ഫ്രാൻസിസ് മാർപാപ്പ എന്തുകൊണ്ടാണ് വെള്ളിക്കുരിശ് ധരിക്കുന്നത്?

മാർപാപ്പ കഴുത്തിൽ വെള്ളിക്കുരിശ് ധരിക്കുവാന്‍, ചരിത്രപരവും പ്രതീകാത്മവുമായ നിരവധി കാരണങ്ങളുണ്ട്. മാർപാപ്പാ മാത്രമല്ല, മെത്രാന്മാരും കർദ്ദിനാളന്മാരും അടങ്ങുന്ന അജപാലന നേതൃത്വം ഈ വെള്ളിക്കുരിശ് ധരിക്കുന്നു. നിസാരം എന്നു തോന്നാമെങ്കിലും ഒരു ചെയിൻ എന്നതിനപ്പുറം വലിയ ഒരു പാരമ്പര്യവും  ആത്മീയ അർത്ഥവും ഇതിനുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.

കുറച്ചു നാൾ മുമ്പു വരെ ഈ കുരിശുകളിലെ നിർമ്മാണത്തിൽ, യഥാർത്ഥ കുരിശിന്റെ ചെറിയ ഒരു ഭാഗം ചേർത്തിരുന്നു. എന്നാൽ, ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് ലഭ്യമല്ലാത്തതിനാലും എത്തിച്ചു കൊടുക്കാനുള്ള ബുദ്ധിമുട്ട് ഉള്ളതിനാലും  ഇപ്പോൾ ഈ രീതി തുടരുന്നില്ല. ഈ കുരിശ് വലിയ പ്രതീകാത്മ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് പങ്കുചേരുന്നതിനും വിശുദ്ധരുടെ രക്തസാക്ഷിത്വത്തെയും ത്യാഗത്തെയും ഓർമ്മപ്പെടുത്തുന്നതുമാണ് ഈ കുരിശ്.

ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ തന്നെത്തന്നെ പരിത്യജിച്ച് സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കുക എന്നാണ് ക്രിസ്തു, ശിഷ്യരെ ഓർമ്മപ്പെടുത്തുന്നത്. അതേ ഓർമ്മപ്പെടുത്തൽ പരമ്പരാഗതമായി ഓരോ സഭാധികാരികൾക്കും നല്‍കപ്പെടുന്നുമുണ്ട്. ഫ്രാൻസിസ് പാപ്പാ ധരിക്കുന്ന ഔദ്യോഗിക കുരിശ്, അദ്ദേഹം അർജന്റീനയിൽ ബിഷപ്പ് ആയിരുന്നപ്പോൾ ഉപയോഗിച്ച അതേ കുരിശ് തന്നെയാണ്.

കുരിശിനെക്കുറിച്ചുള്ള ആധികാരിക പഠനം വേരൂന്നിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷത്തിലാണ്. ഈ കുരിശിന്റെ മധ്യഭാഗത്ത് കാണുന്ന മനുഷ്യന്റെ പ്രതീകം, നല്ലയിടയനായ ഈശോയെ സൂചിപ്പിക്കുന്നു. നഷ്ടപ്പെട്ട ആടിനെ കണ്ടെത്തി തോളിലേറ്റി വരുന്ന ഇടയനായ ഈശോയുടെ പ്രതീകമായി മാറുകയാണ് ഈ കുരിശ്. കുരിശിന്റെ മുകളിൽ കാണുന്ന പ്രാവ്, പിതാവിൽ നിന്നും പുത്രനിൽ നിന്നും വരുന്ന പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്.

നിസാരമെങ്കിലും വളരെ ലളിതമായി തോന്നാമെങ്കിലും ഈ കുരിശ് ഓരോ സഭാധികാരികൾക്കും നൽകുന്നത് വലിയ ഒരു കർത്തവ്യമാണ്. ക്രിസ്തുവിനോട് ചേർന്നു നിന്നു കൊണ്ട് അജഗണത്തെ അവിടുന്നിലേയ്ക്ക് നയിക്കുവാനുള്ള വലിയ ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വത്തെ മറക്കാതെ അതിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ വെള്ളിക്കുരിശ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.