ഡോക്ടർമാരുടെ വിധിയെ മാറ്റിയെഴുതിയ ദൈവത്തിന്റെ തീരുമാനം; ഇന്നവർ വൈദികർ  

രണ്ട് തലയും നാല് കാലുകളുമായി ഒരു കുട്ടി ജനിക്കുക. ഒരമ്മയ്ക്ക് ഇതെങ്ങനെ സഹിക്കാനാകും. തന്റെ ഗർഭാവസ്ഥയിൽ ഇത്തരമൊരു വാർത്തകേട്ട ചിലിയിലെ റോസ സിൽവ എന്ന അമ്മ 1984 -ൽ ഒരു തീരുമാനമെടുത്തു. തന്റെ ഈ മക്കളെ എന്ത് കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ഞാൻ വളർത്തും. അന്നെടുത്ത ആ തീരുമാനം ഒരു ദൈവനിയോഗമായി മാറുകയായിരുന്നു. ഇന്ന് അവർ വൈദികരായി.

ദൈവം തനിക്ക് നൽകുന്നതെന്തും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന റോസി സിൽവ എന്ന ആ അമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ മുൻപിൽ ഡോക്ടർമാർ പോലും അതിശയിച്ചു പോയി. സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്ന് ആ അമ്മയോട് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ, സിൽവ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അതിനാൽ ഇന്ന് ചിലിയിലെ വാൽപാറാൻസോ രൂപതയിൽ മിടുക്കരായ രണ്ട് വൈദികർ ദൈവരാജ്യത്തിനായി ശുശ്രൂഷ ചെയ്യുന്നു. 2013- ൽ ആയിരുന്നു ഇരട്ട സഹോദരന്മാരായ ഫാ. പോളോയുടെയും ഫാ. ഫെലിപ്പ് ലിസാമയുടെയും പൗരോഹിത്യ സ്വീകരണം. ഇന്ന് പൗരോഹിത്യ ജീവിതത്തിൽ എട്ട് വർഷങ്ങൾ ഈ സഹോദര വൈദികർ പിന്നിടുമ്പോൾ ഹൃദയത്തിൽ ഉള്ളത് നന്ദി മാത്രം.

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 1984 സെപ്റ്റംബർ 10 -ന് 17 മിനിറ്റ് ഇടവേളയിലാണ് ആരോഗ്യത്തോടെ ഈ ഇരട്ട സഹോദരങ്ങൾ ജനിച്ചത്. ഇരുവരിലും ഫിലിപ്പാണ് മൂത്തത്. ഇവർക്ക് പൗള എന്ന ഒരു മൂത്ത സഹോദരിയുമുണ്ട്. ഇവരുടെ മാതാപിതാക്കളായ റോസയ്ക്കും ഹംബെർട്ടോയ്ക്കും 36 വർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല, തങ്ങളുടെ ഈ മക്കൾ വൈദികരായി തീരുമെന്ന്. അന്ന് ചിലിയിൽ ഗർഭഛിദ്രം നിയമവിധേയമായിരുന്നു. പിന്നീട് 1989- മുതൽ നിയമവിരുദ്ധമാക്കി. പക്ഷേ 2017 -ൽ വീണ്ടും നിയമവിധേയമാക്കുകയായിരുന്നു.

“അന്ന് അവർ എന്റെ അമ്മയോട് ഗർഭച്ഛിദ്രം നടത്താൻ പറഞ്ഞു. പക്ഷേ അമ്മ സ്വന്തം ജീവൻ അപകടത്തിലാക്കിയും ഞങ്ങളുടെ ജീവൻ രക്ഷിച്ചു. എനിക്കുവേണ്ടി ജീവൻ നൽകാൻ തയ്യാറായ എന്റെ അമ്മയുടെ ഹൃദയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് എല്ലായ്പ്പോഴും പ്രത്യേക വാത്സല്യവും ആർദ്രതയും അനുഭവപ്പെടാറുണ്ട്.” – ഫാ. പൗലോ പറയുന്നു.

