അടുത്തിരിക്കുമ്പോഴുള്ള അകലം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കലഹിച്ചാണ് ആ ദമ്പതികൾ ധ്യാനത്തിനെത്തുന്നത്. അടുത്തടുത്ത് ഇരിക്കുമ്പോഴും അവർക്കിടയിൽ അകലം ദൃശ്യമായിരുന്നു. ധ്യാന ദിവസങ്ങൾ കഴിയുന്തോറും അവർ തമ്മിലുള്ള അകലം കുറഞ്ഞു. മുഖം പ്രകാശിതമായി. ധ്യാനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനു മുമ്പ് അവർ എന്നെക്കാണാനെത്തി. ഭർത്താവാണ് തുടങ്ങിയത്: “ഞങ്ങൾ കലഹിച്ചാണച്ചാ, ധ്യാനത്തിനെത്തുന്നത്. എന്നാൽ ഇപ്പോൾ സന്തോഷത്തോടെ മടങ്ങുന്നു.”

“നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടാനുള്ള കാരണം കണ്ടെത്തിയോ?” ഞാൻ ചോദിച്ചു.

“ഉവ്വ്.” ഭാര്യയാണ് പറഞ്ഞത്. “വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാ ദിവസവും ഞങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുമായിരുന്നു. ചേട്ടൻ വീട്ടിലില്ലാത്തപ്പോൾ ഫോണിലൂടെയെങ്കിലും ഞങ്ങൾ പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിയിരുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്ന വേളയിൽ ഞങ്ങൾക്കിടയിലുള്ള സൗന്ദര്യ പിണക്കങ്ങൾ ഇല്ലാതാകും. എന്നാൽ, പതിയെപ്പതിയെ ജീവിതത്തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് പ്രാർത്ഥന നഷ്ടമായ്. അതോടു കൂടി നിസാര കാര്യത്തിനുപോലും കലഹിക്കുന്ന ശീലം വർദ്ധിച്ചു. രമ്യതപ്പെടാൻ കഴിയാത്ത രീതിയിൽ ഞങ്ങൾ അകന്നു. പ്രാർത്ഥനയില്ലാതായപ്പോൾ തന്നിഷ്ടം നിറവേറ്റുന്നതിലായിരുന്നു ശ്രദ്ധ. ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് വിവാഹ ജീവിതത്തിലെ ദൈവകരം ഞങ്ങൾ തിരിച്ചറിഞ്ഞത്. ഇനിയൊരിക്കലും ഒരുമിച്ചുള്ള പ്രാർത്ഥന മുടക്കില്ലെന്നാണ് ഞങ്ങളുടെ തീരുമാനം. അച്ചൻ അതിനായ് പ്രാർത്ഥിക്കണം.”

ഈ ദമ്പതികൾ പറഞ്ഞതു പോലെ ജീവിതത്തിരക്കുകൾക്കിടയിൽ പ്രാർത്ഥിക്കാനും ദൈവസ്വരം തിരിച്ചറിയാനും നമ്മളും ചിലപ്പോഴെങ്കിലും പരാജയപ്പെടാറില്ലെ? അങ്ങനെയുള്ള അവസരങ്ങളിലല്ലെ തന്നിഷ്ടം ചെയ്ത് ദൈവത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും അകലുന്നത്?

ഇവിടെയാണ് ക്രിസ്തുവും പിതാവും തമ്മിലുള്ള ബന്ധം നമ്മൾ ധ്യാനിക്കേണ്ടത്. ഞാനും പിതാവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞപ്പോൾ യഹൂദർ അവനെ എറിയാൻ കല്ലുകളെടുത്തു. അവർക്കു മുമ്പിൽ പതറാതെ പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് ക്രിസ്തു വിവരിക്കുന്നുണ്ട്.

“ഞാന്‍ എന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍, ഞാന്‍ അവ ചെയ്യുന്നെങ്കില്‍, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍, പിതാവ്‌ എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും” (യോഹന്നാന്‍ 10:37-38).

ദൈവത്തോട് ചേർന്ന് നിന്ന് ദൈവഹിതം നിറവേറ്റാനായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അല്ലെങ്കിൽ സകല സൗഭാഗ്യങ്ങൾക്കും മധ്യേ ശാന്തിയും സമാധാനവും നഷ്ടപ്പെട്ട് ജീവിതം ദുരിതക്കയത്തിലകപ്പെടുമെന്ന് തീർച്ച.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.