മാതാപിതാക്കൾ തമ്മിലുള്ള സ്നേഹം മക്കളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതെങ്ങനെ?

ഓരോ കുഞ്ഞും സ്നേഹിക്കാൻ പഠിക്കുന്നത് സ്വന്തം മാതാപിതാക്കൾ തമ്മിലുള്ള സ്നേഹബന്ധം കണ്ടിട്ടാണ്. ബഹുമാനവും ക്ഷമയുമൊക്കെ മക്കൾ പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. മാതാപിതാക്കൾ പരസ്പരം പുലർത്തുന്ന സ്നേഹത്തിലൂടെയും, തങ്ങൾ സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിലൂടെയുമാണ് സ്നേഹം എന്താണെന്ന് കുഞ്ഞുങ്ങൾ പഠിക്കുന്നത്. അവർ ചെറുപ്പത്തിൽ കണ്ട് ശീലിക്കുന്നതെന്താണോ അതായിരിക്കും വലുതാകുമ്പോഴും അവർ ജീവിക്കുന്നത്.

മാതാപിതാക്കൾ പരസ്‌പരം സ്‌നേഹിക്കുന്നുണ്ടെന്ന് കുട്ടികൾ എങ്ങനെ മനസിലാക്കും?

മാതാപിതാക്കൾ പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള സംസാരം, പരസ്‌പരം സമ്മാനങ്ങൾ കൈമാറുന്നത്, ക്ഷമ ചോദിക്കുന്നത്,  ആർദ്രതയോടെയുള്ള ഇടപെടലുകൾ, പരസ്പരമുള്ള പുഞ്ചിരി ഇവയൊക്കെയും മാതാപിതാക്കൾ പരസ്‌പരം സ്നേഹിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ്. മാതാപിതാക്കൾ പരസ്‌പരം ആർദ്രമായി പെരുമാറുന്നതു കണ്ട് ശീലിക്കുന്ന കുഞ്ഞുങ്ങളും മറ്റുള്ളവരോട് സ്നേഹത്തോടെ ഇടപെടുന്നവരും മറ്റുള്ളവരെ സഹായിക്കാൻ മുമ്പോട്ടു വരുന്നവരുമായിരിക്കും.

മാതാപിതാക്കളുടെ പരസ്പരമുള്ള ലളിതവും വിവേകപൂർവ്വവുമായ പെരുമാറ്റത്തിലൂടെ സ്നേഹം, ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകർന്നുകൊടുക്കുവാൻ പറ്റുന്ന സമ്മാനമാണെന്ന് കുട്ടികൾ മനസിലാക്കുന്നു. അങ്ങനെ സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും മഹത്വം കുട്ടികൾ തിരിച്ചറിയുവാൻ പ്രാപ്തരാകുന്നു.

തെറ്റായ ജീവിതരീതികൾ കുഞ്ഞുങ്ങളുടെ ജീവിതത്തെ ബാധിക്കും 

പരസ്‌പരം മനസിലാക്കാതെ ജീവിക്കുന്ന മാതാപിതാക്കൾ, അവരറിയാതെ തന്നെ മക്കളിലേയ്ക്കും സ്നേഹരാഹിത്യത്തിന്റെ പാതകൾ തുറന്നിടുന്നു. കുഞ്ഞുങ്ങളുടെ മനസ്സിൽ സ്നേഹമില്ലായ്മയുടെയും മനസിലാക്കപ്പെടാത്ത അവസ്ഥകളുടെയും അനുഭവങ്ങൾ ചെറുപ്പത്തിലേ കടന്നുവരും. അത് പിന്നീട് പച്ചയായ അവരുടെ ജീവിതസാഹചര്യങ്ങളിലേയ്ക്കും വ്യാപിക്കും. കുഞ്ഞുങ്ങളിലെ പല സ്വഭാവവൈകല്യങ്ങൾക്കും പ്രധാന കാരണം മാതാപിതാക്കൾ തമ്മിലുള്ള അകൽച്ചയാകാം. കുടുംബത്തിൽ നിന്നും ശാരീരികമായ വളർച്ച മാത്രമല്ല മക്കളിൽ നടക്കുന്നത് മാനസികമായ വളർച്ചയും കൂടിയാണ് എന്ന ഓർമ്മ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കട്ടെ.