സ്ത്രീകളുടെ സ്വയംപര്യാപ്തത സാധ്യമാക്കുവാൻ വനിതാ ദിനാചരണങ്ങൾ പ്രചോദനമാകണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ ഹൈറേഞ്ച് മേഖലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷ സാമൂഹ്യ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ട്രസ്സ് ജനറൽ ലിസി ജോൺ മുടക്കോടിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ജി.ഡി.എസ് വൈസ് പ്രസിഡന്റ് ഫാ. ജോബി പുച്ചൂകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഷാജി കണ്ടച്ചാംകുന്നേൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഇടുക്കി ജില്ലയിൽ സാമൂഹ്യസേവനരംഗത്ത് സമഗ്രസംഭാവനകൾ നൽകിയ വനിതകൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന വനിതാരത്നം അവാർഡ് സമർപ്പണവും വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. ജി.ഡി.എസിന്റെ വിവിധ പ്രവർത്തനഗ്രാമങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. വനിതാപ്രതിനിധികൾ അണിനിരക്കുന്ന വർണ്ണശബളമായ വനിതാദിന റാലിയോടെയാണ് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. സ്വാശ്രയസംഘാംഗങ്ങളുടെ വിവിധ കലാപരിപാടികളും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.
ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി