ഇതാ കരൾ പകുത്തു നൽകിയ കനിവ് വിൽസന്റെ ജീവിതം അതാണ്…

ട്രീസാ മാത്യു

മനുഷ്യത്വം തീര്‍ത്തും അന്യമായി കൊണ്ടിരിക്കുന്ന  ഇന്നത്തെ സമൂഹത്തില്‍ മനുഷ്യത്വത്തിന് പുതിയ പേരാണ് പത്തനംതിട്ട രൂപതയിലെ കോന്നി വൈദികജില്ലയിലെ വില്‍സണ്‍ വര്‍ഗീസ്. രണ്ടു വയസുള്ള ഒരു കുഞ്ഞിന് തന്റെ കരള്‍ നല്‍കുകയാണ് അദ്ദേഹം. തന്റെ കരള്‍  പകുത്ത് നല്‍കി മനുഷ്യത്വം എന്ന വാക്ക് വീണ്ടും പ്രശസ്തമാക്കുകയാണ് അദ്ദേഹം.

ആലപ്പുഴ സ്വദേശി അനില്‍കുമാര്‍, രേണു ദമ്പതികളുടെ ഏക മകള്‍ അഭിരാമിക്കാണ് അദ്ദേഹം കരള്‍  നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കണ്ടാണ് കരള്‍ ആവശ്യം ഉണ്ട് എന്ന് വില്‍സണ്‍ അറിയുന്നത്.  തൊട്ടടുത്തുള്ളവര്‍ക്ക് പോലും ഉപകാരം ചെയ്യാത്ത ഈ സമൂഹത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രം കണ്ടു കരള്‍ പകുത്തു നല്‍കിയത് സമുഹത്തിന് ഒരു മാതൃക തന്നെയാണ്.

ഒന്നര വയസുള്ള ഒരു മകള്‍ ഉണ്ട് വില്‍സണ്. ആ മകളുടെ അതെ പ്രായം ഉള്ള ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ മുതിര്‍ന്നപ്പോള്‍  സ്വന്തം മകളെ പോലെ തന്നെ അഭിരാമിയെയും കാണുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആനി പറയുന്നു.

കരള്‍ നല്‍കുന്നു എന്ന് കുടുംബത്തില്‍ അറിയിച്ചപ്പോള്‍ പൂര്‍ണ പിന്തുണയാണ് വില്‍സണ് ലഭിച്ചത്. തന്റെ മകളുടെ പ്രായം ഉള്ള ഒരു കുഞ്ഞു വാവക്ക് പുതിയൊരു ജീവിതം നല്‍കുവാന്‍ അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ അത് ദൈവ നിയോഗം ആണ് എന്ന് ആ കുടുംബം വിശ്വസിക്കുന്നു.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് വില്‍സണ്‍ അഭിരാമിക്ക് കരള്‍ നല്‍കിയത്. ആശുപത്രിയില്‍ ഇരുവരും  സുഖം പ്രാപിച്ചു വരുകയാണ്.

വില്‍സണ്‍ വര്‍ഗീസ്  കൊങ്ങിണിക്കുന്നേല്‍, പത്തനംതിട്ട രൂപതയിലെ കോന്നി വൈദീകജില്ലയില്‍ അതുമ്പുംകുളം MCYM യൂണിറ്റ് അംഗമാണ്. പള്ളിയിലെ കാര്യങ്ങളില്‍ സജീവ പ്രവര്‍ത്തകനായ അദ്ദേഹം സണ്‍ഡേ സ്‌കൂള്‍ അധ്യാപകനും ആയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട് എന്നതിന് ഒരു ഉദാഹരണം ആണ് വില്‍സണ്‍ വര്‍ഗീസ്. വളര്‍ന്നു വരുന്ന യുവജനങ്ങള്‍ക്കും സമൂഹത്തിനും ഒരു മാതൃകയാണ് അദ്ദേഹം. അദ്ദേഹത്തെ പോലെ നിരവധി ആളുകള്‍ക്ക് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കട്ടെ. പുതിയ തലമുറക്ക് അദ്ദേഹം ഒരു മാതൃകയുമാവട്ടെ.

ട്രീസാ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.