എന്തുകൊണ്ട് ജപമാല അര്‍പ്പണം?

പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ നിറവാണ് ജപമാല അര്‍പ്പണം. ഓരോ ഇടങ്ങളിലും പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ആവശ്യപ്പെട്ടതും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ്. ഫാത്തിമയിലും ലൂര്‍ദ്ദിലും പ്രത്യക്ഷപ്പെട്ട കന്യാമറിയം ആവശ്യപ്പെട്ടതും ഇതേ കാര്യം തന്നെയാണ്. ദുരിതങ്ങളെയും പ്രതിസന്ധികളെയും മറി കടക്കാന്‍ ജപമാല അര്‍പ്പണം നമ്മെ സഹായിക്കും. സഭയില്‍ മറ്റ് അനേകം പ്രാര്‍ത്ഥനകളുണ്ടെന്നിരിക്കെ മറ്റൊന്നും ചെയ്യാന്‍ മാതാവ് ആവശ്യപ്പെടുന്നില്ല.

ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷം നല്‍കിയ കുട്ടികള്‍ക്ക് കൃത്യമായി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. മറ്റ് പ്രാര്‍ത്ഥനകളൊന്നും അവര്‍ക്കറിയില്ലായിരുന്നു. അവരോട് മാതാവ് ആവശ്യപ്പെട്ടത് ജപമാല ചൊല്ലാനാണ്. എങ്ങനെ നന്നായി പ്രാര്‍ത്ഥിക്കണമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്ത ആദ്യത്തെ പാഠശാലയായി ജപമാല പ്രാര്‍ത്ഥന. കൊന്തയിലെ ഓരോ മണികളില്‍നിന്ന് അടുത്ത മണികളിലേക്കുള്ള ദൂരം പ്രാര്‍ത്ഥനയുടേതാണ്. അത് ധ്യാനത്തിലേക്ക് നയിക്കാന്‍ കെല്‍പുള്ളവയാണ്.

ഏതൊരാള്‍ക്കും സ്വയമേ നയിക്കാവുന്നതും ചൊല്ലാവുന്നതുമായ പ്രാര്‍ത്ഥനയാണ് ജപമാല. സങ്കീര്‍ണ്ണമായ പരിശീലനങ്ങളൊന്നും ജപമാലയ്ക്ക് ആവശ്യമില്ല. എന്നാല്‍ ജപമാലയെ നിസ്സാരവത്ക്കരിക്കുകയുമരുത്. വിശുദ്ധിയുടെ പടവുകള്‍ കയറിയ സഭാംഗങ്ങള്‍ എല്ലാവരും മുറുകെ പിടിച്ചത് ജപമാലയിലായിരുന്നു. അവരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയും ജപമാലയായിരുന്നു.

എല്ലാവരുടെയും ആദ്യത്തെ പ്രാര്‍ത്ഥനകള്‍ ലളിതവും ആത്മാര്‍ത്ഥാഭരിതവുമാണ്. എത്ര വലിയ ആളുകളും ദൈവത്തിന്റെ മുമ്പിലേക്ക് കടന്നുവരുന്നത് കുട്ടികളെ പോലെയാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രീത്വ സ്തുതി എന്നിവ ക്രിസ്തീയതയിലെ അടിസ്ഥാന പ്രാര്‍ത്ഥനകളാണ്. തിരുവചനത്തില്‍ തന്നെ അവയുടെ റൂട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ചൊല്ലലിലൂടെ നാം ക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും  ജീവിതത്തെയാണ് ധ്യാനിക്കുന്നത്. ക്രിസ്തു കടന്നു വന്ന എല്ലാ വഴികളും അവിടെ ധ്യാനിക്കപ്പെടുന്നുണ്ട്.  ക്രിസ്തുവിന്റെ മനുഷ്യാവതാരവും അവിടുത്തെ ക്രൂശുമരണവും കുര്‍ബാന സ്ഥാപനവും എല്ലാം.

ചുരുക്കത്തില്‍ ഏറ്റവും ശക്തിയേറിയ പ്രാര്‍ത്ഥനയാണ് ജപമാല. വളരെ ലളിതവും എന്നാല്‍ ഏറ്റവും ഭക്തിസാന്ദ്രവും ക്രിസ്തുവിന്റെ ജീവിതത്തെ തന്നെ ധ്യാനവിഷയമാക്കുന്നതുമായ പ്രാര്‍ത്ഥനയാണിത്. അതിനാലാണ് പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലെല്ലാം മാതാവ് ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്. വിശുദ്ധരെപ്പോലെ ജപമാലയില്‍ മുറുകെപിടിച്ച് നമുക്ക് വിശ്വാസ ജീവിതത്തില്‍ മുന്നോട്ട് നടക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.