മധുരം വചനം – നവംബർ 09: ഞാൻ പ്രകാശൻ 

ഫാ. അജോ രാമച്ചനാട്ട്

“അതുകൊണ്ട്‌, നീ വിരുന്നിനു ക്‌ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്‌, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്‌ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും.”
(ലൂക്കാ 14 : 10)

ഞാൻ പ്രകാശൻ !

ഭൂമിയിലെ ഏറ്റവും വലിയ യുദ്ധം ഏതായിരിക്കും ? എന്റെ ഈഗോയോട് – അഹത്തോട് – ഞാനെന്ന ഭാവത്തോട്‌ – ഉള്ള fight തന്നെ. എത്ര ലളിതമായിട്ടാണ്‌ ക്രിസ്തു ചുറ്റുമുള്ളവരുടെ ചങ്കിലേയ്ക്ക്‌, മുഖം നോക്കാതെ ആ വെല്ലുവിളി ഇട്ടുകൊടുക്കുന്നത്.

പ്രമാണിത്തവും സമ്പന്നതയും കൊട്ടിഘോഷിക്കപ്പെടുന്ന ഇടങ്ങളിൽ എന്റെ തലപ്പാവുകൾ ഊരി താഴെവയ്ക്കണമെന്ന് !
സമൂഹം നൽകിയതും ഞാൻ ആർജ്ജിച്ചെടുത്തതുമായ പദവികളെയും സ്ഥാനങ്ങളെയും പുഞ്ചിരിയോടെ മാറ്റിവയ്ക്കണമെന്ന് !
അടിമത്തഭാവം കൊണ്ടുനടക്കുന്ന സാധാരണക്കാരുടെ നടുവിൽ ചെന്ന് തോളോടുതോൾ ചേർന്നിരിക്കണമെന്ന് !

“എനിക്ക് ശേഷം പ്രളയം” എന്നൊക്കെ ഫ്രാൻസിലെ കുപ്രസിദ്ധചക്രവർത്തി ലൂയി പതിനഞ്ചാമൻ പ്രഖ്യാപിച്ചെന്നു കേട്ടിട്ടുണ്ട്. പൊടുന്നനെ ഞാനില്ലാതായാൽ എൻ്റെ ഓഫീസിനോ, വീടിനോ, ജോലിസ്ഥലത്തിനോ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താനാകണം. ഭൂമിയിലെ ഒരു മരണവും ജീവിതത്തിൻ്റെ സ്വാഭാവിക ചലനങ്ങളെ തടസപ്പെട്ടുത്തിയിട്ടില്ലല്ലോ ഇതുവരെ ?

അതെ, ഞാൻ ഒന്നിൻ്റെയും (ആരുടെയും) അനിവാര്യതയല്ല !

തനിയെ കെട്ടിയ ആകാശക്കൊട്ടാരങ്ങളിൽ നിന്ന് താഴെയിറങ്ങേണ്ട നേരമായി ..
‘ഞാൻ പ്രകാശൻ’ എന്ന സിനിമയിൽ പി.ആർ ആകാശിൽ നിന്ന് പ്രകാശനിലേക്ക് ഇറങ്ങി വന്നതുപോലെ. പഠിക്കാനുണ്ട്, ഒരുപാട് !!

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം ..

ഫാ. അജോ രാമച്ചനാട്ട്