ദൈവഹിതം തേടുന്നതാണ് ശരിയുത്തരം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മൂന്നുവയസുള്ള കുഞ്ഞുമായ് വന്ന ദമ്പതികളുടെ ഓർമ മനസിലിന്നും തെളിമയോടെ നിൽക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന അവർ തിരിച്ചു പോകുന്നതിനു മുമ്പ് കുഞ്ഞിനെ എഴുത്തിനിരുത്താനും കൂടിയാണ് വന്നത്. ചടങ്ങ് കഴിഞ്ഞ് അവർ മടങ്ങിയപ്പോൾ എന്റെ ചിന്തകൾ ഏതാനും വർഷം പിന്നിലേക്ക് പോയി. അന്നവർ വന്നപ്പോൾ രണ്ടുപേരുടെ മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നു. ഏറെക്കാലത്തെ പ്രാർത്ഥനയുടെ ഫലമായാണ് വിദേശ ജോലി ശരിയായത്.

രണ്ടു പേർക്കും പോകാനുള്ള പേപ്പറുകളെല്ലാം റെഡിയായപ്പോഴാണ് ഭാര്യ ഗർഭിണിയാണെന്നറിയുന്നത്. ഗർഭിണികളെ ജോലിക്കെടുക്കില്ല എന്നതായിരുന്നു അവർക്ക് ജോലി നൽകിയ കമ്പനിയുടെ ചട്ടം. ജോലിയ്ക്കും കുഞ്ഞിനുമിടയിലുള്ള പ്രതിസന്ധിയിൽ കുഞ്ഞിനെ നശിപ്പിക്കാനുള്ള തീരുമാനമാണ് ആദ്യം അവർ എടുത്തത്. ഈ വിവരം ഇരുകൂട്ടരുടെയും മാതാപിതാക്കളോ കുടുംബാംഗങ്ങളോ അറിഞ്ഞിരുന്നുമില്ല.

അവർക്കു വേണ്ടി പ്രാർത്ഥിച്ചശേഷം ഞാൻ ചോദിച്ചു: “ഇപ്പോൾ കിട്ടിയ ജോലി പ്രസവത്തിനു ശേഷം ലഭിക്കുമോ?”

“ഉറപ്പില്ല, ചിലപ്പോൾ ലഭിക്കും.”

“ഒരുമിച്ചല്ലെങ്കിലും ഒരാൾക്കെങ്കിലും പോകാൻ കഴിയുമോ?”

“അതിന് കുഴപ്പമൊന്നും ഉണ്ടാകില്ല.”

“എങ്കിൽ കുഞ്ഞിനുവേണ്ടി ഒരാളുടെ ജോലി ഉപേക്ഷിക്കൂ. ദൈവം തക്കസമയത്ത് ഇടപെടും.” അവരുടെ ആവശ്യപ്രകാരം ഞാനിക്കാര്യം അവരുടെ വീട്ടുകാരോടും പറഞ്ഞു. ജോലിയേക്കാൾ കുഞ്ഞ് എന്ന തീരുമാനത്തോട് വീട്ടുകാരും യോജിച്ചു. ഉറച്ച തീരുമാനവുമായ് സന്തോഷത്തോടെ അവർ വീട്ടിലേക്ക് മടങ്ങി.

രണ്ടാഴ്ചയ്ക്കു ശേഷം അവരിരുവരും വീണ്ടുമെന്നെക്കാണാൻ വന്നു. ഭർത്താവാണ് സംസാരിച്ചത്: “അടുത്ത ബുധനാഴ്ചയ്ക്ക് ടിക്കറ്റ് വന്നിട്ടുണ്ട്. കമ്പനിയിൽ കുറച്ചുപേർ എമർജൻസി ലീവിനുപോയതിനാൽ ഗർഭിണിയായ ഭാര്യയെക്കൂടി കൊണ്ടു വന്നോളൂ. പ്രസവ സമയമാകുമ്പോൾ ലീവ് അനുവദിക്കാം എന്നായിരുന്നു കമ്പനി അധികൃതരുടെ വാഗ്ദാനം!”

അദ്ദേഹമത് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. എന്റെ നയനങ്ങളും അപ്പോൾ നിറഞ്ഞിരുന്നു. രഹസ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരാണ് നമ്മിൽ പലരും. ചില തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന തിരിച്ചറിവിൽ നൊമ്പരപ്പെടുന്നവരുമുണ്ട്. നമ്മൾ എടുത്ത തീരുമാനങ്ങൾ ശരിയല്ലെന്ന് തോന്നുമ്പോൾ തിരുത്താൻ കഴിയുമെങ്കിൽ തിരുത്തുക. അതാണ് ദൈവീകം.

അതിന് പറ്റിയ ഉത്തമ ഉദാഹരണമാണ് വി.യൗസേപ്പിതാവിന്റേത്. ഇരുവരും സഹവസിക്കുന്നതിനു മുമ്പ് മറിയം ഗർഭിണിയായ് കാണപ്പെട്ടപ്പോൾ അവളെ ‘രഹസ്യത്തിൽ’ ഉപേക്ഷിക്കാനാണ് ഔസേപ്പിതാവ് തീരുമാനിക്കുന്നത്. എന്നാൽ സ്വപ്നത്തിൽ ദൈവദൂതന്റെ ഇടപെടൽ സ്വീകരിച്ച അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ച തീരുമാനത്തിൽ നിന്നും പിന്മാറി. (മത്താ 1:18-24).

ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ദൈവത്തോട് ആലോചന ചോദിക്കണം. തെറ്റാണ് തീരുമാനമെന്ന് ബോധ്യമായാൽ തിരുത്താനും തൃണം പോലെ ഉപേക്ഷിക്കാനും തയ്യാറാകണം. വിവേചനത്തിനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.