മധുരം വചനം – നവംബർ 05: സ്വാതന്ത്ര്യത്തിന്റെ വിശാലലോകത്ത്…

ഫാ. അജോ രാമച്ചനാട്ട്

“പാപം ചെയ്യാന്‍ കഴിവുണ്ടായിട്ടും അതു ചെയ്യാത്തവനും തിന്‍മ പ്രവർത്തിക്കാന്‍ സാധ്യതയുണ്ടായിട്ടും അതു ചെയ്യാത്തവനും ആരുണ്ട്‌? അവന്റെ ഐശ്വര്യം സ്‌ഥിരമായിരിക്കും; സമൂഹം അവന്റെ ഔദാര്യത്തെ പുകഴ്‌ത്തുകയും ചെയ്യും.”
(പ്രഭാഷകന്‍ 31 : 10-11)

സ്വാതന്ത്ര്യത്തിന്റെ വിശാലലോകത്ത് ..

എന്റെ സ്‌കൂൾ ജീവിതം 90 – കളിലാണ്. അക്കാലത്ത് ക്ലാസ്സിൽ ‘ഉഴപ്പന്മാർ’ എന്ന് എല്ലാവരും വിളിക്കുന്ന കുറച്ചുപേരുണ്ടാവും. ബാക്ക് ബെഞ്ച് അവരുടേതാണ്. ഹെഡ്മാസ്റ്റർ വടിയുമായി വരുന്നത് അവരെ പൊക്കാനാണ്. ഏതെങ്കിലും ക്ലാസ്സിൽ അടിയുടെ ശബ്ദം കേട്ടാൽ ഉറപ്പാണ്, ഇര അവരിലാരോ ആണ്. ഹാജരും കമ്മി, പരീക്ഷയിൽ സ്ഥിരം തോൽവി, ക്ലാസ്സ് നടക്കുമ്പോ ഏത് ക്ലാസ്സിന്റെ പിറകിലും അവരുണ്ടാവും, ഇരിക്കാൻ അനുവാദമില്ലാതെ.. അതേ, അവർ ബ്രാൻഡഡ് ആയിരുന്നു.. !

മറ്റൊരു കൂട്ടരും ഉണ്ടായിരുന്നു, ‘നല്ല പിള്ളേർ’ എന്ന പേരിൽ. വൃത്തിയും മെനയും, നല്ല മാർക്ക്, നിത്യഹാജർ, സാറുമ്മാരുടെ കണ്ണിലുണ്ണികൾ, അൾത്താരസംഘം, തിരുബാലസഖ്യം, മിഷൻലീഗ്.. അങ്ങനെ അവരും ബ്രാൻഡഡ് ആയിരുന്നു..
അത് ക്ലാസ്സിലും പള്ളിയിലും വീട്ടിലും ബസ്സിലും എല്ലാം അങ്ങനെ ആയിരുന്നുതാനും..

പറഞ്ഞുവന്നത് എന്താണെന്നോ? ഇന്ന് ആ തരംതിരിവില്ല. ഇന്ന് എല്ലാവരും ‘നല്ല കുട്ടികൾ’ ആണ് !
മുതിർന്ന മനുഷ്യരിലും ഉണ്ടായിരുന്നു, ബ്രാൻഡഡ് ഉഴപ്പൻമാർ. എന്നാൽ ഇന്ന് എല്ലാവരും ‘ജെന്റിൽമെൻ’ ആണ് !

എന്താ കാരണം? അന്നൊക്കെ ചെറിയ വീട്, ഒത്തിരി മനുഷ്യർ, വീട്-പറമ്പ്-തോട് ആണ് നമ്മുടെ സ്പേസ്. ഒരുമിച്ചാണ് കുളിയും അലക്കും നടത്തവും യാത്രയും ഉറക്കവും ഒക്കെ.. മനുഷ്യന് സ്വകാര്യതയും സ്വാതന്ത്ര്യവും നന്നേ കുറവ്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ കണ്ണിൽ ആയിരുന്നു എന്റെ ജീവിതം.

ഇന്ന് കാര്യങ്ങൾ മാറി.. വലിയ കെട്ടിടങ്ങൾ, എല്ലാവർക്കും സ്വന്തം വാഹനം, യഥേഷ്ടം നവമാധ്യമങ്ങൾ.. നമ്മുടെ സ്‌പേസ് ആകട്ടെ, ഈ പ്രപഞ്ചവും. സ്വകാര്യതയും സ്വാതന്ത്ര്യവും ആവോളം..
ആരുടെയും കണ്ണിൽപ്പെടാതെ എന്തും ആകാവുന്ന കാലം !

ഞാൻ മാന്യൻ അല്ലെന്ന് ആരും പറയില്ല, മനസ്സാക്ഷിയൊഴികെ !

മാർക്കിടാൻ ആരും കൂടെ ഇല്ലാത്തപ്പോഴും, നിരീക്ഷിക്കാൻ മറ്റൊരു കണ്ണ് ഇല്ലാത്തപ്പോഴും, പാപമില്ലാത്തവരായി ജീവിക്കാൻ നമുക്ക് തന്റേടമുണ്ടോ എന്നതാണ് ഇന്ന് വചനം മുന്നിൽ വയ്ക്കുന്ന ചങ്കുലയ്ക്കുന്ന ചോദ്യം!
ചോദ്യം എന്നോടാണ്, എന്റെ സ്വകാര്യതകളോടാണ് !

ദൈവമേ…

ശുഭദിനം സ്നേഹപൂർവം,

ഫാ. അജോ രാമച്ചനാട്ട്