ഒന്നിച്ചുള്ള പ്രാര്‍ത്ഥന കൂടുതല്‍ ഫലപ്രദമാകുന്നതിന് കാരണം

തന്റെ മക്കള്‍ ഏകസ്വരത്തോടെ ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ദൈവത്തിന് കൂടുതല്‍ ഇഷ്ടം. വി. സിപ്രിയാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. “ഐക്യത്തെക്കുറിച്ച് പഠിപ്പിച്ച ദൈവം ആഗ്രഹിക്കുന്നത് എല്ലാവരും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ്. ദൈവം ഒന്നായിരിക്കുന്നതുപോലെ മക്കളായ നാമും പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.”

ഈശോ തന്നെയും ഇക്കാര്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സുവിശേഷത്തില്‍ പലയിടങ്ങളിലും സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗത്തില്‍ ഉത്തരം ലഭിക്കുന്നതായി കാണാം. ഈശോയുടെ സ്വര്‍ഗ്ഗാരോപണത്തിനു ശേഷം അപ്പസ്‌തോലന്മാരും പരിശുദ്ധ മറിയവും ഒന്നുചേര്‍ന്ന് ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുന്നതായി കാണാം. അതുവഴി അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും അഭിഷേകവും ലഭിക്കുന്നു. പിന്നീടും പല അവസരങ്ങളിലും അപ്പസ്‌തോലന്മാര്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്നിടത്ത് ഉടനടി അത്ഭുതങ്ങള്‍ സംഭവിക്കുന്നതായി സുവിശേഷം വിവരിക്കുന്നുണ്ട്.

പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടണമെന്നതിന് ദൈവം നല്‍കുന്ന സൂചനകളാണ് ഈ സംഭവങ്ങളും അത്ഭുതങ്ങളും. ഒരേ മനസോടെ, ഒരേ നിയോഗത്തോടെ പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടാല്‍ നമ്മുടെ ജീവിതങ്ങളിലും അത്ഭുതങ്ങള്‍ ദര്‍ശിക്കാനാവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.