ചെറുപ്പത്തിൽ വിശ്വാസപരമായ കാര്യങ്ങളിൽ താത്പര്യമുള്ളവർ ആയിരുന്നെങ്കിലും കൗമാരത്തിൽ മറ്റ് പല കാര്യങ്ങളിലേക്കുമായി ശ്രദ്ധ. സോക്കർ കളിക്കുന്നതിൽ ഭയങ്കര താത്പര്യമായിരുന്നു ഇരുവർക്കും. എന്നാൽ, പതിനാറ് വയസായപ്പോഴേക്കും വീണ്ടും വിശ്വാസപരമായ കാര്യങ്ങളിൽ താത്പര്യമുള്ളവരായി ഇവർ മാറി. പതിനെട്ടാം വയസിൽ ഇരുവരും സെമിനാരിയിൽ ചേർന്നു. ഇന്നും ഇരുവരും കായികരംഗത്ത് താത്പര്യമുള്ളവർ തന്നെയാണ്. പൗരോഹിത്യം നമ്മെ പൂർണ്ണമായി സന്തോഷിപ്പിക്കുന്ന ഒരു ജീവിത വിളിയാണ്. ഞങ്ങളിൽ ആർക്കാണ് ആദ്യം ദൈവവിളി ലഭിച്ചതെന്ന് അറിയില്ല. എന്തൊക്കെയാണെങ്കിലും ദൈവം എല്ലാം നന്മയ്ക്കായി ക്രമീകരിക്കുകയായിരുന്നു. ഇവർ പറയുന്നു.

സെമിനാരി പഠനകാലത്തിന്റെ ആറാം വർഷം അമ്മ മരിച്ചു. ദൈവത്തിന്റെ ഹിതത്തിനായി എല്ലാം വിട്ടുകൊടുത്തതുകൊണ്ട് ഇവർ തങ്ങളുടെ പഠനം തുടർന്നു. അങ്ങനെ 10 വർഷത്തെ പഠനത്തിനും തയ്യാറെടുപ്പിനും ശേഷം, 2012 ഏപ്രിൽ 28 -ന് വാൽപാറാൻസോ കത്തീഡ്രലിൽ വെച്ച് ഈ ഇരട്ട സഹോദരങ്ങൾ വൈദികരായി.

ഇരുവരും കാഴ്ചയിൽ ഒരുപോലെയാണ് ഇരിക്കുന്നത്. അത് ആളുകളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ, ഒരാൾ ഇടത് കൈകൊണ്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. മറ്റേയാൾ വലത് കൈയ് കൊണ്ടും. ഇതാണ് പ്രകടമായ വ്യത്യാസം. ഇത് ആളുകൾ ശ്രദ്ധിക്കാറില്ല. ഇന്ന്, സോഷ്യൽ മീഡിയയിലൂടെ ഇവർ തങ്ങളുടെ ശുശ്രൂഷ കൂടുതലായും ചെയ്യുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലൂടെയുള്ള ഇരുവരുടെയും പോസ്റ്റുകൾ അവരുടെ പൗരോഹിത്യത്തിലെ സന്തോഷം, നർമ്മബോധം, കുടുംബത്തോടുള്ള അടുപ്പം, സോക്കറിനോടുള്ള സ്നേഹം എന്നിവ പ്രതിഫലിപ്പിക്കുന്നു.

ദൈവത്തിന്റെ വഴികൾ മനുഷ്യരുടേത് പോലെയല്ല. അവിടുത്തെ ഹിതം പൂർത്തീകരിക്കാൻ മനുഷ്യർ സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അവിടെ അദ്‌ഭുതങ്ങൾ ദർശിക്കാൻ സാധിക്കുമെന്ന് ഈ ഇരട്ട വൈദികരുടെ ജീവിതവും നമ്മെ ഓർമ്മിപ്പിക്കുന്നു. ചില തീരുമാനങ്ങൾ വേദന നിറഞ്ഞതാകാം. എങ്കിലും അവിടെ ദൈവ ശക്തി കൂടുതൽ പ്രകടമാകുന്ന അനുഭവമായി അവയെ പരിണമിപ്പിക്കാൻ ദൈവത്തിനാകും. അതിനാൽ, ദൈവത്തിന്റെ ശക്തിയിലും ആശ്രയത്വത്തിലും ഉറച്ച് വിശ്വസിക്കുക. ധൈര്യത്തോടെ മുൻപോട്ട് പോകുക.

വിവര്‍ത്തനം: സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.