ചെറിയവനും വലിയവനും മാർപാപ്പക്ക് തുല്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഫ്ലവേഴ്സ് ടിവി -യിലെ ഒരു കോടി എന്ന പരിപാടിയിൽ ഡേവിസ് ചിറമ്മലച്ചനും പങ്കെടുത്തിരുന്നു. അവതാരകനായ ശ്രീകണ്ഠൻ നായരോട് വൃക്കദാനത്തെക്കുറിച്ച് അച്ചൻ വിവരിച്ചു:

“കത്തോലിക്കാ പുരോഹിതരിൽ ആദ്യമായി ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ എല്ലാവരും അതിശയിച്ചു. പലരും എതിർത്തു. വൃക്ക ദാനം ചെയ്യുന്നതിന് അനുമതി നൽകേണ്ട സമിതിയിലെ അംഗങ്ങൾ ‘മാർപാപ്പയുടെ അനുവാദം ലഭിച്ചുവോ’ എന്നുവരെ ചോദിക്കുകയുണ്ടായി.”

ഇതുകേട്ട അവതാരകൻ പറഞ്ഞു: “അച്ചൻ ഒരു കത്തെഴുതിയാൽ മാർപാപ്പ അച്ചന്റെയടുത്ത് വരും. അത്ര വലിയ കാര്യമല്ലേ അച്ചൻ ചെയ്തത്? മാർപാപ്പ ഇനി ഇന്ത്യയിൽ വരുമ്പോഴെങ്കിലും അച്ചനെ സന്ദർശിക്കാതിരിക്കില്ല.”

അദ്ദേഹത്തിന്റെ വാക്കുകളിൽ മതിമറക്കാതെ അച്ചൻ ഇങ്ങനെ പറഞ്ഞു: “എന്റെ ജീവിതത്തിൽ ഓരോ ചെറിയ വ്യക്തിയും മാർപാപ്പക്കു തുല്യരാണ്. വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും എന്റെ ദൃഷ്ടിയിൽ വലിയവരാണ്. ഞാൻ ഈ പരിപാടിയിൽ വന്നതുപോലും ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിനു വേണ്ടിയാണ്. അവരും ദൈവത്തിന്റെ സൃഷ്ടികളാണല്ലോ.”

എത്ര വലിയ കാഴ്ചപ്പാട്! ഇങ്ങനെയുള്ള കാഴ്ചപ്പാടുകളാണ് ഏതൊരു വ്യക്തിയെയും മഹാനും മഹതിയുമാക്കുന്നത്. മറ്റുള്ളവരിൽ ദൈവികചൈതന്യം ഉണ്ടെന്നും അവർ നമ്മേക്കാൾ വലിയവരാണെന്നും തിരിച്ചറിയുമ്പോഴാണ് നമ്മിൽ ദൈവം ജന്മമെടുക്കുന്നത്. “എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്‌ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല” (യോഹ. 1: 9-10) എന്ന വചനം ഇവിടെ ചിന്തനീയമാണ്.

നമ്മിൽ പ്രകാശിക്കാനും നമ്മിലൂടെ പ്രകാശിക്കാനുമാണ് ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചത്. അവനെ തിരിച്ചറിയാതെ പാപത്തിന്റെ അന്ധകാരത്തിൽ നാം ജീവിതം തുടരുമ്പോൾ നമ്മിലൂടെ ഉദിക്കേണ്ട ദൈവീകപ്രഭയാണ് അണഞ്ഞുപോകുന്നത്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.