എന്തുകൊണ്ട് നന്മപ്രവർത്തികൾ രഹസ്യമായിരിക്കണം

മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുക, അവരുടെ ആവശ്യനേരത്ത് അവർക്കൊപ്പം ആയിരിക്കുക. അത് വളരെ നല്ല കാര്യമാണ്. ആവശ്യക്കാരന്റെ വേദനയിൽ നാം ഓടിയെത്തുമ്പോൾ അവർക്കൊപ്പം ആയിരിക്കുമ്പോൾ ദൈവം നമ്മുടെ ഒപ്പം ഉണ്ടായിരിക്കും. എന്നാൽ മറ്റുള്ളവരെ നാം സഹായിക്കുമ്പോൾ ദൈവം നമ്മോട് ഒപ്പം ഉണ്ടാകണമെങ്കിൽ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം.

എന്താന്നല്ലേ, പറയാം. മറ്റുള്ളവരെ സഹായിക്കുന്നത് നല്ലത് തന്നെ. എന്നാൽ അത് ഒരിക്കലും പ്രശസ്തിക്കോ പൊതു അംഗീകാരത്തിന് വേണ്ടിയോ ആകരുത്. അങ്ങനെ ചെയ്‌താൽ ദൈവത്തിനു മുൻപിൽ നീ ചെയ്യുന്ന പ്രവർത്തിക്ക് മഹത്വം ഉണ്ടാവുകയില്ല. തിരിച്ചു കിട്ടും എന്ന് പ്രതീക്ഷയില്ലാത്തവർക്ക്‌ രഹസ്യമായി ചെയ്യുന്ന സഹായങ്ങൾ അത് എത്ര ചെറുതാണെങ്കിലും ദൈവത്തിനു മുന്നിൽ മഹത്തരമായിരിക്കും.

സ്നേഹത്തെയും പ്രകാശത്തെയും കുറിച്ച് വിശുദ്ധ കുരിശിന്റെ ജോൺ ഇപ്രകാരം പറയുന്നു: “ചെറുതാണെങ്കിലും ആരാലും അറിയപ്പെടാതെ കഷ്ടപ്പെടുന്ന ഒരുവന് നിങ്ങൾ നൽകുന്ന സഹായത്തിൽ ദൈവം കൂടുതൽ പ്രസാദിക്കുന്നു.”

ശുദ്ധമായ സ്നേഹത്തോടെ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ മറ്റുള്ളവർ തങ്ങളുടെ പ്രവൃത്തികൾ കാണുന്നുണ്ടോ എന്നതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. തന്നെയുമല്ല അത്തരം പ്രവർത്തികൾ തങ്ങളുടെ നന്മയ്ക്കു കാരണമാകുമെന്ന് അവർ ചിന്തിക്കാറുമില്ല. ദൈവത്തിൽ നിന്നുള്ള പ്രതിഫലത്തിന് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. തങ്ങൾ ചെയ്ത പ്രവർത്തിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിൽ പോലും അവർ തങ്ങളുടെ സേവനം തുടരുന്നു. ഇത്തരം മനസ്ഥിതിയോടെ ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു പോസിറ്റിവ് എനർജി ഉണ്ടാകുന്നു. ഒപ്പം ചെയ്യുന്ന പ്രവർത്തികളിൽ മടുപ്പ് കൂടാതെ മുന്നോട്ട് പോകുവാനും ഇവർക്ക് കഴിയും.

വിശുദ്ധ ഗ്രന്ഥവും ഇതു തന്നെയാണ് പഠിപ്പിക്കുന്നത്. നിന്റെ വലതുകരം കൊടുക്കുന്നത് ഇടതു കരം അറിയാതിരിക്കട്ടെ. അത്രക്ക് രഹസ്യമായിരിക്കണം നാം ചെയ്യുന്ന ഓരോ കാര്യങ്ങളും. എല്ലാറ്റിനുമുപരിയായി, മറ്റുള്ളവരുടെ പ്രശംസ തേടരുത്. നാം ചെയ്യുന്ന കാര്യങ്ങൾ ദൈവത്തിനു പ്രീതികരമാണോ എന്ന് മാത്രം നോക്കുക. ദൈവത്തിനു ഇഷ്ടമുള്ള കാര്യം ചെയ്യാൻ മടിക്കുകയുമരുത്. അത്ര തന്നെ.