വനിതാദിന ആശംസകള്‍

ദേവി മേനോൻ (റോസ് മരിയ)

പരിശുദ്ധ അമ്മയെ സ്മരിച്ചുകൊണ്ട് എല്ലാ സ്ത്രീരത്നങ്ങള്‍ക്കും വനിതാദിന ആശംസകള്‍. നല്ല ഒരു മകളായി സഹോദരിയായി കൂട്ട്കാരിയായി ഭാര്യയായി അമ്മയായി മുത്തശ്ശിയായി ജീവിക്കാം. നല്ല ഉത്തരവാദിത്തമുളള പൗരയായി ജീവിക്കാം. കുടുംബജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ആത്മീയജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിക്കാം. ശുദ്ധിയും നന്മയും ആകുന്ന മിടിപ്പിനെ ഹൃദയമാകുന്ന ദൈവത്തോടു ചേര്‍ത്ത് നിര്‍ത്താം. നമ്മുടെ ജീവിതം വരും തലമുറയ്ക്ക് മാതൃകയും ഉപകാരപ്രദവുമാക്കാം…

നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ സ്ത്രീത്വത്തിന്‍റെ കടമകളെക്കുറിച്ച് അനുഗ്രഹങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കാം. നമ്മുടെ ആണ്‍കുഞ്ഞുങ്ങളെ മാതൃത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്നേഹത്തണല്‍ നല്‍കി അവരൊടുളള കടമ നിറവേറ്റാം. സമാധാനവും സ്നേഹവും ബഹുമാനവും പരസ്പരം പങ്കിടാം… സ്നേഹത്തിലും സഹനത്തിലും ക്ഷമയിലും വിശുദ്ധിയിലും ലോകത്തിന്റെ മാതാവിനെ കന്യാമറിയത്തെ മാതൃകയാക്കാം…

ഒരു ജീവനെ വഹിക്കാനുളള ശക്തി നമ്മുടെ മനസ്സിനു തന്നപ്പോള്‍, അടുത്ത തലമുറയെ നന്മയില്‍ നയിക്കാനുളള ശുദ്ധിയുടെ കരുത്തും നമ്മുടെ മനസ്സിന് നല്‍കിയിട്ടുണ്ട്… അത് സൂക്ഷിച്ച് മുന്നേറാം… നമ്മുക്ക് ആരേയും ഭരിക്കേണ്ട. ആരുടെ മുമ്പിലും അനാവശ്യമായി തല കുനിക്കുകയും വേണ്ട…

ഒരു കുടുംബജീവിതത്തില്‍ ഭര്‍ത്താവിന് അര്‍ഹതപ്പെട്ട ബഹുമാനം ഭാര്യയും, ഭാര്യക്ക് അവകാശപ്പെട്ട സ്നേഹം ഭര്‍ത്താവും കൊടുത്താല്‍; മക്കളെ സ്നേഹശാസനകളൊടെ ദൈവഭക്തിയില്‍ വളര്‍ത്തിയാല്‍ അത് തിരുകുടുംബമായി…

