നിത്യതയോളം നിഴൽ പോലെ നിന്നോടൊപ്പം

ജിന്‍സി സന്തോഷ്‌

ഉൽപത്തി പുസ്തകത്തിൽ പൂർവ്വപിതാവായ ജോസഫ് യേശുവിന്റെ നിഴലാണ്. യാക്കോബ് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന പുത്രനായിരുന്നു ജോസഫ്. സ്വർഗസ്ഥനായ പിതാവ് ഏറ്റവും കൂടുതൽ സ്നേഹിച്ച പ്രിയപുത്രനാണ് യേശു. ജോസഫിനെ അവന്റെ സഹോദരന്മാർ വെറുത്തു. യേശുവിനെ അവന്റെ സഹോദരരായ യഹൂദർ വെറുത്തു. ജോസഫ് അവന്റെ സഹോദരരാൽ പൊട്ടക്കിണറ്റിൽ തള്ളിയിടപ്പെട്ടു. ഒരു രാത്രി ആ കിണറിന്റെ അന്ധകാരം നിറഞ്ഞ ആഴങ്ങളിൽ ബന്ധനസ്ഥനായി കഴിഞ്ഞു. യേശു പീലാത്തോസിന്റെ പ്രത്തോറിയത്തിലെ കിടങ്ങിനുള്ളിൽ ബന്ധനസ്ഥനായി ഒരു രാത്രി കഴിഞ്ഞു. ജോസഫിനെ അവന്റെ സഹോദരർ 20 വെള്ളിനാണയങ്ങൾക്ക് വിജാതീയർക്കു വിറ്റു. യേശുവിനെ അവന്റെ ശിഷ്യൻ 30 വെള്ളിനാണയങ്ങൾക്ക് വിജാതീയരായ റോമാക്കാർക്ക് ക്രൂശിക്കാൻ ഏല്പിച്ചു കൊടുത്തു.

ജോസഫിനെ വിജാതീയർക്കു വിൽക്കാം എന്നു പറഞ്ഞത് 12 സഹോദരരിൽ ഒരുവനായ യൂദായാണ്. യേശുവിനെ വിജാതിയർക്ക് ഏല്പിച്ചുകൊടുത്തത് 12 ശിഷ്യരിൽ ഒരാളായ യൂദാസ് ആണ്. ജോസഫ് കാലാന്തരത്തിൽ ഈജിപ്തിലെ ഭരണാധികാരിയായി മാറി. യേശു കൊല്ലപ്പെട്ടുവെങ്കിലും ഉയിർത്തെഴുന്നേറ്റ് ലോകത്തെ വിധിക്കുന്ന രാജാവായി പിതാവിന്റെ വലതുഭാഗത്ത് അവരോധിക്കപ്പെട്ടു.

ക്ഷാമകാലം വന്നപ്പോൾ ജോസഫ് ഗോതമ്പ് ശേഖരിച്ച് ഈജിപ്തിനെ സംരക്ഷിച്ചു. യേശു ഇന്നും ലോകത്തെ സംരക്ഷിക്കുന്നത് തന്റെ സജീവസാന്നിധ്യം കുടികൊള്ളുന്ന വിശുദ്ധ കുർബാനയാകുന്ന ഗോതമ്പപ്പത്തിലൂടെയാണ്. രക്ഷാകരചരിത്രത്തിന്റെ തിരുവെഴുത്തു താളുകൾക്കൊപ്പം നിഴൽപോലെ ചരിക്കുന്ന യേശുവിന്റെ സജീവസാന്നിധ്യം നിത്യജീവിതത്തിലെത്തുവോളം നിനക്കു നിഴലായ് നിന്നോടൊപ്പമുണ്ട് എന്ന തിരിച്ചറിവ് ജീവിതവീഥികളിൽ നന്മയുടെ വെളിച്ചം പകരാൻ നിന്നെ സഹായിക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.