എന്തുകൊണ്ട് ദൈവത്തോടും മനുഷ്യരോടും നാം നന്ദിയുള്ളവരാകണം?

ദൈവത്തെ മഹത്വപ്പെടുത്താനുള്ള മഹത്തായ മാര്‍ഗമാണ് അവിടുത്തേക്ക് നന്ദി പറയുക എന്നത്. ദൈവത്തോട് മാത്രമല്ല, മനുഷ്യരോടും നാം നന്ദി പറയണം. ഇപ്രകാരം നന്മ ചെയ്തവരോട് ആത്മാര്‍ത്ഥമായി നന്ദി പ്രകാശിപ്പിക്കുമ്പോള്‍ നാം ദൈവത്തേയും കൂടിയാണ് നാം മഹത്വപ്പെടുത്തുന്നത്. തന്റെ സൃഷ്ട്ടാവിന്, രക്ഷകന്, പരിപാലകന് നന്ദി പറയുക മനുഷ്യന്റെ പരമ പ്രധാനമായ കടമയാണ്. ബൈബിളിലുടനീളം ഉള്ള ഒരു നിര്‍ദ്ദേശമാണ് ‘ദൈവത്തിനു നന്ദി പറയുവിന്’ എന്നത്. പഴയനിയമവും പുതിയ നിയമവും ദൈവത്തിനു നിര്‍ബന്ധമായും നിരന്തരവും നന്ദി പറയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ആ തിരുവചനങ്ങളിലൂടെ ഒന്നു കടന്നുപോയി, നന്ദി ശീലിക്കേണ്ടത് എന്തുകൊണ്ട് അനിവാര്യമായിരിക്കുന്നു എന്ന് മനസിലാക്കുകയും അത് ശീലമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.

‘സുഖം പ്രാപിച്ച പത്ത് കുഷ്ടരോഗികളില്‍ സമരായന്‍ മാത്രം മടങ്ങിവന്നു കര്‍ത്താവിനു നന്ദി പറഞ്ഞപ്പോള്‍ ദിവ്യനാഥന്‍ ഹൃദയവ്യഥയോടെ അത്ഭുതസ്മിതനായി ചോദിച്ചില്ലേ ‘പത്തുപേരല്ലേ സുഖപ്പെട്ടതു? ബാക്കി ഒന്‍പതു പേര് എവിടെ? ഈ സമരായനല്ലാതെ മറ്റാര്‍ക്കും മടങ്ങിവന്നു ദൈവത്തെ മഹത്വപ്പെടുത്തണമെന്നു തോന്നിയില്ലേ?’ (ലുക്കാ 17:17,18).

‘കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.
പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍. അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ! കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍. അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ സ്മരിക്കുവിന്‍. അവിടുത്തെ അദ്ഭുതങ്ങളും ന്യായവിധികളും അനുസ്മരിക്കുവിന്‍’. (1 ദിന. 16:812).

‘എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തു തന്നത്'(മത്താ. 25:40).

‘കര്‍ത്താവിനു നന്ദി പറയുവിന്; അവിടുന്ന് നല്ലവനാണ്’ (സങ്കീ. 107:1).

‘കര്‍ത്താവേ, ജനതകളുടെ ഇടയില്‍ ഞാന്‍ അങ്ങേയ്ക്കു നന്ദി പറയും. ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേയ്ക്കു സ്‌തോത്രമാലപിക്കും’. (സങ്കീ: 108:3 )