സ്ത്രീകളേ, നിങ്ങള്‍ ഗര്‍ഭച്ഛിദ്രം ചെയ്യരുതേ..! അബോര്‍ഷന് വിധേയയായ ഒരു അമ്മ പറയുന്നു

ഇന്ന് ലോകത്തിന്റെ വിവിധ കോണുകള്‍ വലിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഗര്‍ഭച്ഛിദ്രവും അതുമായി ബന്ധപ്പെട്ട നിയമങ്ങളും. ഗര്‍ഭച്ഛിദ്രം അവകാശമാണെന്ന് വാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ ഒരു സ്ത്രീ, സമൂഹത്തിലെ മറ്റു സ്ത്രീകളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഒരു സ്ത്രീയെന്ന നിലയിലും ഒരു അമ്മയെന്ന നിലയിലും ഗര്‍ഭച്ഛിദ്രം തനിക്ക് എത്രമാത്രം ഭീകരമായിരുന്നു എന്നാണ് മരീന എന്ന സ്ത്രീ വിവരിക്കുന്നത്. അവള്‍ക്കത് വളരെ കൃത്യമായി വിവരിക്കാന്‍ സാധിക്കുന്നുണ്ട്. കാരണം, വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും അവള്‍ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാം എന്ന് കരുതിയ അവള്‍ അത് ചെയ്‌തെങ്കിലും പിന്നീട് സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. എങ്കിലും ഈശോയുടെ അടുക്കല്‍ മാപ്പപേക്ഷിച്ച്, ജീവനുകളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ന് മരീന. മരീനയുടെ വാക്കുകള്‍ ഇങ്ങനെ…

പിറന്ന ശേഷം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ പിന്നീട് എന്തൊക്കെയാണ് സംഭവിക്കുക. ആദ്യം നിയമത്തെ നേരിടേണ്ടി വരും. പിന്നീട് സ്വന്തം മനസാക്ഷിയെ. നിയമത്തിന്റെ ഭാഗത്തുനിന്ന് മാനുഷിക പരിഗണന ചിലപ്പോള്‍ കിട്ടിയെന്നു വരാം. എന്നാല്‍, സ്വന്തം മനസാക്ഷി നല്‍കുന്ന ശിക്ഷയില്‍ നിന്ന് അതായത്, കുറ്റബോധത്തില്‍ നിന്ന് പുറത്തുകടക്കുക ബുദ്ധിമുട്ടാണ്. അതു തന്നെയാണ് ജനിക്കാത്ത കുഞ്ഞിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്ന് മരീന പറയുന്നു.

ഗര്‍ഭച്ഛിദ്രത്തിലൂടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആദ്യമായി നമ്മുടെ സ്വാതന്ത്രത്തിന്റെ പേരില്‍ നാം ആ ജീവന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നു. രണ്ടാമതായി ഒരു ഭ്രൂണത്തെ നശിപ്പിക്കുമ്പോള്‍ മൂന്ന് ജീവനുകളെയാണ് ദ്രോഹിക്കുന്നത്. കുഞ്ഞിന്റെത്, പിതാവിന്റേത്, മാതാവിന്റേത്. അതില്‍ കുഞ്ഞാകട്ടെ തീര്‍ത്തും നിഷ്‌കളങ്കമായ ജീവന്‍.

ലക്ഷക്കണക്കിന് അമ്മാരുണ്ട്, സ്വന്തം കുഞ്ഞിനെ ഒന്ന് ഉമ്മ വയ്ക്കാന്‍ കൊതിച്ച് അലയുന്നവര്‍. ചിലപ്പോള്‍ ജനിക്കുന്ന കുഞ്ഞ് രോഗിയായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ജീവന്‍, ജീവന്‍ തന്നെയാണ്. സ്വന്തം വീട്ടില്‍ നിന്ന് ആരെയെങ്കിലും പുറത്താക്കണമെന്നുണ്ടെങ്കില്‍ വാടകക്കൊലയാളിയെ ആണോ സമീപിക്കാറ് എന്ന, അബോര്‍ഷനെ എതിര്‍ത്തുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ എനിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്.

എനിക്ക് ഒരു കാര്യം ഉറക്കെ പറയാനുണ്ട് സ്ത്രീ ജനങ്ങളേ, ഒരു വാടകക്കൊലയാളിയുടെ കരങ്ങളിലേയ്ക്ക് നിങ്ങളുടെ മക്കളെ കൊടുക്കരുതേ. ആ കുഞ്ഞ് മരിക്കുന്നതോടൊപ്പം നിങ്ങളും മരിക്കും. ഞാനത് ചെയ്തു, ഞാനിപ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. ഉദരത്തിലെ കുഞ്ഞ് രോഗിയാണെങ്കില്‍ കുറവുകളുള്ള മക്കളെ പൊന്നുപോലെ കരുതുന്ന മാതാപിതാക്കളെ ചെന്നുകണ്ട് സംസാരിക്കൂ. ആ കുഞ്ഞ് ദുരിതമായിരിക്കുമെന്ന് പറയുന്നവരുടെ വലയില്‍ വീഴരുതേ, മുട്ടുകുത്തി ഞാനപേക്ഷിക്കുന്നു’ – മരീന പറഞ്ഞുനിര്‍ത്തുന്നു.