എന്തുകൊണ്ട് നസ്രത്തിലെ യുവതി?

അനിത

നസ്രത്തില്‍ നിന്നുള്ള ഒരു സാധാരണ യുവതി യേശുക്രിസ്തുവിന്റെ അമ്മയായി. എന്തുകൊണ്ട് അവള്‍? മറിയത്തിന് വലിയ അറിവില്ലായിരുന്നു, പക്ഷേ സാഹചര്യങ്ങള്‍ അവിശ്വസനീയമാണെന്ന് തോന്നുമ്പോഴും അവളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. വിശ്വാസത്തെക്കുറിച്ചും വിനയത്തെക്കുറിച്ചും മറിയത്തിനു നമ്മെ വളരെയധികം പഠിപ്പിക്കാന്‍ കഴിയും.

പരിശുദ്ധ അമ്മയുടെ മനോഭാവം സങ്കീര്‍ണ്ണമായിരുന്നില്ല. ദൈവത്തില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച്, അവിടുത്തെ മുന്നില്‍ താഴ്ന്നവളായി അവള്‍ വിനയപ്പെട്ടു. മാലാഖ അവളെ വിട്ടുപോയതിനുശേഷവും അവളുടെ താഴ്ന്ന അവസ്ഥയെ പരിഗണിക്കുകയും ഈ മഹത്തായ ദൗത്യം ഏല്‍പ്പിക്കുകയും ചെയ്ത ദൈവത്തെ അവള്‍ മഹത്വപ്പെടുത്തി.

‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ സന്തോഷിച്ചു. തന്റെ ദാസിയുടെ താഴ്ന്ന അവസ്ഥയെ അവന്‍ പരിഗണിച്ചിരിക്കുന്നു. ഇനിമുതല്‍ എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്നു വിളിക്കും. ശക്തനായവന്‍ എനിക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്തു; അവന്റെ നാമം വിശുദ്ധമാണ്. (ലൂക്കാ 1: 46- 50).

സ്വന്തം കാഴ്ചയില്‍ ചെറിയവരും ദരിദ്രരുമായവര്‍ ദൈവത്തിന് വിലപ്പെട്ടവരാണെന്നും അവന്‍ അവരെ ശ്രദ്ധിക്കുന്നുവെന്നും മറിയം നമുക്ക് കാണിച്ചുതന്നു. അവന്‍ അന്വേഷിക്കുന്നത് വിശ്വാസമാണ്. മറിയം ഒരു രാജ്ഞിയോ പ്രഭുവിന്റെ മകളോ ആയിരുന്നില്ല; എന്നിരുന്നാലും ദൈവം അവളെ തിരഞ്ഞെടുത്തു. ജീവിതത്തിലുടനീളം അവള്‍ ദൈവത്തെ തന്റെ എല്ലാം ആണെന്നും തന്നെത്തന്നെ ഒന്നുമല്ലാത്തവളായും കണക്കാക്കിയിരുന്നു. മറിയത്തിന്റെ എളിയ മനോഭാവം ദൈവം കണ്ടു, അവള്‍ യേശുവിന്റെ അമ്മയായി.

സ്വന്തമാക്കാന്‍ കഴിയുന്ന ഒരു വിശ്വാസം നമുക്കും വേണം പരിശുദ്ധ അമ്മയെ പോലെ. മറിയത്തെക്കുറിച്ച് തിരുവചനം ഇങ്ങനെ പറയുന്നു: ‘കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കാ 1 : 45)’.

ഈ വാക്യം നമ്മുടേതും ആക്കാം. നമ്മുടെ സ്വന്തം പേര് അവിടെ ചേര്‍ക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. അത് യാഥാര്‍ത്ഥ്യമാകാം! എന്നാല്‍ പിന്നീട് നാം പരീക്ഷിക്കപ്പെടുകയും വേദനിക്കപ്പെടുകയും ചെയ്‌തേക്കാം. അവിടെയും ദൈവത്തിന്റെ ശബ്ദത്തോട് മറിയത്തെപോലെ നാം വിശ്വസ്തരായിരിക്കുകയും വേണം. അവിടെയാണ് വിശ്വാസത്തിന്റെ അടിത്തറ പാകുന്നത്. നമുക്ക് സ്വയം വിനയാന്വിതരായി നമ്മുടെ ശക്തമായ ഇച്ഛാശക്തിയും അഭിപ്രായങ്ങളും മാനുഷിക യുക്തിയും മാറ്റിവെക്കാം. അപ്പോള്‍ ദൈവത്തിന് നമ്മെ ഉപയോഗിക്കാന്‍ കഴിയും. അവിടുന്ന് മറിയത്തെ തിരഞ്ഞെടുത്തതുപോലെ.

അനിത