ആഫ്രിക്കയിലേക്ക് അയച്ചതിന് പിന്നിൽ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ അടുത്ത നാളിൽ എന്നെ സ്പർശിച്ച ഒരു അനുഭവം കുറിക്കാം. എനിക്ക് പരിചയമുള്ള ഒരു കന്യാസ്ത്രീയാണ് അത് (ചില പ്രത്യേക കാരണങ്ങളാൽ അവരുടെ പേരുവിവരം ചേർക്കുന്നില്ല). ഒക്ടോബർ ആദ്യവാരം സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് ആ സിസ്റ്റർ എന്നെ വിളിക്കുന്നത്.

“അച്ചാ, എനിക്ക് സ്ഥലം മാറ്റമാണ്?”

“പുതിയ സ്ഥലത്ത് ചാർജ്ജെടുത്ത് ആഴ്ചകൾ കഴിയും മുമ്പേ ട്രാൻസ്ഫറോ?” ഞാൻ ചോദിച്ചു.

“ഈ ദിവസങ്ങളിലാണ് ഞങ്ങളുടെ സഭാധികൃതർ എന്നെ വിളിച്ചത്. ആഫ്രിക്കയിലേക്കു പോകാനാണ് ഈശോ പറയുന്നത്. എത്രയും പെട്ടന്ന് പോകേണ്ടിവരും. അടുത്ത ദിവസങ്ങളിൽ തന്നെ പ്രൊവിൻഷ്യൽ ഹൗസിൽ എത്തണം” – ഇതായിരുന്നു മേലധികാരിയുടെ വാക്കുകൾ.

സിസ്റ്റർ മറുത്തൊന്നും പറയാതിരുന്നപ്പോൾ സുപ്പീരിയറമ്മ ചോദിച്ചു: “എന്താണ് ഒന്നും മിണ്ടാത്തത്? ഇഷ്ടമല്ലേ?”

“അമ്മേ, എനിക്കിഷ്ടമാണ്. ദൈവഹിതം ഞാൻ അംഗീകരിക്കുന്നു. അത് സ്വീകരിക്കുന്നു.”

ഇപ്പോൾ ഈ സിസ്റ്റർ ആഫ്രിക്കയിലെ ഒരു ഉൾഗ്രാമത്തിലാണ്. അവിടെ നിന്നും ഒത്തിരി സന്തോഷത്തോടെ വിളിച്ചിരുന്നു. തുടർന്നുള്ള സിസ്റ്ററിന്റെ വാക്കുകൾ കേൾക്കുക.

“അച്ചാ, ഞാൻ അച്ചനോട് മുമ്പ് പറഞ്ഞിരുന്നില്ലേ, എനിക്ക് ലഭിച്ച ദർശനത്തെക്കുറിച്ച്. ആ ദർശനത്തിൽ കുറേ കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതായി ഞാൻ കണ്ടിരുന്നു. അന്ന് കണ്ട ദർശനത്തിലെ സ്ഥലത്താണ് ഞാനിപ്പോൾ. 2021 -ൽ പുതിയ സ്ഥലത്തെത്തിയപ്പോൾ ഈ ദർശനമാണോ പൂർത്തീകരിക്കപ്പെടാൻ പോകുന്നതെന്ന് ഞാൻ സംശയിച്ചു. അവിടെയുണ്ടായിരുന്ന സമയമത്രയും പ്രാർത്ഥിച്ചൊരുങ്ങാനായി എനിക്ക് കഴിഞ്ഞു. അതുകൊണ്ട് എന്റെ മേലധികാരികൾ എന്നോട് ആഫ്രിക്കയിലേക്ക് പോകണമെന്നു പറഞ്ഞപ്പോൾ ഉള്ളിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.

ഇവിടെ പരിമിതികൾ ഒത്തിരിയുണ്ട്. കിടക്കാൻ പോലും കുറച്ചു സ്ഥലമേ ഉള്ളൂ; അസ്ഥി മരവിപ്പിക്കുന്ന തണുപ്പും. എങ്കിലും എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ദൈവത്തിന്റെ പ്രവൃത്തികൾ എത്ര മഹത്കരമാണെന്ന് വർണ്ണിക്കാനാകുന്നില്ല.”

സംസാരത്തിനിടയിൽ അവർ ശുശ്രൂഷ ചെയ്യുന്ന സ്കൂളും അവിടുത്തെ കുട്ടികളെയുമെല്ലാം വീഡിയോയിലൂടെ കാണിച്ചുതന്നു. ഒപ്പം അവരുടെ മദറിനെയും പരിചയപ്പെടുത്തി.

സിസ്റ്ററോട് ഞാൻ പറഞ്ഞു: “ഇത്രയധികം സന്തോഷത്തോടെ സിസ്റ്ററെ മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ല. സിസ്റ്റർ സംസാരിക്കുമ്പോൾ പോലും ആ ആത്മീയസന്തോഷം എനിക്കും ലഭിക്കുന്നുണ്ട്. സിസ്റ്ററിനെ ഓർത്ത് അഭിമാനിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.”

സന്യാസജീവിതത്തിലും കുടുംബജീവിതത്തിലുമെല്ലാം സുഖം മാത്രം അന്വേഷിക്കുമ്പോൾ നഷ്ടമാകുന്നത് ദൈവീകപദ്ധതികളാണെന്ന സത്യം ഈ സിസ്റ്റർ പഠിപ്പിക്കുന്നു. സ്വാർത്ഥതയും അഹങ്കാരവും കൂടുകൂട്ടുന്നിടത്ത് സഹിക്കാനുള്ള കൃപ നഷ്ടമാകുമെന്ന യാഥാർത്ഥ്യം മനസിൽ സൂക്ഷിക്കാം. ഇവിടെയാണ് ക്രിസ്തുവിന്റെ പ്രേഷിതദൗത്യം നമ്മെ ചിന്തിപ്പിക്കേണ്ടത്. ക്രിസ്തുവിന്റെ പ്രേഷിതതീക്ഷ്ണത കണ്ട് യോഹന്നാൻ ആളയച്ച് ചോദിക്കുന്നു: “വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ?” (ലൂക്കാ 7:19). അതിനുള്ള ക്രിസ്തുവിന്റെ മറുപടി ശ്രദ്ധേയമാണ്: “നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌തതെല്ലാം ചെന്ന്‌ യോഹന്നാനെ അറിയിക്കുക. കുരുടന്മാര്‍ കാണുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്‌ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു” (ലൂക്കാ 7: 22).

എവിടെ ആയാലും ഏത് ജീവിതാന്തസിൽ ആയിരുന്നാലും ക്രിസ്തുവിനു വേണ്ടി വേല ചെയ്യുക, ഇതായിരിക്കണം എന്നും നമ്മുടെ കടമ. സ്വാർത്ഥത മറികടന്ന് ശുശ്രൂഷ ചെയ്യാൻ തയ്യാറായാൽ ദൈവം നമ്മെ അനുഗ്രഹിക്കും. ദൈവരാജ്യശുശ്രൂഷയിൽ വന്നുചേരുന്ന വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറായ അത്മായപ്രേഷിതരും സമർപ്പിതരും ധാരാളമായി രൂപപ്പെടട്ടെയെന്ന് ഇന്നേ ദിനം നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.