മദര്‍ മേരി ആഞ്ചലിക്കയ്ക്ക് ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ ആദരവ്

അലബാമയിലെ വനിതാരത്‌നങ്ങളുടെ നിരയില്‍ ലോകത്തിലെ ആദ്യത്തെ കത്തോലിക്കാ ടെലിവിഷന്‍ ശൃംഖലയായ ഇഡബ്ല്യുടിഎന്‍ (ദ എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്) സ്ഥാപക മദര്‍ മേരി ആഞ്ചലിക്കയും. സുപ്രസിദ്ധമായ ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ (എഡബ്ലിയുഎച്ച്എഫ്) ആദരവ് ലഭ്യമായതോടെയാണ് മദര്‍ ആഞ്ചലിക്ക ഈ നിരയില്‍ ഇടംപിടിച്ചത്.

അലബാമ സംസ്ഥാനത്തിനും രാജ്യത്തിനും സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ വനിതകളെ ആദരിക്കാനുള്ള സ്ഥിരം വേദിയാണ് 1970-ല്‍ അലബാമയിലെ ജൂഡ്‌സണ്‍ കോളേജ് കാമ്പസില്‍ സ്ഥാപിതമായ ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം മ്യൂസിയം.’ പോട്രെയ്റ്റുകള്‍, ഫോട്ടോഗ്രാഫുകള്‍, കത്തുകള്‍, ലോഹഫലകങ്ങള്‍ തുടങ്ങിയവയിലൂടെ സന്ദര്‍ശകര്‍ക്ക് പ്രശസ്ത വനിതകളെ അടുത്തറിയുന്നതിനുള്ള അവസരം ഒരുക്കുകയാണ് മ്യൂസിയത്തിന്റെ ലക്ഷ്യം.

ഹെലന്‍ ആഡംസ് കെല്ലര്‍, റോസ പാര്‍ക്‌സ്, റ്റു കില്‍ എ മോക്കിംഗ് ബേര്‍ഡ് രചയിതാവ് ഹാര്‍പര്‍ ലീ ഉള്‍പ്പെടെയുള്ള 90-ല്‍പ്പരം പ്രശസ്തരാണ് ഇതുവരെ ഈ ആദരവിന് അര്‍ഹരായിട്ടുള്ളത്. ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ക്രിസോസ്റ്റോം മൊയ്‌നാഹാന്‍ മാത്രമാണ് മദര്‍ ആഞ്ചലിക്കയ്ക്കു പുറമേ ഈ മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുള്ള ഏക കന്യാസ്ത്രീ. അലബാമ സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായിരുന്ന ജാനി ഷോര്‍സും അന്നേദിവസം തന്നെ മദര്‍ ആഞ്ചലിക്കയ്ക്കൊപ്പം മ്യൂസിയത്തില്‍ ഇടംപിടിക്കും.

പുവര്‍ ക്ലെയേഴ്‌സ് ഓഫ് പെര്‍പ്പെച്ച്വല്‍ അഡോറേഷന്‍ സഭാംഗമായ സി. മേരി ആഞ്ചലിക്ക 1962-ലാണ് സന്യസ്തരുടെ സഹായത്തോടെ ‘ഔര്‍ ലേഡി ഓഫ് ആഞ്ചലസ് മൊണാസ്ട്രി’ സ്ഥാപിച്ചത്. തന്റെ ആത്മീയപ്രഭാഷണങ്ങള്‍ സിബിഎസു-മായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ശൃംഖലയിലൂടെ 1970 മുതല്‍ സംപ്രേഷണം ചെയ്തു തുടങ്ങിയ സി. ആഞ്ചലിക്ക, 1981-ലാണ് തന്റെ ആശ്രമത്തിന്റെ ഗ്യാരേജില്‍ വെറും 200 ഡോളര്‍ മൂലധനവുമായി ഇഡബ്ല്യുടിഎന്‍ ആരംഭിച്ചത്. ഇന്ന് 145 രാജ്യങ്ങളിലായി 30 കോടിയില്‍പ്പരം പ്രേക്ഷകരുള്ള ലോകത്തെ ഏറ്റവും വലിയ മാധ്യമശ്രംഖലയാണ് ഇപ്പോള്‍ ഇഡബ്ല്യുടിഎന്‍.