വിരസത നന്മയ്ക്ക് കാരണമാകുന്ന അവസരങ്ങള്‍

ബോറടി അഥവാ വിരസത ഇല്ലാതാക്കാനാണ് എല്ലാവരും പരിശ്രമിക്കുക. എന്നാല്‍ സന്തോഷകരമായ ജീവിതത്തിന് ഇത്തരം ചില വിരസതകള്‍ സഹായിച്ചാലോ? അതെങ്ങനെ, എപ്പോഴൊക്കെ എന്നു നോക്കാം…

കുറച്ചു സമയം ബോറടിക്കാന്‍ സ്വയം അവസരമൊരുക്കണം. മറ്റെല്ലാം ഒഴിവാക്കി, ഏതാനും സമയം ആകാശത്തേയ്ക്ക് നോക്കിയിരുന്നോ, ഒരു കപ്പ് കാപ്പി ആസ്വദിച്ച് കുടിച്ചുകൊണ്ടോ, ചുറ്റിലുമുള്ള ആളുകളെ നിരീക്ഷിച്ചുകൊണ്ടോ, ചുറ്റിലും ഉയരുന്ന നേര്‍ത്തതും കടുത്തതുമായ ശബ്ദങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടോ വെറുതെ അങ്ങനെയിരിക്കണം. അത്തരം അവസരങ്ങളിലേ ഏറ്റവും നിസാരമെന്ന് നാം തള്ളിക്കളഞ്ഞിരുന്ന കാര്യങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ പോവുകയുള്ളൂ. അത്തരം അവസരങ്ങളിലാണ് നമ്മുടെ ആത്മാവിന്റെ അല്ലെങ്കില്‍ മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാനും നമുക്കു കഴിയുകയുള്ളൂ. ജീവിതത്തില്‍ നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ എടുക്കാനും ചില തിരുത്തലുകള്‍ വരുത്താനുമൊക്കെ അത്തരം അവസരങ്ങള്‍ സഹായിക്കും.

ജീവിതം എല്ലാ അര്‍ത്ഥത്തിലും ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ സൂചനയുമാകാറുണ്ട് ചിലപ്പോഴെല്ലാം വിരസത. അങ്ങനെ വരുമ്പോള്‍ നമ്മുടെ ആത്മീയജീവിതം നവീകരിക്കാന്‍ സമയമായി എന്നും അതില്‍ നിന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ വിരസത, താല്‍ക്കാലിക അസ്വസ്ഥതകള്‍ക്ക് കാരണമാകുമെങ്കിലും സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നതു മുതല്‍ നമ്മുടെ ഏകാഗ്രതയെ പരിശീലിപ്പിക്കാന്‍ വരെ അത് സഹായകമാണ്.

വിരസതയോടെ ഇരിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരോത്സാഹം നേടാനും സ്വയം പരിശീലിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ്. ബാഹ്യപ്രേരണകള്‍ ഇല്ലാത്തപ്പോള്‍ നമ്മുടെ മനസ്സില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാന്‍ ഇത് നമ്മെ പഠിപ്പിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മുടെ മനസ്സിന് ഒരു വ്യായാമത്തിനും ആത്മാവിന് ഒരു വിചിന്തനത്തിനുമുള്ള അവസരമാണ് വിരസതയിലൂടെ ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.