വചനം – ആത്മാവിന്റെ അന്നം – മധുരം വചനം: 01 

ഫാ. അജോ രാമച്ചനാട്ട്

“ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്‌ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്‌ഷണ ക്‌ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌.
അന്ന്‌ അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കു മുതല്‍ കിഴക്കു വരെയും അലഞ്ഞു നടക്കും. കര്‍ത്താവിന്റെ വചനം തേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.”
(ആമോസ്‌ 8 : 11-12)

വചനം – ആത്മാവിന്റെ അന്നം

1942-ൽ ബംഗാൾ മേഖലയിലുണ്ടായ ഒരു ക്ഷാമത്തെ തുടർന്നാണ് 1943-ൽ Grow More Food പദ്ധതി ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയത്. 1950 ന് ശേഷം ഹൈറേഞ്ചിലേയ്ക്കും മലബാറിലേയ്ക്കുമൊക്കെ ഉണ്ടായ കുടിയേറ്റങ്ങൾക്ക് കാരണം ഇത് തന്നെ, ക്ഷാമവും വറുതിയും !

കാലം മാറി, പഞ്ഞവും പട്ടിണിയുമൊക്കെ പഴങ്കഥകളായി. പുതിയ കാലം നേരിടാൻ പോകുന്ന ക്ഷാമം എന്താവും? ആമോസ് 8,11 നമ്മുടെ കാലത്തിന്റെ, വരും നാളുകളുടെ ചിത്രമാണ്. വരാനിരിക്കുന്നത് ആത്മീയതയുടെ വരൾച്ച.. വചനം കിട്ടാത്തതിന്റെ ക്ഷാമം..

വിശപ്പും ദാഹവും മാറിയാൽ പിന്നെ വചനം പതിയെ രുചിച്ചു തുടങ്ങേണ്ട കാലമായി സുഹൃത്തേ. ഒരു കാര്യം സത്യമാണ്, ദൈവവചനം വല്ലാത്തൊരു തൃപ്തി തരുന്നുണ്ട്. ചെറുതല്ലാത്തൊരു ഊർജ്ജം തരുന്നുണ്ട്. ജീവിതത്തിന് നിലപാടുകളും ..!

ബൈബിളും കുർബാനയുമൊക്കെ ഫോൺ സ്ക്രീനിൽ കൊണ്ടു നടന്നിട്ടും അരമിനിറ്റ് അതിനായി മാറ്റി വയ്ക്കാൻ നേരം ഇല്ലാത്തവരായ നമ്മൾക്ക് എങ്ങനെ ദൈവാനുഭവം സാധ്യമാകും?

ഭൗതികതയുടെ സമൃദ്ധിയാണ് എങ്ങും. എങ്കിലും, ജീവിതത്തിൻ്റെ ആഘോഷങ്ങൾക്ക് നടുവിലും നാളെ വന്നെത്തിയേക്കാവുന്ന ആത്മീയ വറുതിയെ ചെറുക്കാൻ ഇന്നുമുതൽ വചനം നുണഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു, നമ്മൾ.

നല്ല ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്