ഒരു എ.ടി.എം. കാർഡിന്റെ വില

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പെൺമക്കളുടെ വിവാഹം നടത്തുമ്പോൾ മാതാപിതാക്കൾക്കുള്ള സ്വപ്നങ്ങൾ എന്തെല്ലാമാണ്? ചെന്നുകയറുന്ന വീട്ടിൽ കുറവു വരാത്ത രീതിയിൽ കുറച്ച് പൊന്ന് കൊടുക്കണം. അത്യാവശ്യം വസ്ത്രങ്ങൾ എടുക്കണം. നാട്ടുനടപ്പനുസരിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഒരില ചോറെങ്കിലും കൊടുക്കണം.

ഇത്രയും ആഗ്രഹങ്ങളേ ആ ഗൃഹനാഥനും ഉണ്ടായിരുന്നുള്ളൂ. മൂത്ത മകളുടെ വിവാഹം നടത്തിയതിന്റെ കടങ്ങൾ അതുവരെയും തീർന്നിട്ടില്ലായിരുന്നു. അപ്പോഴാണ് ഇളയവൾക്ക് നല്ലൊരു ആലോചന വന്നത്. ദൈവത്തിൽ വിശ്വസിച്ച് വിവാഹം ഉറപ്പിച്ചു. കുറച്ചു പണം പലയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ചു. ബാക്കി കാര്യങ്ങൾ നടത്താൻ ഒരു ബാങ്കിൽ രണ്ടു ലക്ഷത്തിന്റെ ലോണിനും അപേക്ഷിച്ചിരുന്നു. ബാങ്ക് മാനേജർ ഗൃഹനാഥന്റെ അടുത്ത സുഹൃത്തായതിനാൽ ലോൺ പാസാകുമെന്ന് ഉറപ്പായിരുന്നു.

പക്ഷേ, കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നില്ല. പ്രതീക്ഷിച്ചതുപോലെ ലോണും പാസായില്ല. വിവാഹത്തിനാണെങ്കിൽ ഇനി ഒരാഴ്ച മാത്രം. സുഹൃത്തായ ബാങ്ക് മാനേജരോട് ഗൃഹനാഥന് ഒടുങ്ങാത്ത പകയായിരുന്നു. വിഷം കഴിച്ച് മരിച്ചാലോ എന്നുപോലും ചിന്തിച്ചിരിക്കുമ്പോഴാണ് ബാങ്ക് മാനേജർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നത്.

അയാൾ പറഞ്ഞു: “എനിക്കറിയാം, നിങ്ങൾക്കെന്നോട് തീരാത്ത പകയാണെന്ന്. ബാങ്കിന് അതിൻ്റേതായ ചില നിയമങ്ങളുണ്ട്. തല്‍ക്കാലം ചില ലോണുകൾ നിർത്തിവയ്ക്കണമെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. അത് പാലിച്ചില്ലെങ്കിൽ എന്റെ ജോലി പോകും. അതുകൊണ്ടാണ് നിങ്ങളുടെ ലോൺ ഇപ്പോൾ പാസാകാതിരുന്നത്. ക്ഷമിക്കണം.”

ഇത്രയും പറഞ്ഞതിനുശേഷം പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് ആ ഗൃഹനാഥന്റെ കരങ്ങളിൽ
വച്ചുകൊണ്ട് പറഞ്ഞു: “സുഹൃത്തേ ഞാനും ഒരു അപ്പനാണ്. നിന്റെ മനോവിഷമം എനിക്ക് മനസിലാകും. ഈ കവറിൽ എന്റെ എ.ടി.എം കാർഡാണ്. രണ്ടു ലക്ഷത്തിലധികം രൂപ അക്കൗണ്ടിലുണ്ട്. ഒരു കടലാസിൽ അതിന്റെ പിൻനമ്പറുമുണ്ട്. വിവാഹം നടക്കട്ടെ. അടുത്ത മാസം ലോൺ ശരിയാകുമ്പോൾ തിരിച്ചുതന്നാൽ മതി.”

എന്തു പറയണമെന്നറിയാതെ ആ ഗൃഹനാഥൻ കൂപ്പുകരങ്ങളോടെ നിന്നു. അപ്പോൾ അയാളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നീട് അയാൾ പറഞ്ഞത് ഇങ്ങനെയാണ്: “അച്ചാ, ഒരു അപ്പൻ തോറ്റുപോകുന്നത് മക്കളുടെ കാര്യങ്ങൾ നടത്താൻ കഴിയാതെ വരുമ്പോഴാണ്. അന്ന് ഞാൻ തോറ്റ ദിവസമായിരുന്നു. എന്നാൽ എന്റെ സുഹൃത്തിന്റെ ഇടപെടൽ എന്നെ അവിടെ വിജയിപ്പിച്ചു. അതിലും വലിയ അത്ഭുതമൊന്നും ജീവിതത്തിൽ ഇനി നടക്കാനില്ല. അവൻ തന്നത് കേവലം ഒരു എ.ടി.എം.കാർഡല്ല; എന്റെ ജീവന്റെ വിലയാണ്.”

നമ്മുടെ ജീവിതത്തിലും ചില നിസ്സഹായ അവസ്ഥകളിൽ ദൈവത്തിന്റെ രൂപം പേറി ഇങ്ങനെ പലരും കടന്നുവന്നിട്ടില്ലേ? അപ്രതീക്ഷിതമായ അവരുടെ ഇടപെടലുകൾ നമ്മുടെ മിഴികളെയും ഈറനാക്കിയിട്ടില്ലേ? അതു തന്നെയാണ് അന്നും നടന്നത്. വിശന്നു വലയുന്ന അയ്യായിരത്തിലധികം വരുന്ന ജനക്കൂട്ടം. അതിൽ മാതാപിതാക്കളും കുട്ടികളുമൊക്കെ കാണും. തിരിച്ച് വീടണഞ്ഞ് പശിയകറ്റുമ്പോൾ ഏറെ വൈകില്ലേ എന്ന ചിന്തയാണ് ക്രിസ്തുവിനെ അസ്വസ്ഥനാക്കിയത്. ആ നൊമ്പരമാണ് അവരെ തീറ്റിപ്പോറ്റണം എന്ന ചിന്തയിലേയ്ക്ക് ക്രിസ്തുവിനെ നയിച്ചത്. ഓർക്കണേ, അപ്പോഴും ശിഷ്യന്മാർ പറയുന്നത് അവരെ വീടുകളിലേയ്ക്ക് പറഞ്ഞയയ്ക്കാനാണ് (ലൂക്ക 9:10-17).

ചില ചിന്താഗതികൾ മാറിയാൽ നിങ്ങൾക്കും പ്രവർത്തിക്കാം അത്ഭുതങ്ങൾ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.