പരിഹസിക്കുന്നവരോട് പറയാം, ‘ഗോഡ് ബ്ലസ് യു’

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ശരീരമാസകലം വിണ്ടുകീറുന്ന രോഗമുള്ള കുട്ടിയെ അറിയാം. കൂട്ടുകാരിൽ ചിലർ അവളെ ‘ചൊറിത്തവള’ എന്നു വിളിച്ച് അപമാനിച്ചു. അവരോട് എതിർത്ത് സംസാരിക്കാൻ മുതിരാതെ അവൾ നിശബ്ദയായി. ഒരിക്കൽ സഹപാഠികളുടെ പരിഹാസത്തിൽ വിഷണ്ണയായ അവൾ ക്ലാസിൽ കയറാതെ ദൈവാലയത്തിലേക്ക് പോയി.

പള്ളിയിലിരുന്ന് കരയുകയായിരുന്ന അവൾക്കരികെ വികാരിയച്ചൻ എത്തി. “എന്തുപറ്റി കുഞ്ഞേ, നീയെന്താ ക്ലാസിൽ കയറാത്തത്?” അവളുടെ വിഷമങ്ങളെല്ലാം അവൾ അച്ചനുമായ് പങ്കുവച്ചു. അവളെ ചേർത്തണച്ചുകൊണ്ട് അച്ചൻ പറഞ്ഞു: “മറ്റുള്ളവർ ചൊറിത്തവള എന്ന് വിളിച്ചതുകൊണ്ട് നീ അങ്ങനെയാകുന്നില്ല. അവർ പറയുന്നതു കേട്ട് തലതാഴ്ത്തി നടക്കുകയല്ല വേണ്ടത്. നിന്റെ ശരീരത്തിലെ കുറവുകൾ അംഗീകരിക്കുക. നിന്റെ മനസാക്ഷിയുടെ മുമ്പിൽ സ്വയം വിലമതിക്കുന്നവളാകുക. ഓരോരുത്തരും അവരുടെ ചിന്താഗതികളും സംസ്ക്കാരവുമനുസരിച്ചാണ് പെരുമാറുക. ഇനിമുതൽ ആരെങ്കിലും നിന്നെ ഇരട്ടപ്പേര് വിളിച്ചാൽ അവരുടെ മുഖത്തുനോക്കി ‘താങ്ക് യു, ഗോഡ് ബ്ലസ് യു…’
എന്ന് മറുപടി നൽകുക.”

അന്നുമുതൽ അവളുടെ ശിരസ് അവഹേളനങ്ങൾക്കും പരിഹാസശരങ്ങൾക്കും മധ്യേ താഴ്ന്നിട്ടില്ല. വാക്കുകൾ കൊണ്ട് മുറിവേറ്റവരും മുറിവേൽപ്പിക്കുന്നവരുമാണല്ലോ നമ്മൾ? ശാരീരിക ബലഹീനതകൾ ചൂണ്ടിക്കാട്ടി മറ്റുള്ളവരെ പരിഹസിക്കുന്ന രീതി പലയിടങ്ങളിലുമുണ്ട്. ചിലരിലെ ആത്മവീര്യം ചോർത്തിക്കളയുന്നത് അങ്ങനെയുള്ള ആക്ഷേപങ്ങളാണെന്ന് നമ്മൾ തിരിച്ചറിയണം. ക്രിസ്തുവിന്റെ വാക്കുകൾ ശ്രദ്ധിക്കൂ: “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌” (ലൂക്കാ 6: 45).

ഹൃദയത്തിൽ നന്മ സൂക്ഷിച്ച് മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുമ്പോൾ മാത്രമേ നമ്മിലെ ദൈവീക ചൈതന്യം പ്രസരിക്കപ്പെടൂ എന്ന സത്യം മനസിലാക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.