ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷിക്കാൻ സാധിക്കുന്നില്ലേ?

ജീവിതത്തിൽ നേടിയ ഒന്നിലും സന്തോഷം അനുഭവിക്കുവാൻ കഴിയുന്നില്ല. എല്ലാ കാര്യത്തിലും ഒരു നിരാശാ ഭാവം. ഒന്നിലും സന്തോഷം അനുഭവിക്കുവാൻ സാധിക്കുന്നില്ലാത്ത അവസ്ഥ. ചിലരെ സംബന്ധിച്ച് ഇത്തരം മനോഭാവം വളരെ കൂടുതലാണ്. പതിയെ വളരെ നിരാശയിലേക്ക് നയിക്കാവുന്ന മനോഭാവമാണിത്. അതിനാൽ തുടക്കത്തിലേ തന്നെ അവയെ തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

മനഃശാസ്ത്ര പഠനങ്ങൾ അനുസരിച്ച് ജീവിതത്തിൽ എത്തി ചേരുവാൻ ഒരു ലക്‌ഷ്യം ആവശ്യമാണ്. അത് കഴിഞ്ഞാൽ പിന്നെ എല്ലാത്തിനോടും ഒരു അസംതൃപ്തിയാണ്. എപ്പോഴും വെല്ലുവിളി നിറഞ്ഞ ഒരു ജീവിതം ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. അല്ലെങ്കിൽ ജീവിതം രസകരമല്ല. എന്നാൽ നമ്മുടെ പക്കലുള്ള അനുഗ്രഹങ്ങളെ നാം മറക്കുന്നു. അതിൽ സന്തോഷിക്കുന്നുമില്ല. പക്ഷെ ഭാവനയിൽ കാണുന്ന കാര്യങ്ങളുടെ പിന്നാലെ സ്വപ്നത്തിലെന്നപോലെ നാം സഞ്ചരിക്കുന്നു. ഈ ഒരു കാരണത്താൽ തന്നെ യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ സാധിക്കാതെ പോകുന്നു.

ഇന്നത്തെ ആധുനിക കാലഘട്ടം പുതിയ പല കാര്യങ്ങളും നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു. അതെല്ലാം നേടിയെടുക്കാനുള്ള താത്പര്യം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഈ ആഗ്രഹം നമ്മെ നിരാശയിലേക്ക് തള്ളി വിടുന്നതാകരുത്. നമ്മുടെ ജീവിതത്തിലെ നന്മകളെ വിലമതിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ആഘോഷങ്ങൾ

നമ്മുടെ പക്കൽ ഇല്ലാത്തവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ജീവിതത്തിൽ സംതൃപ്‌തി അനുഭവിക്കുവാൻ സാധിക്കാതെ വരുന്നു. നമ്മുടെ പക്കലുള്ളവയെക്കുറിച്ച് ചിന്തിക്കുവിൻ. കുടുംബം, ജോലി, മക്കൾ, ഇവയെല്ലാം ദാനമായി നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ ആണ്. അതിനാൽ ജീവിതത്തിൽ ആഘോഷിക്കാനുള്ള അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. ജന്മദിനം, വിവാഹ വാർഷികം, ഇങ്ങനെ എത്രയെത്ര അവസരങ്ങൾ. ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിന്റെ സൗഭാഗ്യങ്ങളെ ഓർക്കുവാനും വിലമതിക്കുവാനുമുള്ള നിമിഷങ്ങളാണ്.
 
2. പരസ്യങ്ങളെ അമിതമായി ആശ്രയിക്കാതിരിക്കുക

നമുക്കില്ലാത്തവയിൽ അമിതമായ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പരസ്യങ്ങൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അതിനാൽ അമിതമായി പരസ്യങ്ങളെ ആശ്രയിക്കുകയോ അവയിൽ കൂടുതൽ താത്പര്യം വയ്ക്കുകയോ അരുത്. കാറുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ അമിതമായി ആഗ്രഹിക്കാറുണ്ടോ? അമിതമായി ചില കാര്യങ്ങളോടുള്ള ആഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലുള്ള ഒന്നിലും സംതൃപ്തി നൽകുകയില്ല.

3. കുറച്ച് പരാതിപ്പെടുക; കൂടുതൽ മൂല്യം കൊടുക്കുക

നമ്മുടെ സംസാര രീതികൾ പരിശോധിച്ചാൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാകും. മറ്റുള്ളവർക്ക് നന്ദി പറയുന്നതും അഭിനന്ദിക്കുന്നതുമായ ഒരു സംസാര രീതിയാണോ നാം പുലർത്തുന്നത്. അല്ലെങ്കിൽ കൂടുതൽ പരാതിപ്പെടുന്ന ഒരു രീതിയാണോ നമുക്കുള്ളതെന്ന് പരിശോധിച്ചാൽ നാം ഏതു തരത്തിലുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ സാധിക്കും.

കുടുംബത്തിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. അത് കേൾക്കുന്നവർക്കും കൂടുതൽ പോസിറ്റിവ് എനർജി ലഭിക്കും.

4. എപ്പോഴും പൂർണത ആഗ്രഹിക്കരുത്

എല്ലാ കാര്യവും പൂർണമായി ശരിയാകണം, തെറ്റൊന്നും പറ്റരുത് എന്ന് ആഗ്രഹിക്കുന്നവരാകരുത്. കുറവുകൾ ഉണ്ടായാൽ അവയെ സ്നേഹിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നവരാകാം. പരസ്യങ്ങളും പുറമെ കാണുന്ന കാര്യങ്ങളുമെല്ലാം എല്ലായ്‌പ്പോഴും പൂർണത വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരിക്കലും നൽകുന്ന ഫലം അങ്ങനെ ആയിരിക്കുകയില്ല. അവ കൃത്രിമമായി സൃഷ്ടിച്ചതാണ്. അവയെ ആശ്രയിച്ച് മുന്നോട്ട് പോയാൽ അസംതൃപ്തി ആയിരിക്കും ഫലം. യാഥാർഥ്യ ബോധത്തോടെ ജീവിക്കുവാൻ പരിശ്രമിക്കുക.