ദൈവ വചനവും ദൈവാത്മാവും നമ്മെ ശക്തിപ്പെടുത്തുന്നു: പാപ്പാ

ദൈവവചനവും ദൈവാത്മാവും തമ്മിലുള്ള മനോഹരമായ ഐക്യത്തെകുറിച്ച് വിശ്വാസ സമൂഹത്തെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചത്.

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം യഥാർത്ഥത്തില്‍ ദൈവവുമായുള്ള വ്യക്തിപരമായ ഐക്യത്തിൽ പ്രവേശിക്കുവാനും ആ അനുഭവത്തിൽ ജീവിക്കുവാനും സാർവത്രീകമായ രക്ഷാകര ദൗത്യത്തിൽ പങ്കുചേരുവാനും ‘ദൈവത്തിന്‍റെ മക്കൾ’ എന്ന നിലയിൽ ജീവിക്കുവാനും കഴിവ് നൽകുന്നു. ‘ദൈവത്തിന്‍റെ മക്കൾ’ എന്നത് വ്യക്തവും സ്വതന്ത്രവും ഫലദായകവും ക്രിസ്തുവിലുള്ള പ്രത്യാശയും ദൈവത്തോടും സഹോദരങ്ങളോടുള്ള പൂർണ്ണമായ സ്നേഹത്തിന്‍റെ വിശ്വസ്തതയും ഉൾക്കൊണ്ടിരിക്കുന്നു. ആകയാൽ ദൈവത്തെ സ്വന്തമാക്കാൻ ബലപരീക്ഷണം നടത്തേണ്ട ആവശ്യമില്ല. സ്വതന്ത്രമായും സമുചിതമായ സമയത്തിലും ദൈവം നമുക്ക് എല്ലാം നൽകുന്നു.

ഉത്ഥിതനായ ക്രിസ്തു, തന്‍റെ അനുയായികളെ ഇന്നിനെ ആകുലതയോടെ വീക്ഷിക്കാനല്ല ക്ഷണിക്കുന്നത്. മറിച്ച്, ദൈവത്തിന്‍റെ സമയവുമായി സഹകരിച്ചുകൊണ്ട് കാലത്തിന്‍റെയും സമയത്തിന്‍റെയും അതിനാഥനായ ദൈവത്തിന്‍റെ ചുവടുവയ്പ്പുകളെ കാത്തിരിക്കുവാനാണ്. ഉത്ഥിതനായ ക്രിസ്തു തന്‍റെ ജനത്തെ സ്വയം സുവിശേഷവൽക്കരണം നിർവ്വഹിക്കാൻ ക്ഷണിക്കുന്നില്ല. മറിച്ച്, ജറുസലേമിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും ചെന്ന് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിനും തന്‍റെ ആത്മാവിനെ നൽകി നമ്മുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്ന പിതാവിന്‍റെ സമയത്തിനുവേണ്ടി കാത്തിരിക്കുവാണ് ക്ഷണിക്കുന്നത്. പാപ്പാ വ്യക്തമാക്കി.

യേശു തന്നെത്തന്നെ ദിവ്യകാരുണ്യമായി നൽകുകയും ദൈവത്തിന്‍റെ കുടുംബം എന്ന നിലയിൽ അപ്പോസ്തലന്മാർ ഒരുമിച്ചു ജീവിക്കുകയും ചെയ്ത ദൈവദാനത്തിന്‍റെ ഓർമ്മകള്‍ ഉണർത്തുന്ന മതിലുകളായി ഇന്നും നിലനിൽക്കുന്ന സെഹിയോൻ ഊട്ടുശാലയിൽ ആത്മാവിന്‍റെ വരവിനായുള്ള പ്രതീക്ഷയിലാണ് അപ്പോസ്തലന്മാർ ജീവിച്ചത്. പാപ്പാ ഓർമ്മിപ്പിച്ചു.