വി. ബൈബിള്‍ നമുക്ക് ഒരുപാട് മഹത് വനിതകളെ പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ കര്‍ത്താവായ ഈശോയുടെ അമ്മ പരിശുദ്ധ കന്യകമറിയം, വിശുദ്ധിയിലും, വിശ്വാസത്തിലും, അനുസരണയിലും നമ്മുടെ മാതൃക. സ്നാപകയോഹന്നാന്‍റെ അമ്മ എലിസബത്ത്‌. എങ്ങനെയുള്ള ഭാര്യയിരിക്കണം തന്‍റെ ദാസന് എന്ന് നമ്മളെ മനസ്സിലാക്കിക്കാന്‍ ഇസഹാക്കിനു നിശ്ചയിചിരിക്കുന്നവള്‍ എന്ന് പരിചയപ്പെടുത്തി നമ്മളെ കാണിച്ച റബേക്ക, ന്യായധിപന്മാരില്‍ നമ്മള്‍ കണ്ട ദബോറ, ധൈര്യത്തിലും ജ്ഞാനത്തിലും സമര്‍ത്ഥയായ എസ്തേര്‍, യുദിത്ത്, നല്ല മരുമകളായ റൂത്ത്, മോശയുടെ സഹോദരി മിറിയം, മാര്‍ത്ത-മേരി, സാറാ, പ്രിസില്ല, ഹാഗര്‍, പ്രാര്‍ത്ഥനനിരതയായ യോക്കെബെദ്, അന്നാപ്രവാചക, ആദിമാതാവായ ഹവ്വ (ചെയ്ത തെറ്റു ഇത്ര പെട്ടെന്ന് സമ്മതിച്ച ആരും ഉണ്ടെന്നു തോന്നുന്നില്ല), ഈശോയെ അനുഗമിച്ച പ്രധാനസ്ത്രീ ആയ മഗ്ദലേന മറിയം (ഏഴു ദുഷ്ടാല്മാക്കള്‍ വിട്ടു പോയി- ഈശോയെ സ്വീകരിച്ചു- ഈശോയ്ക്കായി പൂര്‍ണമായി തന്നെതന്നെ സമര്‍പ്പിച്ചു- ഈശോയുടെ കുരിശുമരണത്തിനും, സംസ്കാരത്തിനും സാക്ഷിയായി, ഉത്ഥിതനായ ഈശോയെ ആദ്യം കാണാന്‍ ഭാഗ്യം സിദ്ധിച്ചു), ഈശോയെ കാണാനും അറിയാനും നേരില്‍ ഭാഗ്യം ലഭിച്ച സമരിയക്കാരി സ്ത്രീ (യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തില്‍ നമ്മളെ ഒത്തിരി അത്ഭുതപ്പെടുത്തുന്ന രംഗങ്ങള്‍ ആണ് അത്- ജീവജലത്തെ പരിചയപ്പെടുത്തുന്നു, താന്‍ മിശിഹ-ക്രിസ്തു ആണെന്ന് പറയുന്നു, മറ്റുള്ളവരിലേക്ക് ഈശോയെ എത്തിക്കാനുള്ള അറിവ് കൊടുത്തു അനുഗ്രഹിക്കുന്നു, ഇത് യഹൂദന്മാര്‍ക്കുള്ള ഒരു വലിയ സന്ദേശവും ആയിരുന്നു – 5 ഭര്‍ത്താക്കന്മാരെ മോശയുടെ 5 പുസ്തകമായി പറയുന്നു/ നമ്മുടെ 5 ഇന്ദ്രിയങ്ങലായും പറയപ്പെടുന്നു- കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കുള്ള അറിവ് എനിക്കില്ല— വി.അഗസ്റ്റിന്‍ന്‍റെ പഠനങ്ങള്‍ നോക്കുക, ഒന്ന് മനസ്സിലാക്കാം- ഈശോയെ സ്വീകരിച്ചപ്പോള്‍ ജീവിതത്തില്‍ വന്ന മാറ്റം)….. ഇങ്ങനെ എത്ര എത്ര പേര്‍… നമുക്ക് ഇവരെയൊക്കെ മാതൃകയാക്കാം…

ഈശോ ജനിച്ചപ്പോളും മരിച്ചപ്പോളും ഈശോയുടെ തിരുശരീരത്തിന് ആദ്യംകൂട്ടായത് പരിശുദ്ധ അമ്മയുടെ കാപ്പയിലെ തുണികഷ്ണം ആയിരിക്കും. ആ അമ്മയുടെ വിശുദ്ധിയുടെ നിഴല്‍ എങ്കിലും നമ്മെ സ്പര്‍ശിച്ചാല്‍ ജീവിതം ധന്യമായി. ഒരുത്തമ ജന്മം ആയി തീരട്ടെ നമ്മുടെതും….

മക്കളെ നേര്‍വഴിക്ക് നടത്തേണ്ടത് ഒരമ്മയുടെ കടമയാണ്, അച്ഛന്‍റെ സ്വഭാവമാണ് മക്കളെ സ്വാധീനിക്കുക എന്ന് മനസ്സിലാക്കി പെരുമാറേണ്ടത് ഒരച്ഛന്‍റെ കടമയും… മാതാപിതാക്കളെ സ്നേഹിക്കുന്നതും, സ്വന്തം ജീവിതകടമകള്‍ നിറവേറ്റുന്നതും ദൈവത്തോടുളള ആദരവാണെന്നും; പരസ്നേഹം ദൈവസ്നേഹമാണെന്നും അറിഞ്ഞ് നമ്മുടെ കുഞ്ഞുമക്കളും വളരട്ടെ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.