കുരിശിന്റെ വഴിയിൽ ഇത്തിരിനേരം 2: നെഞ്ചിൽ തറച്ച വാളുമായി ഒരമ്മ

ഫാ. അജോ രാമച്ചനാട്ട്

“അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.” (ലൂക്കാ 2:35)

പരിശുദ്ധ മറിയത്തിന്റെ നെഞ്ചിൽ തറച്ച വാളെന്താവും? പൊന്നുമകന്റെ കുരിശുമരണം തന്നെയാണത്. നൻമ മാത്രമായിരുന്നവനെ – തന്റെ ഗർഭപാത്രത്തിന്റെ കനിയെ – തെരുവുപട്ടിയെപ്പോലെ ജനം തല്ലിക്കൊല്ലുന്നതു കാണേണ്ടിവരിക. കുരിശിലെ അവന്റെ മരണവേദനയ്ക്ക് കൂട്ടാകേണ്ടിവരിക. അവന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവരിക. ഹൃദയം പൊട്ടാതെ ഒരമ്മ എങ്ങനെ സഹിച്ചു നിൽക്കും?

നെഞ്ചിൽ തുളഞ്ഞുകയറിയ വാളുമായി ഈ ഭൂമിയിൽ ജീവിക്കുന്ന എത്രയോ അമ്മമാരുണ്ടെന്നറിയാമോ?

വിവാഹത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ “എനിക്ക് കുറച്ചു പണം കിട്ടിയാൽ മതിയായിരുന്നു. നീയിനി വേണമെങ്കിൽ തിരികെ വീട്ടിലേക്ക് പൊക്കോ. നിന്നെയെനിക്ക് ആവശ്യമില്ല” എന്ന് ഭർത്താവിൽ നിന്ന് കേൾക്കേണ്ടി വന്ന ഒരമ്മയെ ഓർമ്മ വരുന്നു. അവരെങ്ങോട്ടു പോകാനാണ്. അന്നുമുതൽ ഒരുനുള്ള് പരിഗണനയോ സ്നേഹമോ കിട്ടാതെ ആ വീട്ടിലെ അടിമയെപ്പോലെ ജീവിക്കുകയാണ്, ആ സ്ത്രീ. ഭക്ഷണം പാകം ചെയ്തും അലക്കിയും തുടച്ചും അയാളുടെ കഞ്ഞുങ്ങളെ പ്രസവിച്ചും ഒരടിമ കണക്കെ…മാത്രമോ, ഭർത്താവെന്നു വിളിക്കുന്നവന്റെ സർവ കൊള്ളരുതായ്മകൾക്കും സാക്ഷിയാകേണ്ടിവരിക എന്ന ദുരന്തം കൂടി – മദ്യപാനത്തിനും, പരസ്ത്രീബന്ധത്തിനും, കള്ളക്കടത്തിനും, കഞ്ചാവിനും, കൂടോത്രത്തിനും എല്ലാം.

ഭർത്താക്കൻമാരുടെ മദ്യപാനം കൊണ്ട് അക്ഷരാർത്ഥത്തിൽ ജീവിതം നശിച്ചുപോയ എത്രയോ അമ്മമാർ. “എനിക്കൊന്നു മരിക്കാൻ ധൈര്യം കിട്ടിയിരുന്നെങ്കിൽ” എന്നൊരു സ്ത്രീ സങ്കടപ്പെട്ടത് യാതനകളുടെ ഒരു ഹിമാലയം തന്നെ നടന്നുതീർത്തിട്ടായിരുന്നു. മകളുടെ തോന്ന്യവാസങ്ങൾക്കു കൂട്ടുനിൽക്കാത്തതിന് “എന്റെ അപ്പനാരാണെന്നു പറയെടീ”യെന്ന് പറഞ്ഞ് ഭർത്താവിനൊപ്പം കലിതുള്ളിയ മകളോട് വിധവയായ ഒരമ്മ എന്തു മറുപടി പറയാനാണ്, രണ്ടു തുള്ളി കണ്ണീരല്ലാതെ?

വീണുകാലുപിടിച്ചിട്ടും മാതാപിതാക്കളുടെ കണ്ണീരിനെ കാണാത്ത മട്ടിൽ മകൾ അന്യമതക്കാരന്റെ കൂടെയിറങ്ങിപ്പോയതിനുശേഷം ഒരു പോള പോലും ഉറങ്ങാനാവാത്ത എത്രയോ അമ്മമാരുണ്ട്? ഭാര്യയുടെ ശരീരത്തിന് അറബിയുടെ കയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങിയ അച്ചായൻമാരും ഈ നാട്ടിലുണ്ട്.

പേനത്തുമ്പിലേയ്ക്ക് പലതും ഓർമ വരുന്നുണ്ട്, വേണ്ട…

അമ്മ മേരിയെപ്പോലെ ഹൃദയത്തിൽ വാളു തറഞ്ഞ ഒരായിരം അമ്മമാരുണ്ട്, സ്ത്രീകളുണ്ട് ഈ മണ്ണിൽ. ആരോടും പരാതി പറയാനില്ലാതെ, ആരും കേൾക്കാനില്ലാതെ, കുറെ കണ്ണീരു തോരാത്ത മനുഷ്യപ്രാണികൾ. ഹൃദയത്തിൽ വാളു തറഞ്ഞവർ.

അവർക്കൊക്കെയും കുരിശിന്റെ താഴെ നിന്ന അമ്മ മറിയത്തിന്റെ മുഖമാണ്.
അല്ലയോ, കുരിശിന്റെ ചോട്ടിലെ അമ്മേ, നിനക്ക് ക്രൂശിതനായ ക്രിസ്തു ഉണ്ടാകും, കൂട്ടിനായി. ജീവിതം മുറിവേൽപിച്ച അമ്മമാർ – ഭൂമിയിൽ ജീവിക്കുന്ന കുരിശിന്റെ വഴികൾ !

ഫാ. അജോ രാമച്ചനാട്ട്