ജപമാല പ്രാര്‍ത്ഥന എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

അനുദിന ജീവിതത്തില്‍ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമോപാധിയാണ് ജപമാല പ്രാര്‍ത്ഥന. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം കൊണ്ട് നമ്മുടെ ജീവിതങ്ങള്‍, ദുഃഖങ്ങള്‍ക്കും ഉല്‍ക്കണ്ഠകള്‍ക്കുമപ്പുറത്ത് ദൈവിക സംരക്ഷണവലയത്തിനുള്ളില്‍ നിലനിര്‍ത്താന്‍ ജപമാല പ്രാര്‍ത്ഥനക്കു കഴിയും.

ജപമാലയുടെ പ്രാധാന്യം മനസ്സിലാക്കിയാല്‍, ജപമാല പ്രാര്‍ത്ഥന നമുക്കൊരിക്കലും വിരസത ഉളവാക്കുന്ന നീണ്ട പ്രാര്‍ത്ഥന ആയിരിക്കുകയില്ല. സന്ധ്യാനമസ്‌കാരത്തിലെ ജപമാല നമുക്ക് ഒരു കടമ നിര്‍വ്വഹിക്കല്‍ കുടുംബപ്രാര്‍ത്ഥനയുമായി മാറില്ല. മറിച്ച് സമയം കിട്ടുമ്പോഴൊക്കെ അല്ലെങ്കില്‍, സമയം കണ്ടുപിടിച്ചു തന്നെ പലവട്ടം ചൊല്ലാന്‍ ഇഷ്ടപ്പെടുന്ന ഒരു പ്രിയ പ്രാര്‍ത്ഥനയായി മാറും.

ജപമാല ചൊല്ലാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടാകരുത്. യാത്ര ചെയ്യുമ്പോഴും തനിയെ ആയിരിക്കുമ്പോഴും ജപമാല ചൊല്ലുന്നതു ശീലമാക്കിയാല്‍ നമ്മില്‍ വലിയ ആത്മീയശക്തിയും ദൈവികപരിപാലനയും നിറയും. പത്ത് അല്ലെങ്കില്‍ ഇരുപത് മിനിറ്റിനുള്ളില്‍ നമുക്ക് ഒരു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. എത്രയോ പത്തു മിനിറ്റുകളാണ് നാം അനുദിന ജീവിതത്തില്‍ പാഴാക്കുന്നത്? തനിച്ചും കുടുംബത്തോടൊപ്പവും ജപമാല ചൊല്ലുന്നത് ഒരു ഭക്തമുറയായി മാറ്റണം.

നമ്മിലേക്ക് ദൈവാനുഗ്രഹമാകുന്ന ജീവജലം ഒഴുകിയെത്തുന്നതിനു വിഘാതമാക്കുന്ന രീതിയില്‍ ജപമാല ഉള്‍പ്പെടുത്തിയിട്ടുള്ള സന്ധ്യാപ്രാര്‍ത്ഥന മാറ്റിവച്ച് ടിവിയും മറ്റും കാണുന്നത് ആപത്താണെന്നു മനസിലാക്കണം. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കും എന്നല്ലേ പറയാറുള്ളത്. അതുവഴിയായി ജീവജലത്തിന്റെ ഉറവയായ പരിശുദ്ധാത്മാവിന്റെ വരങ്ങളും ഫലങ്ങളും കുടുംബങ്ങളില്‍ നിറയുമെന്നുള്ളത് അനേകരുടെ അനുഭവസാക്ഷ്യമാണ്.

ഒമ്പതാം പിയൂസ് മാര്‍പാപ്പ റോമില്‍ എത്തിയ ഒരു പുരാവസ്തു ഗവേഷകസംഘത്തോട് പറഞ്ഞത്: “ഈ വത്തിക്കാന്‍ കൊട്ടാരം മുഴുവന്‍ പരിശോധിച്ചാലും കൊന്തയേക്കാള്‍ വിലയേറിയ ഒരു പുരാതന പൂജ്യനിക്ഷേപം അഥവാ നിധി കണ്ടെത്തുക നിങ്ങള്‍ക്ക് അസാധ്യമായിരിക്കും” എന്നാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു ഒക്‌ടോബര്‍ മാസത്തിലെ സായാഹ്നപ്രസംഗത്തില്‍ പറഞ്ഞു: “ജപമാല തീര്‍ച്ചയായും സ്വര്‍ഗീയമായ പ്രാര്‍ത്ഥനയാണ്. എല്ലാ ക്രിസ്തീയഭവനങ്ങളിലും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലണം. ജപമാലയിലൂടെ മിശിഹായുടെ സാന്നിധ്യവും സഹായവും തിരുക്കുടുംബത്തിലേതു പോലെ ദൈവജനനി നമ്മുടെ കുടുംബങ്ങളിലും എത്തിച്ചുതരും.”

മദര്‍ തെരേസ പറഞ്ഞിരിക്കുന്നു: “വലിയ സ്‌നേഹത്തോടു കൂടിയുള്ള എന്റെ ചെറിയ ഉദ്യമങ്ങളെ വിസ്മയകരങ്ങളായ വിജയത്തില്‍ എത്തിക്കുവാന്‍ ശാരീരികവും മാസികവുമായ ശക്തി നല്കുന്നത് രണ്ട് കാര്യങ്ങളാണ് വിശുദ്ധ കുര്‍ബാനയും കൊന്ത നമസ്‌കാരവും. ജപമാല ഒരു സംരക്ഷണകോട്ടയാണ്. വിശ്വസിച്ച് ഉരുവിടുന്ന ഒരു നന്മ നിറഞ്ഞ മറിയം പോലും ഉത്തരം കിട്ടാതെ പോകില്ല. എല്ലാ പ്രതിസന്ധികളിലും പരിഹാരമാകുന്ന ഒന്നാണ് ജപമാല. എല്ലാവരും ഒരുമിച്ച് ജപമാല ചൊല്ലിക്കഴിഞ്ഞ് സ്തുതി പറയുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗമായിത്തീരുന്നു.”