിളി …

നന്മ ചെയ്ത് അഴുകാൻ ദൈവാനുഗ്രഹങ്ങൾ നേരുന്നു ..!

ഫാ. അജോ രാമച്ചനാട്ട്