എന്തിനാണവർ പള്ളിയിൽ പോകുന്നത്?

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

പലരും അങ്ങനെയൊരു അപകടത്തെപ്പറ്റി പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. എന്നാൽ നവീകരണത്തിലേയ്ക്കു വന്ന ആ യുവാവ് പങ്കുവച്ചത് കേട്ടപ്പോൾ വിശ്വസിക്കാതെ വേറെ നിവൃത്തിയില്ലെന്നായി. അവൻ്റെ വാക്കുകളിലൂടെ കാര്യം വിശദീകരിക്കാം.

“അച്ചാ, എനിക്ക് ഫെയ്സ്ബുക്കിൽ പത്തിലധികം ഫെയ്ക് അക്കൗണ്ടുകളുണ്ട്. സഭയ്ക്കെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുകയാണ് എന്റെ ലക്ഷ്യം.”

ഞാന്‍ അവനോട് ചോദിച്ചു: “അപ്പോൾ നീ ഞായറാഴ്ചകളിൽ പള്ളിയിൽ പോയിരുന്നില്ലേ?”

“മിക്കവാറും പോകും, അത് മറ്റൊന്നിനുമല്ല. അച്ചന്റെ അറിയിപ്പു കേൾക്കാൻ മാത്രം.”

അവൻ തുടർന്നു: “അച്ചൻ വിശ്വസിക്കുമോ എന്നറിഞ്ഞുകൂടാ, ഞങ്ങൾ സഭാനേതൃത്വത്തിനെതിരെ ചില കാര്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിനുശേഷം ഉടൻ തന്നെ സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കും. അവർ അതിൽ കയറി പെട്ടന്നുതന്നെ കമൻറുകൾ ഇടാൻ തുടങ്ങും. ഇടവക കേന്ദ്രീകരിച്ചുള്ള മിക്ക സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഞങ്ങളുണ്ട്. ഇവിടെ ഇടവകയ്ക്ക് അനുകൂലമായ നവീകരണങ്ങളെക്കുറിച്ച് ഇടവകനേതൃത്വം എന്തു പോസ്റ്റിട്ടാലും അതിനെതിരെ പ്രതികരിച്ച് ആനന്ദിക്കുന്നത് എൻ്റെയും സുഹൃത്തുക്കളുടെയും ഹരമാണ്.”

ഇതിന് തെളിവെന്നവണ്ണം അവൻ ഏതാനും ചില ഫെയ്ക്ക് അക്കൗണ്ടുകളിലെ കമൻ്റുകൾ കാണിച്ചുതന്നു.  അത് വായിച്ച ഞാൻ ഞെട്ടിപ്പോയി! വിളറിയ മുഖത്തോടെ ഞാന്‍ അവനോട് ചോദിച്ചു: “ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മനംമാറ്റത്തിനു കാരണം?”

“വല്ലാത്ത മനഃസാക്ഷിക്കുത്ത് തോന്നുന്നു. അച്ചനറിയാമല്ലോ ഒരുകാലത്ത് ഞാനുമൊരു അൾത്താരാബാലനായിരുന്നു. പിന്നീട് ചില സൗഹൃദങ്ങളുടെ ഫലമായി പതുക്കെ സഭാനേതൃത്വത്തോടും സഭയോടും വിരുദ്ധമനോഭാവം വളരുകയായിരുന്നു. എന്നാൽ ഈയിടെയായി എൻ്റെ മനസിൽ വല്ലാത്തൊരു നീറ്റൽ. ഞാനീ ചെയ്യുന്നത് ഒട്ടും ശരിയല്ലെന്ന് എനിക്ക് കൂടുതൽ ബോധ്യമായത്, എൻ്റെ സഹപാഠിയായ വൈദികൻ വിളിച്ചു സംസാരിച്ചപ്പോഴാണ്. മാത്രമല്ല, കുടുംബത്തിലാണെങ്കിൽ ഒരു സമാധാനവുമില്ല. അടിക്കടി രോഗങ്ങളും കലഹങ്ങളും മാത്രമാണ്. ഇപ്പോൾ നെഞ്ചുപൊട്ടിയ ഒരു പ്രാർത്ഥനയേ ഉള്ളൂ; എന്റെ കൂട്ടുകാരെയെല്ലാം ഈ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കണം. കാരണം, അവരിൽ ചിലരെങ്കിലും മാനസികമായി വല്ലാതെ വിഷമിക്കുന്നുണ്ട്.”

ഈ സംഭവം അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ മനസിൽ വന്നത് 1846 സെപ്തംബർ 19-ന് ലാസലെറ്റ് മലമുകളിൽ, മാതാവ് വെളിപ്പെടുത്തിയ കാര്യമായിരുന്നു. അത് ഇപ്രകാരമാണ്: “വേനൽക്കാലങ്ങളിൽ പ്രായമായ ഏതാനും സ്ത്രീകൾ മാത്രം പള്ളിയിൽ പോകുന്നു. മറ്റുള്ളവർ ഞായറാഴ്ചകളിൽ പോലും വേല ചെയ്യുന്നു. ശൈത്യകാലങ്ങളിൽ മറ്റൊന്നും ചെയ്യാൻ കഴിയാത്തപ്പോൾ അവർ സ്വന്തം മതത്തെയും വിശ്വാസത്തെയും പരിഹസിക്കാനായി പളളിയിൽ പോകുന്നു. നോമ്പുകാലങ്ങളിൽ പോലും അവർ നായ്ക്കളെപ്പോലെ ഇറച്ചികടകൾക്കു മുമ്പിൽ കാത്തുനിൽക്കുന്നു.”

ഇത്രയും ശക്തമായ രീതിയിൽ പരിശുദ്ധ അമ്മ സംസാരിച്ചെങ്കിൽ അതിൻ്റെ ധ്വനികൾ കാലങ്ങൾക്കിപ്പുറവും  അലയടിക്കുന്നു എന്നത് സത്യമല്ലേ?

ഒന്നോർത്തു നോക്കിക്കേ, സഭയെയും വൈദികരെയും സമർപ്പിതരേയുമെല്ലാം സദാ കുറ്റം ചുമത്തുന്നവർ, അവരുടെ ജീവിതം ഏറ്റവും നല്ല രീതിയിൽ പോകുന്നുവെന്നുള്ള അബദ്ധധാരണയിലല്ലേ? അവരുടെ വ്യക്തിപരമായ ജീവിതത്തിലും കുടുംബജീവിതത്തിലുമൊക്കെ എന്തെല്ലാം പ്രശ്നങ്ങളാണുള്ളത്? അതുകൊണ്ട് നന്മ ചെയ്യുന്നതിലും പ്രാർത്ഥിക്കുന്നതിലും വ്യക്തിപരമായ തിരുത്തലുകൾ നൽകുന്നതിലുമായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. മറ്റുള്ളവരെ പരസ്യമായി അവഹേളിച്ചിട്ട് നമുക്കെന്താണ് മേന്മ? ഒന്ന് ഉറപ്പാണ്, അവസാന ദിവസം നമ്മളെല്ലാവരും നമ്മുടെ പ്രവർത്തിക്കനുസരിച്ചായിരിക്കും വിധിക്കപ്പെടുക.

ലാസലെറ്റ് മാതാവിൻ്റെ തിരുനാളിന് ഒരുങ്ങുന്ന വേളയിൽ ക്രിസ്തുവിൻ്റെ ഈ വാക്കുകൾ കൂടി നമുക്ക് ഓർക്കാം, “ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല” (മത്തായി 24:35).

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.