മരണമടഞ്ഞ ഭാര്യയുടെ ഓർമ്മകൾ നിലനിർത്താൻ 94 കാരനെ സഹായിച്ച യുവതി

പ്രായമായ ഒരു നഴ്സിംഗ് ഹോമിലെ താമസക്കാരനാണ് കെൻ ബെംബോ. അദ്ദേഹത്തിന്റെ ഭാര്യ ഐഡ മരിച്ചിട്ട് ഒൻപതു മാസമായി. ഈ ദിവസങ്ങളത്രയും ആ 94 വയസുകാരൻ ഉറങ്ങാൻ പോകുന്നത് തന്റെ ഭാര്യയുടെ ഫോട്ടോയും പിടിച്ച് കരഞ്ഞുകൊണ്ടാണ്. ഇംഗ്ലണ്ടിലെ ലാൻ‌കാസ്റ്ററിലെ തിസ്‌ലെട്ടൺ ലോഡ്ജിൽ അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന കിയ തോബിൻ എന്ന 17 വയസുകാരി, പ്രായമായ ഈ മനുഷ്യന്റെ അസ്വസ്ഥതകളും വിഷമങ്ങളും കണ്ട് വല്ലാതെ ഭയപ്പെട്ടിരുന്നു. കാരണം, അത്രമേൽ ദുഃഖാർത്തനായിട്ടാണ് ബെംബോ കാണപ്പെട്ടിരുന്നത്.

എന്നാൽ, തോബിൻ അതിനൊരു പരിഹാരമാർഗ്ഗവും കണ്ടുപിടിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യയുടെ ഫോട്ടോ തുന്നിച്ചേർത്ത ഒരു ചെറിയ തലയണ. അത് തോബിൻ, പ്രായമായ ആ മനുഷ്യനു സമ്മാനിക്കുമ്പോൾ അദ്ദേഹം സന്തോഷം കൊണ്ട് കരയുകയും ആ കൈകൾ വിറയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രാണനെപ്പോലെ തന്റെ ഭാര്യയെ സ്നേഹിക്കുന്ന ഈ തൊണ്ണൂറ്റിനാലുകാരൻ ആധുനികലോകത്തിലെ കുടുംബബന്ധങ്ങൾക്ക് വേറിട്ട ഒരു കാഴ്ച തന്നെയാണ്.

71 വർഷത്തെ ദാമ്പത്യജീവിതത്തിൽ ബെംബോസ് പങ്കിട്ട പ്രണയത്തിന്റെ തെളിവാണ് ഈ സംഭവത്തിലൂടെ ഇന്ന് ലോകം കാണുന്നത്. എങ്കിലും നഴ്‌സിംഗ് ഹോമിലെ വെറും ജോലിക്കാരി എന്ന നിലയിൽ നിന്നും കിയ തോബിൻ എന്ന യുവതി തികച്ചും വ്യത്യസ്‌തയാവുകയാണ്. തന്റെ കടമകൾക്കപ്പുറത്തേയ്ക്കുള്ള ഒരു സ്നേഹം, കരുതൽ എന്നിവയ്ക്കുള്ള മികച്ച ഒരു ഉദാഹരണം കൂടിയാണിത്.

ഒരു അഭിമുഖത്തിൽ, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് താൻ ഇത്തരം ശുശ്രൂഷാമേഖലകളിലേയ്ക്ക് മാറിയതെങ്ങനെയെന്ന് കൗമാരക്കാരിയായ തോബിൻ പങ്കുവയ്ക്കുന്നത് ഇപ്രകാരമാണ്: “എന്റെ ഗ്രാൻറ് പേരന്റ്സിന്റെ കൂടെയാണ് ഞാൻ താമസിക്കുന്നത്. ഈ കൊറോണ സമയങ്ങളിൽ അവരോടൊപ്പം ആയിരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല എന്നു തെളിയിക്കാനും കൂടിയാണിത്. ജോലിസ്ഥലത്ത് പ്രായമായവരെ പരിചരിക്കുന്നതിൽ ഞാൻ ഒട്ടും മടികാണിക്കാറില്ല.” അതോടൊപ്പം നഴ്സിംഗ് ഹോമിലേയ്ക്ക് പോകുന്നതിനുമുമ്പ്, ക്വാറന്റെയിൻ കാലയളവിൽ കഴിയുന്നത്ര സുരക്ഷിതമായി തന്റെ സ്വന്തം ഗ്രാൻറ് പേരന്റ്സിനെ ശുശ്രൂഷിക്കാനും ഇവൾ മറക്കാറില്ല.

ഈ രണ്ടു വ്യക്തികളും ഇന്നത്തെ ലോകത്തിൽ തികച്ചും വ്യത്യസ്തരാവുകയാണ്. സ്നേഹം കൊണ്ടും ആത്മാർത്ഥത കൊണ്ടും. ഒപ്പം പ്രായമായ ആളുകളെ ശുശ്രൂഷിക്കാനുള്ള പ്രതിബദ്ധത കൊണ്ടും. നാം തിരിച്ചറിയേണ്ട ഒരുപാട് സത്യങ്ങൾ ഈ സംഭവത്തിൽ ഒളിമങ്ങാതെ കിടപ്പുണ്ട്.